കറുകച്ചാൽ: റബ്ബറിന് പകരക്കാരനെന്ന നിലയിൽ അടുത്തകാലത്ത് തോട്ടങ്ങളിൽ ഇടംപിടിച്ച വിളയാണ് റംബൂട്ടാൻ. റബ്ബറിനെ അപേക്ഷിച്ച് പരിചരണക്കുറവുള്ള റംബൂട്ടാൻ കൃഷിയിലേക്ക് തിരിഞ്ഞ കർഷകർ ഒട്ടേറെയാണ്. നാല് വർഷത്തിനകം വിളവെടുക്കാനും ഏത് കാലാവസ്ഥയിലും വളർത്താനും കഴിയുന്ന റംബൂട്ടാൻ കൃഷിചെയ്ത് ലാഭം നേടിയവരും തിരിച്ചടി നേരിട്ടവരും നിരവധി. To advertise here, വ്യാവസായിക അടിസ്ഥാനത്തിൽ കൃഷിചെയ്യുന്നവർക്ക് മാത്രമാണ് നിലവിൽ മികച്ചനേട്ടം ഉണ്ടാകുന്നത്. എന്നാൽ, ചെറുകിട കർഷകർക്ക് റംബൂട്ടാൻ കൃഷി അത്ര മധുരം നൽകുന്നതല്ല. കൃഷിയുടെ സാധ്യതകളും കർഷകർ നേരിടുന്ന പ്രശ്നങ്ങളും എത്രമാത്രമെന്ന് നോക്കാം. പരിചരിച്ചാൽ പൊന്ന് വിളയും മികച്ചയിനം തൈകൾ നട്ട് നന്നായി പരിപാലിച്ചാൽ റബ്ബറിനേക്കാൾ മൂന്നിരട്ടി ലാഭം നൽകുന്നതാണ് റംബൂട്ടാൻ. ആറ് മുതൽ 10 വർഷം വരെ പ്രായമുള്ള മരങ്ങളിൽനിന്ന് ശരാശരി 100-120 കിലോ വരെ ഒരു വർഷം കിട്ടും. 120-140 രൂപ വരെ വിലയും ലഭിക്കും. ഒരു മരത്തിൽനിന്ന് പതിനായിരം രൂപയ്ക്ക് മുകളിൽ ഉറപ്പാണ്. ഒരേക്കറിൽ 35-40 മരങ്ങൾ നടാമെന്നാണ് കണക്ക്. മരങ്ങളുടെ എണ്ണം കുറയുന്നതനുസരിച്ച് വിളവ് കൂടുമെന്ന് തോട്ടം ഉടമ കാനം മൈലാങ്കൽ ജോസഫ് തോമസ് പറയുന്നു. ഇങ്ങനെ ചെയ്താൽ ശരാശരി അഞ്ചുമുതൽ ആറുലക്ഷം രൂപയ്ക്ക് മുകളിൽ ഒരേക്കറിൽ നിന്ന് ലഭിക്കും. വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യണമെങ്കിൽ വലിയ മുതൽ മുടക്ക് വേണം. വളം, കീടനാശിനി, തൊഴിലാളികൾ എന്നിവയ്ക്കാണ് പ്രധാനമായും ചെലവ് വേണ്ടിവരുന്നത്. ചെറുകിടക്കാർ ബുദ്ധിമുട്ടും ചെറുകിട കർഷകരെ സംബന്ധിച്ച് റംബൂട്ടാൻ കൃഷി അത്ര ലാഭകരമല്ല. പ്രധാനമായും മുതൽ മുടക്ക് വളരെ കൂടുതലാണ്. നല്ല തൈകൾക്ക് 500-650 രൂപയാണ് വില. ഒന്നോ രണ്ടോ ഏക്കറിൽ കൃഷി ചെയ്യുന്ന കർഷകരുടെ തോട്ടങ്ങളിൽനിന്ന് പഴങ്ങൾ മൊത്തമായി എടുക്കാൻ കച്ചവടക്കാർ എത്തില്ല. പ്രാദേശികമായി വിറ്റഴിക്കാനും ബുദ്ധിമുട്ടുണ്ട്. പൊതുവിപണിയിൽ നേരിട്ട് വിൽക്കുമ്പോൾ 50-60 രൂപയാണ് കർഷകർക്ക് കിട്ടുന്നത്. വിളവെടുപ്പിന് പാകമായ പഴങ്ങൾ വിപണിയിൽ വിറ്റഴിക്കാൻ ചെറുകിടക്കാർ നന്നായി ബുദ്ധിമുട്ടും. മുൻ വർഷങ്ങളിൽ പലയിടത്തും പഴങ്ങൾ വിൽക്കാൻ കഴിയാതെ കൊഴിഞ്ഞുപോയ സാഹചര്യം ഉണ്ടായിരുന്നു. വിവിധ സാഹചര്യങ്ങളെ അനുസരിച്ചാണ് റംബൂട്ടാന്റെ വിപണി നിശ്ചയിക്കുന്നത്. ( തുടരും) രക്ഷതേടി കർഷകർ-1ഏത് വിള കൃഷി ചെയ്താൽ രക്ഷപ്പെടാം എന്ന ആലോചനയിലാണ് കൃഷിക്കാർ. റബ്ബറിൽ കൈ പൊള്ളിയവർ പഴക്കൃഷി നടത്തി. ചിലർ കിഴങ്ങുവർഗങ്ങളും വാഴയും പരീക്ഷിച്ചു. മുളവരെ പരീക്ഷിച്ചവരുണ്ട്. പക്ഷേ, വിലയില്ല എന്നത് വലിയൊരു പ്രയാസമാണ്. വിവിധ വിളകൾ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ഇന്നുമുതൽ... വെല്ലുവിളികൾ സ്ഥിരതയില്ലാത്ത വിപണി. പ്രാദേശിക ഉത്പാദനം കൂടിയാൽ കർഷകരിൽനിന്ന് പഴങ്ങൾ വാങ്ങുന്നത് കുറയും. തമിഴ്‌നാട്, ബെംഗളൂരു, ഗോവ, മുംബൈ തുടങ്ങിയ സംസ്ഥാനങ്ങളിലെ ആവശ്യകത അനുസരിച്ചാണ് വിപണി വില നിശ്ചയിക്കുന്നത്. നിപ്പ പോലെയുള്ള രോഗങ്ങൾ പടരുമ്പോൾ വിപണിയിൽ ഇടിവുണ്ടാകും. കച്ചവടക്കാർ പഴങ്ങൾ വാങ്ങുന്നത് കുറയും. പ്രാദേശിക വിപണിയിൽ റംബൂട്ടാൻ വിറ്റഴിക്കാൻ കഴിയാത്തതാണ് പ്രധാന വെല്ലുവിളി. 50-60 രൂപയാണ് കിട്ടുന്നത്. വേനലിനെ പ്രതിരോധിക്കുമെങ്കിലും കൃഷിക്ക് വെള്ളം അനിവാര്യമാണ്. മാർച്ച് ഏപ്രിൽ മാസങ്ങളിലാണ് പൂവിടുന്നത്. ഈ സമയത്ത് നന്നായി നനച്ചുകൊടുക്കണം. വേനലിൽ പൂവ് കൊഴിയുന്നതും ശിഖരങ്ങൾ ഉണങ്ങുന്നതും പതിവാണ്. ഇത് ഉത്പാദനത്തെ ബാധിക്കും. കൃത്യമായി വളം, കീടനാശിനികൾ തുടങ്ങിയവ നൽകിയാൽ മാത്രമേ മികച്ച വിളവ് ലഭിക്കൂ.
