ഗുവാഹാട്ടി: അസമിൽ തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലെത്തുമ്പോൾ, തുടക്കത്തിൽ ബി.ജെ.പി.ക്ക് മേൽക്കൈയുണ്ടായിരുന്ന രാഷ്ട്രീയസ്ഥിതിയിൽനിന്ന് വലിയ മാറ്റം പ്രകടമാണ്. ഏപ്രിൽ ഒൻപതിന് കേരളത്തിനൊപ്പം അസം വിധിയെഴുതുമ്പോൾ രാഷ്ട്രീയ അടിയൊഴുക്കുകൾ എങ്ങനെ പ്രതിഫലിക്കുമെന്നാണ് അറിയാനുള്ളത്. ഭരണത്തിന് നേതൃത്വംനൽകുന്ന ബി.ജെ.പി.യും മുഖ്യ പ്രതിപക്ഷമായ കോൺഗ്രസും സകലതന്ത്രങ്ങളും പുറത്തെടുത്തുള്ള പ്രചാരണമാണ് സംസ്ഥാനത്ത് കാണുന്നത്. To advertise here, പ്രചാരണം അവസാനിക്കാറാകുമ്പോൾ പ്രതീക്ഷയിലാണ് കോൺഗ്രസ് ക്യാമ്പ്. മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയും പി.സി.സി. അധ്യക്ഷൻ ഗൗരവ് ഗൊഗോയിയും തമ്മിലുള്ള നേർക്കുനേർ ഏറ്റുമുട്ടലിന്റെ സ്വഭാവത്തിലേക്കും തിരഞ്ഞെടുപ്പ് മാറിയിട്ടുണ്ട്. പഴയ ബി.ജെ.പി.യും ഹിമന്ത നേതൃത്വം നൽകുന്ന ബി.ജെ.പി.യും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടിയുള്ള കോൺഗ്രസ് പ്രചാരണവും ബി.ജെ.പി.യുടെ പരമ്പരാഗത വോട്ട് അടിത്തറയിൽ ചെറിയ തോതിലെങ്കിലും വിള്ളലുണ്ടാക്കാം. 19 സിറ്റിങ് എം.എൽ.എ.മാർക്ക് സീറ്റ് നിഷേധിച്ച്, തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കോൺഗ്രസ് വിട്ട് വന്നവർക്ക് ബി.ജെ.പി. സീറ്റ് നൽകിയിരുന്നു. പലയിടത്തും റിബൽ ശല്യത്തിനും മുതിർന്ന നേതാക്കളുടെ നിസ്സഹകരണത്തിനും ഇത് കാരണമായി. ദീർഘകാലമായി പട്ടികവർഗപദവി ആവശ്യപ്പെടുന്ന പ്രബലരായ അഹോം വിഭാഗം ഉൾപ്പെടെ ആറുസമുദായങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കാത്തത് ഇത്തവണ ബി.ജെ.പി.ക്ക് വിനയാവുമെന്ന് വിലയിരുത്തപ്പെടുന്നു. വേതനവർധനയും പട്ടയവിതരണവും നടപ്പാക്കിയതിനാൽ നാല്പതോളം മണ്ഡലങ്ങളിൽ നിർണായകമായ തേയിലത്തോട്ടം തൊഴിലാളികൾ തങ്ങൾക്കനുകൂലമായി നിൽക്കുമെന്നാണ് ബി.ജെ.പി. പ്രതീക്ഷിക്കുന്നത്. അപ്പർ അസം മേഖലയിലും ബി.ജെ.പി.ക്ക് കാര്യങ്ങൾ അത്ര പന്തിയല്ലെന്നാണ് നിഗമനം. 45 സീറ്റുകളുള്ള മേഖലയിൽ ഗോത്രവർഗസമൂഹത്തിന്റെ വോട്ട് നിർണായകമാണ്.ബംഗാളി സംസാരിക്കുന്ന മുസ്‌ലിംസമുദായത്തിന് (മിയ) നിർണായകസ്വാധീനമുള്ള ലോവർ അസമിലും മധ്യ അസമിലെ നൗഗാവോൺപോലുള്ള ജില്ലകളിലും ധ്രുവീകരണരാഷ്ട്രീയം പയറ്റുകയാണ് ബി.ജെ.പി.യും മുഖ്യമന്ത്രി ഹിമന്തയും. 2021-ൽ കോൺഗ്രസിന്റെ സഖ്യകക്ഷിയായിരുന്ന ബദറുദ്ദീൻ അജ്മലിന്റെ എ.ഐ.യു.ഡി.എഫ്. ഇക്കുറി ഒറ്റയ്ക്കാണ്. 30 സീറ്റുകളിൽ മത്സരിക്കുന്ന എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീൻ ഒവൈസി എ.ഐ.യു.ഡി.എഫിനുവേണ്ടി വ്യാപകപ്രചാരണം നടത്തിയിരുന്നു. എ.ഐ.യു.ഡി.എഫ്. ഒറ്റയ്ക്കുമത്സരിക്കുന്നത് ന്യൂനപക്ഷ വോട്ട് വിഭജിക്കപ്പെടാൻ കാരണമാകുമെന്ന് ബി.ജെ.പി. പ്രതീക്ഷിക്കുന്നുണ്ട്. 26 സീറ്റിലാണ് ബി.ജെ.പി. സഖ്യകക്ഷിയായ അസം ഗണ പരിഷത്ത് മത്സരിക്കുന്നത്. ലോവർ അസമിൽ എ.ജി.പി. നിർത്തിയിരിക്കുന്ന 13 സ്ഥാനാർഥികൾ ന്യൂനപക്ഷവിഭാഗത്തിൽനിന്നാണ്. വിശാലമായ ഒരു സഖ്യത്തിനാണ് കോൺഗ്രസ് ഇക്കുറി രൂപംനൽകിയത്. കോൺഗ്രസിനുപുറമേ അസം ജാതീയ പരിഷദ് (എ.ജെ.പി.), രായ്‌ജോർ ദൾ, സി.പി.എം., സി.പി.ഐ. (എം.എൽ.) ലിബറേഷൻ, എ.പി.എച്ച്.എൽ.സി. (ഓൾ പാർട്ടി ഹിൽ ലീഡേഴ്‌സ് കോൺഫറൻസ് എന്നീ ആറ് പാർട്ടികളടങ്ങിയ സഖ്യം പ്രതിപക്ഷത്തിന് ശക്തിപകരുന്നു. രണ്ട് സീറ്റുകളിലാണ് സി.പി.എം. മത്സരിക്കുന്നത്. എ.ജി.പി.ക്കുപുറമേ ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബി.പി.എഫ്.) ആണ് ബി.ജെ.പി. സഖ്യത്തിലുള്ളത്. Content Highlights: Shifting political landscape in Assam ahead of the 2026 elections., Impact of rebel candidates and seat distribution within the BJP., The role of tribal communities and tea garden workers in key constituencies., Analysis of polarization tactics in Lower and Middle Assam Published: 06 Apr 2026, 08:48 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അടിയൊഴുക്കുകളിൽ അസം; സകലതന്ത്രങ്ങളും പുറത്തെടുത്ത് ബിജെപിയും കോൺഗ്രസും
M
MathrubhumiSource Link
about 1 month ago