അധീർ രഞ്ജൻ, മൗസം നൂർ- ബംഗാളിലെ കോൺഗ്രസ് പ്രതീക്ഷകൾ ഇവരിലൂടെ

അധീർ രഞ്ജൻ, മൗസം നൂർ- ബംഗാളിലെ കോൺഗ്രസ് പ്രതീക്ഷകൾ ഇവരിലൂടെ

'മാൽദയിലെ സിംഹ'മെന്നറിയപ്പെട്ടിരുന്ന കോൺഗ്രസ് പ്രമുഖനായിരുന്നു എ.ബി.എ. ഗനിഖാൻ ചൗധരി. ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ റെയിൽവേമന്ത്രിയായിരിക്കെ അദ്ദേഹം കൊണ്ടുവന്നതാണ് ഇന്നത്തെ മാൽദ ടൗൺ റെയിൽവേ സ്റ്റേഷൻ. മാൽദയ്ക്കടുത്തെ കോട്വാലിയിലുള്ള പ്രശസ്തമായ കോട്വാലി ബംഗ്ലാവ് ഗനിഖാൻചൗധരിയുടെ കുടുംബവീടെന്ന നിലയിൽ പ്രസിദ്ധം. To advertise here, കോൺഗ്രസ് നേതാവും മുൻ റെയിൽവേ മന്ത്രിയുമായിരുന്ന ഗനി ഖാൻ ചൗധരിയുടെ മാൽദ കോത്വാലിയിലെയിലെ വീട്. ഫോട്ടോ: സാബു സ്‌കറിയാച്ചൻ ഗനിഖാൻ ചൗധരിയുടെ സഹോദരൻ എ.ബി.എ. അബു ഹാസെം ഖാൻ ചൗധരിയും സഹോദരി റൂബിൻ നൂറും കോൺഗ്രസ് പാർട്ടിയിലൂടെ പൊതുരംഗത്ത് പ്രശസ്തരായവരാണ്. ഇവരുടെ പുതുതലമുറയും കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇന്ന് സജീവം. അബു ഹാസെം ഖാൻ ചൗധരിയുടെ മകനാണ് ദക്ഷിൺ മാൽദ എം.പി ഇഷാഖാൻ ചൗധരി. റൂബിൻ നൂറിന്റെ മകൾ മൗസം ബി.നൂർ മുൻ എം.പിയും ഇപ്പോഴത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാൽതിപൂർമണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയുമാണ്. മൗസം നൂറിന്റെ സ്ഥാനാർഥിത്വം മാൽതിപൂർ മണ്ഡലത്തിന് ഇക്കുറി ത്രികോണപ്പോരിന്റെ വാശി സമ്മാനിച്ചിരിക്കുന്നു. തൃണമൂലിലേക്ക് പോയി, മടങ്ങിയെത്തി 2019-ൽ തൃണമൂൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന് വാദിച്ച മൗസം നൂർ പാർട്ടി നേതൃത്വം അത് പരിഗണിക്കാത്തതിനെ തുടർന്ന് കോൺഗ്രസ് വിട്ട് തൃണമൂലിലേക്ക് ചേക്കേറി. 2019-ൽ ഉത്തർ മാൽദയിൽ തൃണമൂലിന് വേണ്ടി സ്ഥാനാർഥിയായെങ്കിലും മാതൃസഹോദര പുത്രൻ ഇഷാഖാൻ ചൗധരി കോൺഗ്രസ് എതിരാളിയായെത്തിയപ്പോൾ ചൗധരി കുടുംബത്തിന് കിട്ടിക്കൊണ്ടിരുന്ന വോട്ടുകൾ വിഭജിച്ചു. ഇതിനിടയിൽ ബി.ജെ.പി ജയിച്ചുകയറി. 2024-ലും ബി.ജെ.പിക്കായിരുന്നു ജയം. 2009-ലും 2014-ലും കോൺഗ്രസ് ടിക്കറ്റിൽ ഉത്തർമാൽദയിൽനിന്ന് ലോക്‌സഭയിലേക്ക് ജയിച്ചത് മൗസം നൂർ. നിലവിൽ ദക്ഷിൺ മാൽദ എം.പിയാകട്ടെ ഇഷ ഖാനും. മാൽദയിലെ കോൺഗ്രസ് പ്രഭാവം അസ്തമിച്ചിട്ടില്ലെന്ന് ചുരുക്കം. തൃണമൂലിന്റെ രാജ്യസഭാംഗത്വവും സംസ്ഥാന വനിതാകമ്മിഷൻ ഉപാധ്യക്ഷപദവിയും ഒഴിഞ്ഞാണ് മൗസം നൂർ സഹോദരൻ ഇഷാഖാന്റെ മുൻകൈയിൽ കോൺഗ്രസിലേക്ക് തിരിച്ചെത്തിയത്. കുടുംബപാർട്ടി വിട്ടുപോയതിന്റെ പശ്ചാത്താപം മാറിക്കിട്ടിയെന്ന് മൗസം നൂർ. മാൽതിപൂരിൽ ഇത്തവണ ജയിക്കുമെന്നും നല്ല ആത്മവിശ്വാസമുണ്ടെന്നും അവർ പറഞ്ഞു. 