ആനമതിലുകൾക്കിടയിലെ വിടവിൽ സൗരോർജവേലി To advertise here, അഡൂർ : ദേലമ്പാടി പഞ്ചായത്തിലെ തലപ്പച്ചേരി കാട്ടിക്കജെയിൽ വനം വകുപ്പ് വർഷങ്ങൾക്ക് മുൻപ് നിർമിച്ച ആനമതിലുകൾക്കിടയിൽ ഉണ്ടായിരുന്ന വിടവിൽ സൗരോർജ തൂക്കുവേലിയുടെ നിർമാണം പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചു. വ്യക്തികളുടെ അനുവാദം ലഭിക്കാത്തതിനാൽ ഇവിടെ ആനമതിൽ നിർമിക്കാൻ സാധിച്ചിരുന്നില്ല. ഈ വിടവിലൂടെയാണ് കർണാടക വനത്തിൽ നിന്നും ആനക്കൂട്ടം കിഴക്ക് ഭാഗത്ത് കൂടി ജില്ലയിലേക്ക് പ്രവേശിച്ചിരുന്നത്. വ്യക്തികൾ അനുമതി നൽകിയതോടെയാണ് ഇപ്പോൾ 200 മീറ്റർ നീളത്തിലാണ് തൂക്കുവേലി നിർമിച്ചത്. കാട്ടിക്കജേ വനസംരക്ഷണ സമിതി അംഗങ്ങൾ, നാട്ടുകാർ, ബന്തടുക്ക ഫോറസ്റ്റ് സെക്ഷൻ സ്റ്റാഫ് എന്നിവർ ചേർന്നാണ് സോളാർ വേലി നിർമിച്ചത്. ഇതുവഴി കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്ന കാട്ടാനക്കൂട്ടങ്ങളെ നാട്ടുകാരും വനപാലകരും ചേർന്ന് കാട്ടിലേക്കു തുരത്തുന്നത് പതിവായിരുന്നു. വിടവ് നികത്തിയതോടെ ദേലമ്പാടി പഞ്ചായത്തിലെ വനാതിർത്തി പ്രദേശങ്ങളിൽ ആനശല്യം പൂർണമായും പരിഹരിക്കാനാവുമെന്നാണ് വനം വകുപ്പ് കരുതുന്നത്. അതിർത്തി പ്രദേശത്ത് രണ്ടിടങ്ങളിലായി 27 കിലോമീറ്റർ സൗരോർജ തൂക്കുവേലി പൂർത്തീകരിച്ചിട്ടുണ്ട്. രണ്ട് വർഷമായി അതിർത്തിയിൽ ഒഴികെ മറ്റിടങ്ങളിൽ ആനശല്യം റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് സൗരോർജ തൂക്കുവേലിയുടെ വിജയമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പുതുതായി നിർമിച്ച സൗരോർജ തൂക്കുവേലിയുടെ ചാർജിങ് ബന്തടുക്ക ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ ബി.വി. രാജഗോപാലൻ നിർവഹിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി. ശേഷപ്പ, പഞ്ചായത്തംഗം ഗംഗാധര കാന്തടുക്ക, കാട്ടിക്കജേ വനസംരക്ഷണ സമിതി പ്രസിഡന്റ് വെങ്കട്ടരമണ, ലെയ്സൺ ഓഫീസർ ബി. വിനീത്, ബി.എഫ്.ഒ. കെ. സുധീഷ് കുമാർ, എസ്. അഭിലാഷ്, ബി. സുമിത്ര, ബിബിൻ ചാക്കോ, ആർ. രാകേഷ് കുമാർ എന്നിവർ സംസാരിച്ചു.
