വി. ഹരിഗോവിന്ദന്‍ Last Updated: 02 April 2026, 11:23 AM IST ലോക്സഭ, തദ്ദേശ തിരഞ്ഞെടുപ്പുകളുടെ കണക്കുകളാണ് മണ്ഡലങ്ങളിൽ മുന്നണികളുടെ ആശ്വാസവും ചങ്കിടിപ്പുമാവുന്നത്. പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പുകാലത്ത് ചക്രവാളത്തിൽ രൂപംകൊണ്ട ആരോപണങ്ങളുടെ മേഘമാലകൾ ഇപ്പോഴും ഒഴിഞ്ഞിട്ടില്ല. ഡീൽ വിവാദമായാണ് ഈ തിരഞ്ഞെടുപ്പുകാലത്ത് ആത് പുനർജനിച്ചത്. പാലക്കാട്ടും മലമ്പുഴയിലും ചുറ്റിക്കറങ്ങിയ ഡീൽ ചക്രവാതം സംസ്ഥാനത്താകെ ന്യൂനമർദം സൃഷ്ടിച്ചിട്ടുണ്ട്. മുന്നണികൾ പലവിധ ആയുധങ്ങൾ രാകിമിനുക്കി പരസ്പരം പോരടിക്കുന്നുണ്ടെങ്കിലും പാലക്കാട്ടെ സാധാരണക്കാരുടെ മുഖത്ത് നിസ്സംഗതയാണ് കാണുന്നത്. To advertise here, പന്ത്രണ്ട് നിയമസഭാ മണ്ഡലങ്ങളുള്ള ജില്ലയിൽ നിലവിൽ പത്തിടത്ത് എൽ.ഡി.എഫ്. പ്രതിനിധികളാണ്. പാലക്കാടും മണ്ണാർക്കാടും യു.ഡി.എഫ്. എം.എൽ.എ.മാരുമാണ്.എൽ.ഡി.എഫിൽ പട്ടാമ്പിയിൽ സി.പി.െഎ., ചിറ്റൂരിൽ ജനതാദൾ എന്നീ സീറ്റുകളൊഴിച്ചാൽ എട്ടിടത്തും സി.പി.എം.കാരാണ്. ലോക്സഭാ മണ്ഡലങ്ങളിൽ ഒന്നുവീതം കോൺഗ്രസും സി.പി.എമ്മും പ്രതിനിധാനംചെയ്യുന്നു. പാലക്കാട്ടെ ഫലം കൃത്യമായി നിർണയിക്കുക പാർട്ടികൾക്കുള്ളിലെ അടിയൊഴുക്കുകളാവും. ഭാരതപ്പുഴയുടെയും കൈവഴികളുടെയും തീരത്താണ് ജില്ലയിലെ എല്ലാ മണ്ഡലങ്ങളും. പുഴ അഴിമുഖത്തേക്ക് കുതിക്കാനൊരുങ്ങുന്ന തൃത്താലയിലാവട്ടെ ഡിബേറ്റ് വാറാണ് കൊടുമ്പിരിക്കൊള്ളുന്നത്. നിലവിലെ എം.എൽ.എ. എം.ബി. രാജേഷും മുൻ എം.എൽ.എ. വി.ടി. ബൽറാമുമാണ് വികസനത്തെച്ചൊല്ലിയുള്ള വാക്പയറ്റിൽ സാമൂഹികമാധ്യമങ്ങളിലൂടെയും പ്രചാരണത്തിലും കൊമ്പുകോർക്കുന്നത്. ഒരുപക്ഷേ, പാലക്കാട്ടെക്കാൾ കടുത്ത രാഷ്ട്രീയമത്സരം തൃത്താലയിലാണ്. തമിഴ്‌നാടിനോട് ചേർന്നുകിടക്കുന്ന ചിറ്റൂരിൽ കുടിവെള്ളവും കൃഷിക്കുള്ള വെള്ളവും തന്നെയാണ് അടിസ്ഥാനപ്രശ്‌നമായി തുടരുന്നത്. ചിറ്റൂർ രാഷ്ട്രീയം നിയന്ത്രിച്ചിരുന്ന രണ്ട് ഏട്ടൻമാരും - കെ. അച്യുതനും കെ. കൃഷ്ണൻകുട്ടിയും നേരിട്ട് അങ്കത്തട്ടിലില്ലാത്ത മത്സരമാണ് പതിറ്റാണ്ടുകൾക്കുശേഷം ചിറ്റൂരിൽ. നെന്മാറ പുറമേക്ക് നിശ്ശബ്ദമാണെങ്കിലും ഇവിടെ വിധിനിർണയിക്കുന്നതിൽ മുന്നണികളിലെ അതൃപ്തർക്ക് പ്രധാനറോളുണ്ടാവും. ആലത്തൂർ, തരൂർ, ഷൊർണൂർ മണ്ഡലങ്ങളിൽ കൃത്യമായ രാഷ്ട്രീയനിലപാടുകളാവും വിധിനിർണയിക്കുക. ഇവയുൾപ്പെടെയുള്ള മണ്ഡലങ്ങളിലെ കരുത്തുറ്റ സംഘടനാ സംവിധാനമാവും എൽ.