പാറശ്ശാല : അതിർത്തിപ്രദേശത്ത് രാത്രികാലത്ത് ആരാധനാലയങ്ങൾ കുത്തിത്തുറന്ന് മോഷണം പതിവാകുന്നു. To advertise here, കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ മൂന്ന് മോഷണങ്ങളാണ് പാറശ്ശാല പോലീസ് സ്റ്റേഷൻപരിധിയിൽ മാത്രം നടന്നത്. അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ സംബന്ധിക്കുന്ന യാതൊരു വിവരവും പോലീസിനു ലഭിച്ചിട്ടില്ല. ശനിയാഴ്ച രാത്രിയാണ് അവസാന മോഷണം നടന്നത്. കൊറ്റാമത്തിനു സമീപം പ്രത്യക്ഷരക്ഷാ ദൈവസഭയുടെ വാതിൽ തകർത്ത് അകത്തുകടന്ന പ്രതി കാണിക്കവഞ്ചികൾ എടുത്ത് പുറത്തുകൊണ്ടുവന്നാണ് മോഷണം നടത്തിയത്. സമീപത്തുണ്ടായിരുന്ന ഹോളോ ബ്രിക്‌സ് ഉപയോഗിച്ച് കാണിക്കവഞ്ചി തകർത്ത പ്രതി വഞ്ചിക്കുള്ളിലുണ്ടായിരുന്ന ഒരു രൂപ നാണയം ഒഴികെ ബാക്കിയുള്ള പണം കൈക്കലാക്കി. കാണിക്കവഞ്ചിയിലുണ്ടായിരുന്ന ഒരു രൂപ നാണയം അവിടെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. പാറശ്ശാല പോലീസ് സ്‌റ്റേഷൻ പരിധിയിൽ കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ നടക്കുന്ന മൂന്നാമത്തെ മോഷണമാണിത്. ചെറിയ ആരാധനാലയങ്ങളിൽ കടന്ന് കാണിക്കവഞ്ചികളാണ് മോഷ്‌ടിക്കപ്പെട്ടിട്ടുള്ളത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിൽ ധനുവച്ചപുരം പ്ടാരികുളങ്ങര ധർമശാസ്താക്ഷേത്രത്തിലും ധനുവച്ചപുരം വഴുതോട്ടുകോണം തിരുഹൃദയ ദേവാലയത്തിലുമാണ് മോഷണം നടന്നത്. വഴുതോട്ടുകോണം തിരുഹൃദയ ദേവാലയത്തിന്റെ വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാവ് അകത്ത് സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചി തകർത്ത് മോഷ്ടിച്ച പണം സമീപത്ത് സൂക്ഷിച്ചിരുന്ന ബാഗിൽ എടുത്ത് കടന്നുകളയുകയായിരുന്നു. കാണിക്കവഞ്ചി തകർക്കാൻ ശ്രമിക്കുന്നതിനിടയിൽ മോഷ്ടാവിനു മുറിവേറ്റതായി പോലീസ് സംശയിക്കുന്നു. മോഷണം നടന്നതിനു സമീപത്തായി രക്തത്തിന്റെ പാടുകൾ കണ്ടതാണ് സംശയത്തിന് ഇടയാക്കിയത്. ഇവിടത്തെ മോഷണത്തിനുശേഷമാണ് പ്ടാരിക്കുളം ക്ഷേത്രത്തിൽ മോഷണം നടത്തിയത്. ഇവിടെയും കാണിക്കവഞ്ചി തകർത്തശേഷം സമീപത്തെ ഓഫീസിന്റെ വാതിൽ തകർക്കാൻ ശ്രമിച്ചപ്പോൾ ശബ്ദംകേട്ട് അയൽവാസികൾ ഉണർന്ന് ബഹളം െവച്ചതിനെത്തുടർന്ന് മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. മോഷ്ടാവിന്റേതെന്നു കരുതുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. മോഷ്ടാവിന് മുറിവേറ്റതായി സംശയമുള്ളതിനാൽ പ്രദേശത്തെ സ്വകാര്യ ആശുപത്രികളിലടക്കം പോലീസ് അന്വേഷണം നടത്തിവരവേയാണ് ശനിയാഴ്ച രാത്രി വീണ്ടും മോഷണമുണ്ടായത്. മൂന്ന് സ്ഥലത്തും മോഷണം നടത്തിയത് ഒരു കള്ളൻ ആവാനാണ് സാധ്യതയെന്ന് പോലീസ് സംശയിക്കുന്നു. പോലീസിന്റെ രാത്രികാല പട്രോളിങ്ങിലുണ്ടായ വീഴ്ചയാണ് തുടർച്ചയായിട്ടുള്ള മോഷണങ്ങൾക്കു കാരണമാകുന്നതെന്ന് ആരോപണം ഉയരുന്നു.

അതിർത്തിയിൽ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണപരമ്പര; പ്രതിയെ കണ്ടെത്താനാകുന്നില്ല
M
MathrubhumiSource Link
about 2 months ago