അടിസ്ഥാനസൗകര്യങ്ങളില്ല; ട്രെക്കിങ് കേന്ദ്രങ്ങൾ പലതും അപകടക്കെണി

അടിസ്ഥാനസൗകര്യങ്ങളില്ല; ട്രെക്കിങ് കേന്ദ്രങ്ങൾ പലതും അപകടക്കെണി

M
MathrubhumiSource Link
ബെംഗളൂരു : സാഹസിക മലകയറ്റപ്രേമികളുടെ പറുദീസയാണ് എന്നും കർണാടക. മുല്ലയനഗിരി, കുദ്രേമുഖ്, നന്ദിഹിൽസ്, കുടകിലെ തടിയൻഡമോൾ, ബ്രഹ്മഗിരി അങ്ങനെ ഒട്ടേറെ മലനിരകൾ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളാണ്. എന്നാൽ, ഒട്ടേറെപ്പേരെത്തുന്ന കേന്ദ്രങ്ങളിൽ അടിസ്ഥാനസൗകര്യങ്ങളില്ലാത്തത് പലതും അപകടക്കെണിയാകുകയാണ്. മലയാളി ടെക്കി യുവതി ശരണ്യ കുടകിലെ തടിയൻഡമോൾ മലമ്പ്രദേശത്ത് കുടുങ്ങിയതോടെ ട്രെക്കിങ് പാതകളിലെ സുരക്ഷസംബന്ധിച്ച് സഞ്ചാരികളിൽ ആശങ്ക ഉയർന്നിരിക്കുകയാണ്. കർണാടകയിലെ ട്രെക്കിങ് മേഖലകളിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ നൽകി യാത്രാനുഭവം ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്. To advertise here, സന്ദർശകരിൽനിന്ന് ഫീസ് ഈടാക്കിയാണ് കർണാടകയിൽ വനം വകുപ്പും വന്യജീവിബോർഡും ട്രെക്കിങ്ങിന് അനുമതി നൽകുന്നത്. 2024 മുതലാണ് കർണാടക സർക്കാർ ട്രെക്കിങ്ങ് പാതകൾക്ക് പ്രവേശനഫീസ് ഏർപ്പെടുത്തിയത്. പാതകളെ ആശ്രയിച്ച് 350 രൂപമുതൽ 600 രൂപ വരെയാണ് ഫീസ്. പാതകളിലേക്കുള്ള യാത്രയിൽ സർക്കാർ ടൂർ ഗൈഡിനെ നിയമിക്കുന്നത് നിർബന്ധമാക്കുകയും രാവിലെ ആറുമുതൽ വൈകുന്നേരം ആറ്ുവരെ സമയം നിയന്ത്രിക്കുകയും ചെയ്തിരുന്നു. എന്നാൽ, പ്രവേശനഫീസ് ഈടാക്കിയിട്ടും സഞ്ചാരികൾക്കുള്ള സൗകര്യങ്ങൾ അപര്യാപ്തമാണെന്ന് ട്രെക്കിങ് സംഘാടകരും സഞ്ചാരികളും ചൂണ്ടിക്കാട്ടുന്നു. പാതകളിൽ ദിശാസൂചകങ്ങളോ പ്രദേശത്തെ ഭൂപടങ്ങളോയില്ല. കേരളത്തിൽ വനംസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ പാതകളിൽ ഇത്തരം സംവിധാനങ്ങൾ ഏർപ്പെടുത്തി പരിപാലിക്കുന്ന സ്ഥിരംസംവിധാനമുണ്ട്. ഈ രീതി കർണാടകയിലും അവലംബിക്കണമെന്നാണ്‌ ആവശ്യം. കുമാരപർവതം പോലുള്ള ദുർഘടമായ പാതകളിൽ ട്രെക്കിങ് സംഘാടകരുടെ സമ്മർദംമൂലം ഡെപ്യൂട്ടി കമ്മിഷണറുടെ നിർദേശപ്രകാരം ദിശാബോർഡുകൾ സ്ഥാപിച്ചിരുന്നു. ഇത് എല്ലാ കേന്ദ്രങ്ങളിലും സ്ഥാപിക്കണമെന്നാണ് ആവശ്യം. കൂടാതെ, മിക്ക കേന്ദ്രങ്ങളിലും ആവശ്യത്തിന് റസ്റ്റ് റൂം പോലുമില്ല. ശൗചാലയങ്ങളിൽ സുരക്ഷിതമായ വാതിലുകളോ ആവശ്യത്തിന് വെള്ളമോ ലഭ്യമാകാത്ത സ്ഥിതിയാണ്. ട്രെക്കിങ്ങിനെത്തുന്ന യുവതികൾ ഇതുമൂലം അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. ബേസ് ക്യാമ്പുകളിൽ മതിയായ ആരോഗ്യസംരക്ഷണ സൗകര്യങ്ങൾ ലഭ്യമാക്കാത്തതും സഞ്ചാരികളുടെ ദുരിതങ്ങളിലൊന്നാണ്. തടിയൻഡമോൾ മലനിരകളിലേക്ക് ട്രെക്കിങ് നിരോധനം : മലയാളി യുവതിയായ ശരണ്യയെ ട്രെക്കിങ്ങിനിടെ കാണാതായ സംഭവത്തെത്തുടർന്ന് കുടകിലെ തടിയൻഡമോൾ മലനിരകളിൽ വനംവകുപ്പ് താത്കാലിക പ്രവേശനനിരോധനം ഏർപ്പെടുത്തി. ഏപ്രിൽ 11 വരെ പാതകൾ അടച്ചിടാനാണ് തീരുമാനം. വനമേഖലയിലെ അപകടസാധ്യതകൾ കണക്കിലെടുത്തും സുരക്ഷാസംവിധാനങ്ങൾ പുനഃപരിശോധിക്കാനുമാണ് നടപടി. പാതകളിൽ കൃത്യമായ അടയാളങ്ങളും ദിശാബോർഡുകളും സ്ഥാപിക്കുമെന്ന് മടിക്കേരി ഫോറസ്റ്റ് കൺസർവേറ്റർ കെ. അഭിഷേക് അറിയിച്ചു. പരിശോധനകൾ നടത്തി സുരക്ഷാ പ്രോട്ടക്കോളുകളിൽ ആവശ്യമായ മാറ്റംവരുത്തും. ഒരു കാരണവശാലും ഒറ്റയ്ക്കുള്ള യാത്രകൾ അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ഏപ്രിൽ രണ്ടിനാണ് ട്രെക്കിങ്ങിനിടെ ശരണ്യ കാട്ടിനുള്ളിൽ അകപ്പെടുന്നത്. നാലുദിവസത്തെ തിരിച്ചലിനൊടുവിൽ ഞായറാഴ്ചയാണ് യുവതിയെ കണ്ടെത്തിയത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അടിസ്ഥാനസൗകര്യങ്ങളില്ല; ട്രെക്കിങ് കേന്ദ്രങ്ങൾ പലതും അപകടക്… | Boolokam