68 ശതമാനത്തിലധികം വോട്ട്് നേടി 91000-ൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച തൃണമൂലിന്റെ സിറ്റിങ് എം.എൽ.എ അബ്ദുർ റഹിം ബോക്സിയാണ് മുഖ്യ എതിരാളി. ബി.ജെ.പി. എതിരാളി ആശിഷ് ദാസ്. സി.പി.എമ്മിലെ മിനറുൾ ഹസനും മത്സരിക്കുന്നുണ്ട്. 60 ശതമാനം മുസ്ലിം വോട്ടർമാരുള്ള മണ്ഡലത്തിൽ കുടുംബപാരമ്പര്യത്തിന്റെ കരുത്താണ് മൗസമിന്റെ ആത്മവിശ്വാസത്തിന് നിദാനം. അധീർ രഞ്ജൻ വീണ്ടും മുർഷിദാബാദിലെ ബർഹാംപൂരിൽ മത്സരിക്കുന്ന, ലോക്സഭയിലെ മുൻ കോൺഗ്രസ് കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരിയിലാണ് കോൺഗ്രസിന്റെ മറ്റൊരു പ്രതീക്ഷ. പ്രചരണത്തിൽ വൻ ഓളമുണ്ടാക്കി നീങ്ങുന്ന അധീർരഞ്ജൻ നാട്ടുകാരുടെ പ്രിയ 'അധീർദാ'യായി വിലസിക്കൊണ്ട് ബി.ജെ.പിക്കും തൃണമൂലിനും ഒരുപോലെ വെല്ലുവിളി ഉയർത്തുന്നു. ബെർഹാംപുർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി അധീർ രഞ്ജൻ ചൗധരി തിരഞ്ഞെടുപ്പ് പ്രചരണത്തിൽ. ഫോട്ടോ: സാബു സ്കറിയാച്ചൻ മുർഷിദാബാദിലെ ബർഹാംപൂർ മെഡിക്കൽ കോളേജിന് സമീപം സന്നുമയ് റോഡിൽ അതിരാവിലെ പ്രവർത്തകർക്കൊപ്പം കാൽനടയായി സഞ്ചരിച്ച് വോട്ടഭ്യർഥിക്കുന്ന അധീർ രഞ്ജനെ കാണാൻ സ്ത്രീകളടക്കം റോഡരികിലേക്ക് ഓടിയെത്തുന്നു. ഇത് അധീറിന് പകരുന്ന ആത്മവിശ്വാസം ചെറുതല്ല. പ്രചരണത്തിരക്കിനിടെ, മാൽദയിലെ മാൽതിപൂരിലെ കോൺഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസിൽ വച്ച് മൗസം നൂർ മാതൃഭൂമിയോട് സംസാരിച്ചു: മൗസം നൂർ ?കഴിഞ്ഞ തവണ 68 ശതമാനത്തോളം വോട്ട് നേടിയാണിവിടെ തൃണമൂൽ കോൺഗ്രസ് വിജയിച്ചത്. ഇത്തവണ താങ്കളുടെ പ്രതീക്ഷയെന്താണ് - കഴിഞ്ഞ തവണ സ്ഥിതി വ്യത്യസ്തമായിരുന്നു. പൗരത്വ ഭേദഗതി രജിസ്റ്ററുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ വ്യാപകമായ ഭീതിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാനുതകുന്ന പ്രചരണമാണുണ്ടായത്. മമത ബാനർജിക്ക് മാത്രമേ എൻ.ആർ.സിക്ക് തടയിടാനാകൂവെന്ന് ജനം പൂർണമായി വിശ്വസിച്ചു. ആ അവസ്ഥയിൽ ജനങ്ങൾ തൃണമൂലിന് വോട്ട് ചെയ്യാമെന്ന് തീരുമാനിച്ചു. അതൊരു തരംഗമായി മാറി. പക്ഷേ എൻ.ആർ.സിയൊന്നും വന്നില്ല. അതൊരുതരം ധ്രുവീകരണചിന്തയ്ക്ക് വഴിയൊരുക്കുകയായിരുന്നു. ബി.ജെ.