അടൂർ : കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ യാർഡ് നിർമാണം പൂർത്തിയാക്കാതെ സ്റ്റാൻഡിൽ ബസുകൾ കയറാനായി തുറന്നുനൽകി. അതുകാരണം ഡിപ്പോയ്ക്കുള്ളിൽ മുഴുവൻ പൊടിശല്യം രൂക്ഷമായി. സിമന്റുപൊടി, മെറ്റൽകഷ്ണങ്ങൾ, ചാക്കുകൾ എന്നിവ കോൺക്രീറ്റ് ചെയ്ത ഭാഗത്ത് കിടക്കുകയാണ്. ഇതിനു മുകളിലൂടെ ബസുകൾ പോകുമ്പോൾ വലിയ രീതിയിൽ പൊടിപറക്കുകയാണ്. ഇതുമൂലം യാത്രികർ വളരെയേറെ പ്രയാസത്തിലാണ്. To advertise here, യാർഡ് നിർമാണത്തിന്റെ ഭാഗമായി സ്റ്റാൻഡിലെ ചില ഭാഗങ്ങൾ കോൺക്രീറ്റുചെയ്തു. എന്നാൽ, ഇനിയും കോൺക്രീറ്റ് ചെയ്യാനുള്ള ഭാഗം ബാക്കിയാണ്. കൂടാതെ, നിർമാണത്തിന്റെ ഭാഗമായി നിർമിച്ച ഓടയുടെ പണികൾപോലും പൂർത്തിയായിട്ടില്ല. ഓട നിർമാണം ആരംഭിച്ചിട്ട് രണ്ട് മാസത്തിലേറെയായി. ഇതുവരെ ഓടയ്ക്ക് മേൽമൂടി സ്ഥാപിക്കാൻപോലും കഴിഞ്ഞില്ല. ഇപ്പോൾ ഓടയ്ക്കുള്ളിൽ മലിനജലം കെട്ടിനിൽക്കുന്ന സാഹചര്യമാണുള്ളത്. യാർഡിന്റെ കോൺക്രീറ്റ് ജോലികൾ ഉള്ളതിനാൽ മാർച്ച് ആദ്യവാരം മുതൽ ബസുകൾ ഒന്നുംതന്നെ സ്റ്റാൻഡിൽ പ്രവേശിച്ചിരുന്നില്ല. നിലവിൽ ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെ ദീർഘദൂര ബസുകൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന കവാടത്തിനുസമീപം നിർത്തി യാത്രക്കാരെ കയറ്റിയിറക്കിയശേഷം സർവീസ് തുടരുകയായിരുന്നു. ഇത്തരത്തിൽ ബസുകൾ നിർത്തിയിടുന്നതിനാൽ നഗരത്തിൽ പലപ്പോഴും വലിയ ഗതാഗതക്കുരുക്ക് ഉണ്ടാക്കി. ഇത് സംബന്ധിച്ച് പോലീസും കെ.എസ്.ആർ.ടി.സി. അധികൃതരും തമ്മിൽ പലപ്പോഴും വാക്കുതർക്കവും പതിവായിരുന്നു. മാർച്ച് അവസാനംവരെയാണ് യാർഡ് നിർമാണവുമായി ബന്ധപ്പെട്ട് ബസുകൾ സ്റ്റാൻഡിൽ കയറുന്നതിൽ നിയന്ത്രണം ഉണ്ടായിരുന്നത്. എന്നാൽ, പണികൾ പൂർത്തിയാക്കുന്നതിൽ കരാറുകാരൻ നിരന്തരം വീഴ്ചവരുത്തി. അതോടെ റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് പണി പൂർത്തിയാക്കിയില്ലെങ്കിലും യാർഡ് തുറന്നുനൽകാൻ തീരുമാനിച്ചതെന്നാണ് കെ.എസ്.ആർ.ടി.സി. അധികൃതർ പറയുന്നത്.

അടൂർ കെ.എസ്.ആർ.ടി.സി.ഡിപ്പോ യാർഡ് നിർമാണം പൂർത്തിയാകുംമുമ്പ് തുറന്നു
M
MathrubhumiSource Link
about 1 month ago