ഡി.എഫിന് ആത്മവിശ്വാസം നൽകുന്നത്. സിറ്റിങ് എം.എൽ.എ. മുഹമ്മദ് മുഹസിനും നഗരസഭാ ചെയർമാൻ ടി.പി. ഷാജിലും ഏറ്റുമുട്ടുന്ന പട്ടാമ്പിയിൽ ബി.ജെ.പി.യുടെ അഡ്വ. പി. മനോജ് സമാഹരിക്കുന്ന വോട്ടുകൾ നിർണായകമാവും. ഒറ്റപ്പാലത്ത് സിറ്റിങ് എം.എൽ.എ. കെ. പ്രേംകുമാറിനെ എതിരിടുന്നത് പ്രേമന്റെ പാർട്ടിയിലെ പഴയ സീനിയറായ പി.കെ. ശശിയാണ്. എൻ.ഡി.എ.യുടെ മേജർ രവിയും മത്സരിക്കുന്ന ഇവിടെ ശശി ഫാക്ടർ എന്നൊന്നില്ല എന്ന് തെളിയിക്കേണ്ടത് സി.പി.എമ്മിന്റെ അഭിമാനപ്രശ്‌നമാണ്. ഇവിടെ അട്ടിമറിയിൽക്കുറഞ്ഞ ഒന്നും യു.ഡി.എഫും സ്വപ്നംകാണുന്നില്ല. മൂന്നുമുന്നണിയിലും വനിതാസ്ഥാനാർഥികൾ മത്സരിക്കുന്ന കോങ്ങാട്ടെ മത്സരഫലം എന്താവുമെന്ന ജിജ്ഞാസ എല്ലായിടത്തുമുണ്ട്. മണ്ണാർക്കാട്ടാവട്ടെ മുസ്ലിം ലീഗിലെ എൻ. ഷംസുദ്ദീൻ നാലാമതും കളത്തിലിറങ്ങുമ്പോൾ രാഷ്ട്രീയത്തിനപ്പുറത്തുള്ള വോട്ടുകൾകൂടി ലക്ഷ്യമിട്ടാണ് എൽ.ഡി.എഫ്. മൻസിൽ അബൂബക്കറിനെ അവതരിപ്പിച്ചത്. ബി.ഡി.ജെ.എസിലെ െഎസക് വർഗീസാണ് എൻ.ഡി.എ. സ്ഥാനാർഥി. സി.പി.എമ്മിനെസംബന്ധിച്ച് കാലങ്ങളായി ആത്മവിശ്വാസത്തിന്റെ മറുവാക്കാണ് മലമ്പുഴ. മുഖ്യമന്ത്രിമാരെയും പ്രതിപക്ഷ നേതാവിനെയുമൊക്കെ വിജയിപ്പിച്ച മണ്ഡലം. മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സഹായിയായിരുന്ന എ. സുരേഷ് യു.ഡി.എഫ്. സ്ഥാനാർഥിയായിവന്നത് മണ്ഡലത്തെ പൊതുശ്രദ്ധയിലെത്തിക്കുന്നു. പാലക്കാടും മലമ്പുഴയും ബി.ജെ.പി. രണ്ടാംസ്ഥാനത്തുള്ള നിയമസഭാ മണ്ഡലങ്ങളാണ്. ലോക്സഭ, തദ്ദേശ തിരഞ്ഞെടുപ്പുകളുടെ കണക്കുകളാണ് മണ്ഡലങ്ങളിൽ മുന്നണികളുടെ ആശ്വാസവും ചങ്കിടിപ്പുമാവുന്നത്. Content Highlights: Overview of the political climate in Palakkad during the 2026 by-election., Analysis of LDF, UDF, and NDA strategies across major constituencies., Impact of internal party dynamics and candidate selection on election outcomes., Critical assessment of key battlegrounds including Thrithala, Chittur, and Malampuzha. Published: 02 Apr 2026, 11:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അടിയൊഴുക്കുകൾ തിരിച്ചടിയാവുമോ, ആത്മവിശ്വാസത്തിൽ മുന്നണികൾ; പാലക്കാട്ടെ ‘ഉഷ്ണക്കാറ്റ്’
M
MathrubhumiSource Link
about 1 month ago