കാഠ്മണ്ഡു: അധികാരമേറ്റ് ആഴ്ചകൾ മാത്രം പിന്നിടുമ്പോൾ നേപ്പാൾ പ്രധാനമന്ത്രി ബലേൻ ഷാ കടുത്ത ജനരോഷത്തെ അഭിമുഖീകരിക്കുകയാണ്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ സർക്കാരിനെതിരെ കാഠ്മണ്ഡുവിലെ ഭരണസിരാകേന്ദ്രമായ സിംഹദർബാർ ഉൾപ്പെടെയുള്ള ഇടങ്ങളിൽ വൻ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. വിദ്യാർഥി സംഘടനകളുടെ നിരോധനം, ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ കസ്റ്റംസ് തീരുവ, ആഭ്യന്തര മന്ത്രിക്കെതിരെയുള്ള അഴിമതി ആരോപണങ്ങൾ എന്നിവയാണ് ജനങ്ങളെ തെരുവിലിറങ്ങാൻ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങൾ. To advertise here, ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് കൊണ്ടുവരുന്ന 100 നേപ്പാളി രൂപയ്ക്ക് (ഏകദേശം 63 ഇന്ത്യൻ രൂപ) മുകളിലുള്ള സാധനങ്ങൾക്ക് നിർബന്ധിത കസ്റ്റംസ് തീരുവ ഏർപ്പെടുത്തിയതാണ് അതിർത്തി ഗ്രാമങ്ങളിൽ വലിയ പ്രതിഷേധത്തിന് കാരണമായത്. നിത്യോപയോഗ സാധനങ്ങൾക്കായി ഇന്ത്യൻ വിപണികളെ ആശ്രയിക്കുന്ന ജനങ്ങൾക്ക് ഇത് വലിയ സാമ്പത്തിക ഭാരമായി മാറിയിരിക്കുകയാണ്. സാധനങ്ങൾക്കനുസരിച്ച് 5 ശതമാനം മുതൽ 80 ശതമാനം വരെയാണ് നികുതി ഈടാക്കുന്നത്. ഇത്തരമൊരു നീക്കം അതിർത്തി നിവാസികളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുമെന്നും ഇത് പ്രായോഗികമല്ലെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയ ബന്ധമുള്ള വിദ്യാർഥി സംഘടനകൾ നിരോധിച്ചതാണ് യുവാക്കളെ ചൊടിപ്പിച്ചത്. സർക്കാർ ചർച്ചകൾക്ക് തയ്യാറാകാതെ അടിച്ചമർത്തൽ നയം സ്വീകരിക്കുന്നുവെന്ന് വിദ്യാർഥി നേതാക്കൾ ആരോപിക്കുന്നു. യൂണിഫോം ധരിച്ച ആയിരക്കണക്കിന് സ്കൂൾ-കോളേജ് വിദ്യാർഥികൾ പ്ലക്കാർഡുകളുമായി തെരുവിൽ പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സർവകലാശാലകളിൽ നിന്ന് പാർട്ടികളുമായി ബന്ധമുള്ള സ്റ്റാഫ് യൂണിയനുകളും മാറ്റാൻ പ്രധാനമന്ത്രി ബലേൻ ഷാ ഉത്തരവിട്ടിട്ടുണ്ട്. വിദ്യാർഥികളുടെ ഈ വലിയ പ്രതിഷേധം സർക്കാരിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ആഭ്യന്തര മന്ത്രി സുദൻ ഗുരുങ്ങിന്റെ രാജി ആവശ്യപ്പെട്ടും പ്രതിഷേധങ്ങൾ കനക്കുകയാണ്. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നും സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്നുമാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണം. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുമായി മന്ത്രിക്കു ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ധാർമ്മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം സ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷവും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും ആവശ്യപ്പെടുന്നു. ഈ അഴിമതി ആരോപണങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്തോ-നേപ്പാൾ അതിർത്തിയിലെ കർശനമായ നിയന്ത്രണങ്ങൾ കാരണം വിപണികളിൽ വൻ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. മരുന്നുകൾ, ഗൃഹോപകരണങ്ങൾ, വിവാഹ ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ എന്നിവയ്ക്കായി നേപ്പാളികൾ പതിറ്റാണ്ടുകളായി ഇന്ത്യൻ വിപണികളെയാണ് ആശ്രയിച്ചിരുന്നത്. ചിപ്സ് പാക്കറ്റുകൾ വാങ്ങിയ സ്ത്രീയെ പോലും അതിർത്തിയിൽ പോലീസ് തടഞ്ഞത് വലിയ തർക്കങ്ങൾക്ക് വഴിവെച്ചു. പ്രഖ്യാപിക്കപ്പെടാത്ത ഒരു ഉപരോധമാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അതിർത്തി ഗ്രാമങ്ങളിലെ നിവാസികൾ ആരോപിക്കുന്നു. ഇത് 1950-ലെ ഇന്ത്യ-നേപ്പാൾ സമാധാന കരാറിന്റെ ലംഘനമാണെന്നും വിമർശനമുണ്ട്. നിലവിൽ ബലേൻ ഷാ സർക്കാർ എല്ലാ വശങ്ങളിൽ നിന്നും കടുത്ത സമ്മർദ്ദത്തിലാണ്. പ്രധാന പ്രതിപക്ഷ കക്ഷിയായ നേപ്പാളി കോൺഗ്രസ് ഈ നയങ്ങളെ ജനവിരുദ്ധമെന്ന് വിശേഷിപ്പിച്ചു. ഭരണകക്ഷിയായ രാഷ്ട്രീയ സ്വതന്ത്ര പാർട്ടിയിലെ അംഗങ്ങൾ പോലും നികുതി പരിധി 100 രൂപയായി നിശ്ചയിച്ചത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. Content Highlights: Nepal's Balen Shah government faces intense protests over customs duties on Indian goods and corruption allegations. Published: 22 Apr 2026, 03:11 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അധികാരമേറ്റ് ആഴ്ചകൾക്കുള്ളിൽ ബലേൻ ഷാ സർക്കാർ പ്രതിസന്ധിയിൽ; നേപ്പാളിൽ ജനരോഷം ഇരമ്പുന്നു
M
MathrubhumiSource Link
18 days ago