അദ്വൈതത്തിന്റെ അമൃതകല | ഇന്ന് ചട്ടമ്പിസ്വാമി സമാധിയുടെ 102-ാംവാർഷികം

അദ്വൈതത്തിന്റെ അമൃതകല | ഇന്ന് ചട്ടമ്പിസ്വാമി സമാധിയുടെ 102-ാംവാർഷികം

കേരള നവോത്ഥാനത്തിന്റെ നിർണായക ദശാസന്ധിയിൽ സവിശേഷമായി ഇടപെട്ട ആത്മീയാചാര്യനായിരുന്നു വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ (1853-1924). അദ്വൈത ദർശനത്തിന്റെ സമാവിഷ്ടശക്തിയാണ് ആ കർമയോഗിക്ക് കരുത്തായത്. 19-ാം നൂറ്റാണ്ടിൽ കേരളത്തിന്റെ സമസ്ത മണ്ഡലങ്ങളെയും ബാധിച്ച അസമത്വങ്ങളെയും അധികാര ദുർവിനിയോഗങ്ങളെയും നീതിനിഷേധങ്ങളെയും പ്രതിരോധിച്ച അദ്ദേഹത്തിന്റെ അവധൂതമാർഗം ധൈഷണികവും മൗലികവും സ്വതന്ത്രവുമായിരുന്നു. ചിന്തയും എഴുത്തും സംവാദവും സഞ്ചാരവും സമഗ്രജീവിതവും സ്വാമികൾ മനുഷ്യവിമോചനത്തിനുള്ള ഉപാധിയാക്കിമാറ്റി. To advertise here, സദ്ഗുരു 'ചിന്മുദ്രാരഹസ്യം' വിശദീകരിച്ചുകൊടുത്ത ചട്ടമ്പിസ്വാമികളെ സ്വാമി വിവേകാനന്ദൻ 'അസാധാരണ മനുഷ്യനെ'ന്നാണ് (Here I met a remarkable man) വിശേഷിപ്പിച്ചത്. 'സർവജ്ഞനായ ഋഷി', 'പരിപൂർണകലാനിധി', 'മഹാപ്രഭു' എന്നിങ്ങനെയാണ് ശ്രീനാരായണഗുരു തന്റെ ഗുരുവിനെ അടയാളപ്പെടുത്തിയത്. സ്വാമിയുടെ ഗൃഹസ്ഥശിഷ്യനും സാമൂഹികപരിഷ്‌കർത്താവുമായ മന്നത്തു പദ്മനാഭന്റെ പ്രവൃത്തിപഥങ്ങളിൽ മുൻപേനടന്ന തീർഥപാദരുടെ പാദമുദ്രകൾ പതിഞ്ഞുകിടപ്പുണ്ട്. 'ചട്ടമ്പി' എന്ന വിളിപ്പേരിൽ അറിയപ്പെട്ട, അകവും പുറവും വെളുപ്പിന്റെ ലാളിത്യംവാരിപ്പുതച്ച ആ മഹാത്മാവ് സർവജീവിസമസ്‌നേഹത്തെ ഉപാസിച്ചു. 'വസുധൈവകുടുംബകം' എന്ന ആർഷദർശനത്തെ സാക്ഷാത്കരിച്ചു. 'ഈശാവാസ്യമിദം സർവം' എന്ന ഉപനിഷത്മന്ത്രം ജപിച്ചു. കേരളത്തെ ഒരു കുടുംബമായിക്കണ്ട് വിവേകപൂർവം സംരക്ഷിക്കുകയും വരുംതലമുറയ്ക്ക് വഴികാണിക്കുകയും ചെയ്ത കാരണവരായി. കുഞ്ഞുങ്ങൾക്ക് സ്വാമിയപ്പൂപ്പനായി. പക്ഷിമൃഗാദികൾക്ക് പ്രിയബന്ധുവായി. നവോത്ഥാനയജ്ഞം