പി ഹിന്ദുവോട്ടുകളുടെ ഏകീകരണത്തിനും അതിന് വിരുദ്ധമായ ന്യൂനപക്ഷവോട്ടുകളുടെ ഏകീകരണത്തിനായി തൃണമൂലും നിലകൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രചരണമായിരുന്നു. അന്നത്തെ സാഹചര്യം ഇപ്പോഴില്ല. ജനങ്ങൾക്ക് കാര്യങ്ങൾ നല്ല ബോധ്യമുണ്ട്. നിരവധി വിഷയങ്ങളുണ്ട്. വലിയ തോതിലുള്ള അഴിമതിയും ഭരണവിരുദ്ധവികാരവുമുണ്ട്. അതിനാൽ ജനങ്ങൾ തൃണമൂലിനൊപ്പമില്ല. കോൺഗ്രസ് എപ്പോഴും മതേതരത്വത്തിനും സമാധാനത്തിനും വികസനത്തിനുമായാണ് നിലകൊള്ളുന്നത്. ജനങ്ങളുടെ മനസ്സ് നല്ലപോലെ മാറിയിട്ടുണ്ട്. കോൺഗ്രസിനനുകൂലമാണ് അവരുടെ മനസ്സ്. ജനങ്ങൾ തിരിച്ചറിയുന്നു, 2021-ലെ സാഹചര്യമില്ലെന്ന്. ? 2019-ൽ തൃണമൂലുമായി കോൺഗ്രസ് സഖ്യമുണ്ടാക്കണമെന്ന് വാദിച്ചാണ് താങ്കൾ അതില്ലാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിട്ട് തൃണമൂലിൽ ചേർന്നത്. ഇപ്പോൾ തിരിച്ച് കോൺഗ്രസിലെത്തി. പഴയ നിലപാടിൽ നിന്ന് പിന്നോക്കം പോയോ - നമ്മുടെ നിലപാട് എല്ലായ്പ്പോഴും ബി.ജെ.പിക്കെതിരാണ്. എന്റെ കുടുംബം എല്ലായ്പ്പോഴും ബി.ജെ.പിയോട് പൊരുതിനിന്നവരാണ്. അടിസ്ഥാനപരമായി ഞങ്ങളുടേത് കോൺഗ്രസ് കുടുംബമാണ്. അന്ന് ഞാൻ കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റായിരുന്നു. ബി.ജെ.പി ഉയർന്നുവരുന്ന സമയമായിരുന്നു. അതിന് തടയിടണമെങ്കിൽ തൃണമൂലുമായി സഖ്യമുണ്ടാക്കണമെന്ന് തോന്നി. പക്ഷേ പാർട്ടി ഹൈക്കമാൻഡ് യോജിച്ചില്ല. ഞാൻ തൃണമൂലിൽ ചേർന്നു. ഇവിടെ ലോക്സഭയിലേക്ക് മത്സരിച്ചു. എതിരാളി എന്റെ സഹോദരൻ ഇഷാഖാൻ ചൗധരിയായിരുന്നു. ഞങ്ങൾക്കുള്ള വോട്ടുകൾ പരസ്പരം വിഭജിച്ചുപോയി. ഉത്തർ മാൽദയിൽ അതുകാരണം ആ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചു. പക്ഷേ തൃണമൂലിൽ ചേർന്ന ശേഷം കുറേശ്ശെയായി ഞാൻ മനസ്സിലാക്കി, അവർക്ക് ബി.ജെ.പിയുമായി രഹസ്യബാന്ധവമുണ്ടെന്ന്. എസ്.ഐ.ആർ വിവാദത്തിൽ തന്നെ നോക്കൂ, തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ ശക്തമായൊരു രഹസ്യധാരണ ഉണ്ടായിട്ടുണ്ട്. 2021-ലെ പോലെ വോട്ടുകൾ ഭിന്നിപ്പിച്ച് ഇരുകൂട്ടരും തങ്ങൾക്കനുകൂലമാക്കിയെടുക്കുന്നു. ജനങ്ങളിൽ ഭയത്തിന്റെ മാനസികാവസ്ഥ സൃഷ്ടിക്കുന്നു. ഇതവരുടെ പദ്ധതിയാണ്. ജനങ്ങൾ അതിപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നു. ശക്തമായ കോൺഗ്രസ് കുടുംബത്തിൽ നിന്നുള്ളയാളാണ് ഞാൻ. അതെന്റെ മനസ്സിലെപ്പോഴുമുണ്ട്. പാർട്ടി വിട്ടുപോയതിൽ വലിയ പശ്ചാത്താപം ഉള്ളിന്റെയുള്ളിൽ എന്നെ അലട്ടി. എന്റെ കുടുംബവും വല്ലാതെ വേദനിച്ചു. സഹോദരനോട് (ഇഷ ഖാൻ) സംസാരിച്ചു. ഞങ്ങളിരുവരും ചേർന്ന്, ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഗനിഖാൻ ചൗധരിയുടെ പാരമ്പര്യം ഞങ്ങൾ ഉയർത്തിപ്പിടിച്ച് പിന്തുടരേണ്ടതുണ്ട്. ? എസ്.