വർണവിവേചനം, കുടുംബം, സമൂഹം തുടങ്ങിയ ഘടനയിൽ സ്ത്രീയുടെ സ്ഥാനം, മൃഗബലിനിരോധനം, മിശ്രഭോജനം, പ്രാദേശികഭാഷാവികസനം, സാർവത്രികവിദ്യാഭ്യാസം, ആചാരശുദ്ധി തുടങ്ങി സാമൂഹികപരിഷ്‌കരണത്തിന്റെ വിവിധ മണ്ഡലങ്ങളിൽ സ്വാമിയുടെ സ്വതന്ത്രമായ ഇടപെടലുകൾ ഉണ്ടായി. അദ്ദേഹത്തിന്റെ എഴുത്തും സംവാദങ്ങളുമായിരുന്നു നവോത്ഥാനയജ്ഞത്തിന്റെ പ്രായോഗികമായ അടിത്തറ. 'സദ്ഗുരു' മാസികയുടെ ആരംഭവും തീർഥപാദസമ്പ്രദായത്തിന്റെ പിന്മുറക്കാരും ചട്ടമ്പിസ്വാമികളുടെ ബൗദ്ധികവിപ്ലവത്തിന് ഊർജംപകർന്നു. വൈജ്ഞാനികവിചാരധാര ചരിത്രം, വ്യാകരണം, തത്ത്വശാസ്ത്രം, വേദം, മന്ത്രം, തന്ത്രം, തർക്കം, ജ്യോതിശ്ശാസ്ത്രം, ആയുർവേദം, ആയോധനം, യോഗ, സംഗീതം, ചിത്രരചന, ഭാഷ, ഗണിതം തുടങ്ങി വിവിധ വിജ്ഞാനമേഖലകളിൽ അദ്ദേഹത്തിന് അഗാധപാണ്ഡിത്യമുണ്ടായിരുന്നു. അതുമാത്രമല്ല, അക്ഷരത്തിന്റെ മണവും രുചിയും ശക്തിയും ആവാഹിച്ച് അനുപമമായ അറിവിന്റെ ഗണിതശാസ്ത്രത്തെ പരിപൂർണമാക്കുന്നവയായിരുന്നു സ്വാമികളുടെ രചനകൾ. ഭാഷാഭിമാനം, വിദ്യാഭ്യാസദർശനം, ഗവേഷണരീതിശാസ്ത്രം ഇവകൂടാതെ സംസ്‌കാരപഠനം, വൈജ്ഞാനികപഠനം, ഭാഷാശാസ്ത്രം, വ്യാകരണം, പാഠവിമർശനം, പരിസ്ഥിതി, ലിംഗനീതി, ഫോക്ലോർ എന്നിങ്ങനെ നവീന വിജ്ഞാനമേഖലകളുടെ സൈദ്ധാന്തികവും പ്രായോഗികവുമായ രീതിശാസ്ത്രങ്ങൾകൂടി ചട്ടമ്പിസ്വാമികളുടെ പ്രൗഢവും ഉദാത്തവുമായ മഹദ്ഗ്രന്ഥങ്ങളുടെ വായനയിൽ കണ്ടെത്താം. 'ആദിഭാഷ' കേവലം ഭാഷോത്പത്തി സിദ്ധാന്തങ്ങളല്ല, കൊളോണിയൽ ഭരണത്തിന്റെ അധിനിവേശ താത്പര്യങ്ങളെ കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ വിശദീകരിച്ചും ഭാഷാശാസ്ത്രയുക്തികൾ നിരത്തിയും നിരാകരിക്കുന്ന മനഃശാസ്ത്രംകൂടിയാണ്. 'വേദാധികാരനിരൂപണ'ത്തിൽ, ഗാർഗി, മൈത്രേയി, ശുകൻ, ജാനശ്രുതി തുടങ്ങിയവരെ ഉദാഹരിച്ചും ഉപനിഷത്സൂക്തങ്ങൾ ഉദ്ധരിച്ചും വേദങ്ങൾ പഠിക്കാൻ സർവ മനുഷ്യജാതിക്കും അവകാശമുണ്ടെന്ന് സ്ഥാപിക്കുന്നു. ശിഷ്യനായ നീലകണ്ഠതീർഥപാദസ്വാമികളെ 'ആചാരപദ്ധതി'യും 'ദേവാർച്ചാപദ്ധതി'യും എഴുതാൻ പ്രേരിപ്പിച്ചതും ഇതേ കാരണത്താലാണ്. ശ്രീചക്രപൂജാകൽപ്പം, ദേവീമാനസപൂജാസ്‌തോത്രവ്യാഖ്യാനം, നിജാനന്ദവിലാസം വിവർത്തനം, മോക്ഷപ്രദീപഖണ്ഡനം, സർവമതസാമരസ്യം, പ്രണവവും സാംഖ്യദർശനവും, തർക്കരഹസ്യരത്‌നം, അദ്വൈതചിന്താപദ്ധതി, അദ്വൈതപഞ്ജരം, വേദാന്തസാരം തുടങ്ങിയ രചനകൾ മനുഷ്യനെ അവന്റെ കർമപദ്ധതിയിലൂടെ ഈശ്വരപദവിയിലേക്കുയർത്തുന്ന മോക്ഷശാസ്ത്രത്തിന്റെ വിജ്ഞാനവിളംബരങ്ങളാണ്. ആധുനിക 'സ്ത്രീവാദദർശന'ങ്ങളിലെ സമത്വസങ്കല്പത്തെ, സമാരാധ്യമായ സമഭാവനയോടെ 'പ്രപഞ്ചത്തിൽ സ്ത്രീപുരുഷന്മാരുടെ സ്ഥാനം' എന്ന പ്രബന്ധത്തിൽ നൂറ്റാണ്ടുമുൻപേ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. പ്രാദേശിക 'സംസ്‌കാരപഠന' മാതൃകകളുടെ ഗവേഷണരീതിശാസ്ത്രം 'മലയാളത്തിലെ സ്ഥലനാമപഠന'ത്തിലും 'കേരളത്തിലെ ദേശനാമപഠന'ത്തിലും കാണാം. സത്യധർമാദികളിൽ ധാരണയുള്ള, മനഃശുദ്ധിയുള്ള, ജിജ്ഞാസുവായ ഭാവിപൗരനെ വാർത്തെടുക്കുന്നതിനുള്ള ശ്രദ്ധയാണ് 'പിള്ളത്താലോലിപ്പ്' എന്ന കൃതി. മനുഷ്യനിൽ മനഃസംസ്‌കരണവും മൂല്യബോധവും സമഭാവനയും വളർത്തി രാഷ്ട്രപുനർനിർമാണം സാധ്യമാക്കുക എന്നതായിരുന്നു ചട്ടമ്പിസ്വാമികളുടെ വിദ്യാഭ്യാസദർശനം. 'അഹിംസാപരമോധർമ്മഃ' എന്ന ഇതിഹാസവാക്യത്തിന്റെ ഫലശ്രുതിയാണ് 'ജീവകാരുണ്യനിരൂപണം.' അത് ആത്മീയമായ അഗാധപരിസ്ഥിതി (Deep Ecology) ചിന്തകൾകൊണ്ട് സമ്പന്നമാണ്. സ്വാമികളുടെ 'അപൂർവചികിത്സാവിധി'യിൽ ഒറ്റമൂലിചികിത്സ, വിഷചികിത്സ, ഭ്രാന്തുചികിത്സ, സ്ത്രീരോഗചികിത്സ എന്നിങ്ങനെ വൈദ്യശാസ്ത്രത്തിലെ വിശേഷവിധികളുണ്ട്. യോഗംകൊണ്ട് മനസ്സിന്റെയും പദംകൊണ്ട് വാക്കിന്റെയും വൈദ്യംകൊണ്ട് ശരീരത്തിന്റെയും മാലിന്യത്തെ അകറ്റിയ മഹാചികിത്സകനായിരുന്നു ചട്ടമ്പിസ്വാമികൾ. കാലത്തിന്റെ കർമസാക്ഷി കേരളചരിത്രത്തിന്റെ ഇരുൾപുരണ്ട ദശാസന്ധികളെ സർവതലസ്പർശിയായി പരിവർത്തനോന്മുഖമാക്കിയ 'മഹാകാല'ത്തെ സ്വാഭിമാനത്തോടെ തൊട്ടറിയേണ്ടതുണ്ട്. അവിദ്യകൊണ്ടും അലസതകൊണ്ടും അന്യാധീനപ്പെട്ടുപോയ അകമറിവിന്റെ പരമാനന്ദത്തെ വീണ്ടെടുക്കാൻ വിധിക്കപ്പെട്ട 'ധീരപൗരുഷ'ത്തോട് നാം സദാ നന്ദിയുള്ളവരാകുക. ദർശനങ്ങൾക്കല്ലാ, അതു പിന്തുടരുന്നവരുടെ മനോഭാവത്തിനാണ് മാറ്റംവരേണ്ടതെന്ന് ചട്ടമ്പിസ്വാമികൾ ഉദ്ബോധിപ്പിച്ചു. പുരോഗമനോന്മുഖമായ പ്രായോഗികജീവിതത്തിൽ പ്രപഞ്ചത്തിന്റെ തനിപ്പകർപ്പായ മനുഷ്യൻ മറന്നുപോകുന്ന യാഥാർഥ്യമാണത്. സമസ്താധിനിവേശങ്ങളെയും ചെറുത്ത് പ്രാദേശികത്തനിമയെ ദൃഢമായി പ്രതിഷ്ഠിച്ച് യുവത്വത്തിന് മാതൃകയായ സന്ന്യാസിയാണ് ചട്ടമ്പിസ്വാമികൾ. അദ്ദേഹം നൂറ്റാണ്ടുമുൻപ് സമൂഹത്തിൽനിന്ന് ഉച്ചാടനംചെയ്ത വിഘടനവാദത്തിന്റെ വിത്തുകൾ പലതും പുതിയരൂപത്തിൽ വിറ്റഴിക്കുന്ന ഈ കാലത്തും ആഗോളീകരണത്തിന്റെ പുതിയ പുറംകാഴ്ചകൾക്ക് സമദർശിതയുടെ ആർഷസംസ്‌കൃതിയെ തകർക്കാൻ സാധിച്ചിട്ടില്ല. സ്വയം ആവിഷ്‌കരിക്കുന്ന സ്വത്വബോധത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വർത്തമാനത്തിൽ അദ്ദേഹം പറഞ്ഞതുപോലെ 'കിഴവനെ ശ്രദ്ധിക്കേണ്ട, കിഴവന്റെ വാക്കുകൾ ശ്രദ്ധിച്ചാൽമതി.' അറിവാണ് സ്വാതന്ത്ര്യം എന്നതാണ് സ്വാമികളുടെ മതം. അത് അപരനെ മാനിക്കാതിരിക്കലല്ല. താജ്യഗ്രാഹ്യവിവേചനബുദ്ധിയോടെയുള്ള കൂട്ടുത്തരവാദിത്വങ്ങളുടെ പെരുമാറ്റച്ചട്ടമാണത്. വൃഷ്ടിയുടെയും സമഷ്ടിയുടെയും ആത്യന്തികസ്വാതന്ത്ര്യത്തിന്റെ സാധനാമന്ത്രങ്ങൾ അറിഞ്ഞനുഷ്ഠിക്കുക എന്നതാണ് വരുംതലമുറയുടെ ധർമം. (പന്തളം എൻ.എസ്.എസ്. കോളേജ് മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസറും മേധാവിയുമാണ് ലേഖിക)

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അദ്വൈതത്തിന്റെ അമൃതകല | ഇന്ന് ചട്ടമ്പിസ്വാമി സമാധിയുടെ 102-… | Boolokam