ഐ.ആറിന്റെ സ്വാധീനമെന്തായിരിക്കും - ഒരു തരം ഭയാന്തരീക്ഷം ജനങ്ങളിൽ സൃഷ്ടിച്ചിട്ടുണ്ട്. വോട്ടർപട്ടികയിൽ നിന്ന് പേരില്ലാതായാൽ മറ്റേതെങ്കിലും രാജ്യത്തേക്ക് നിങ്ങളെ നാടുകടത്തുമെന്ന് വരെ ചിലർ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നു. ദൗർഭാഗ്യവശാൽ ഇതിവിടെ ഒരു പ്രശ്നമായുണ്ട്. പക്ഷേ, ഞങ്ങൾ ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കി ഭീതിയകറ്റാൻ ശ്രമിക്കുകയാണ്. അർഹരായ വോട്ടർമാരുടെ പോലും പേരുകൾ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. അത് പരിഹരിക്കണം. തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കുകയെങ്കിലും വേണമെന്ന് സുപ്രീംകോടതിയിലും തിരഞ്ഞെടുപ്പ് കമ്മിഷനോടും ഞങ്ങൾ ആവശ്യപ്പെട്ടു. എല്ലാ രേഖകളുമുള്ള അർഹരായ ആളുകൾ നീക്കം ചെയ്യപ്പെട്ടപ്പോൾ മരിച്ചവരുടെ പേരുകൾ പോലും വോട്ടർപട്ടികയിൽ കയറിക്കൂടിയ അവസ്ഥയുമുണ്ട്. അതിനാൽ ഈ പ്രക്രിയ അപ്പാടെ ക്രമക്കേട് നിറഞ്ഞതായി. അർഹരായ എല്ലാവർക്കും വോട്ടവകാശത്തിനുള്ള അവസരമുറപ്പാക്കുന്നത് വരെയെങ്കിലും വോട്ടെടുപ്പ് നീട്ടണമെന്ന് ഞങ്ങളാവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ഒരുത്സവമാണ്. ബംഗാളിലായാലും ഇന്ത്യയിലായാലും. അതിനൊരു തടസ്സമുണ്ടാക്കുന്നത് സ്വാഭാവികമായും പ്രശ്നം സൃഷ്ടിക്കും. ഞങ്ങൾ പോരാടുകയാണ്. അർഹരായ വോട്ടർമാരാരും തന്നെ പുറത്താക്കപ്പെടാതിരിക്കാൻ പരമാവധി ശ്രമിക്കുന്നു. ? തൃണമൂലും എസ്.ഐ.ആറിനെതിരെ ഇതേ വാദമാണല്ലോ ഉയർത്തുന്നത് - തൃണമൂൽ തീർച്ചയായും ബി.ജെ.പിക്കെതിരെ പറയുമല്ലോ. പക്ഷേ ഇവർ രണ്ടുകൂട്ടരുടെയും ആസൂത്രണമെന്നത് കോൺഗ്രസിന് ജനങ്ങളുടെ പിന്തുണ ലഭിക്കാതിരിക്കുകയെന്നതാണ്. 2021ൽ ഇതുതന്നെ സംഭവിച്ചു. ഇത്തവണ അഡ്ജുഡിക്കേഷനിൽ 60 ലക്ഷം വോട്ടർമാരാണുണ്ടായത്. മുഖ്യമന്ത്രി മമത ബാനർജി സുപ്രീംകോടതിയിൽ പോയി. മാൾഡയിൽ മാത്രം 8.5 ലക്ഷം വോട്ടർമാരാണ് തർക്കത്തിൽ കുരുങ്ങിയത്. ഇവരിൽ ഏറെയും കോൺഗ്രസ് ശക്തികേന്ദ്രങ്ങളിലുള്ളവരാണ്. കോൺഗ്രസ് ജനങ്ങളിൽ നിന്ന് കൂടുതൽ പിന്തുണ നേടുന്നത് തടയുക മാത്രമാണ് ഇതിന് പിന്നിൽ. ഇതാണ് തൃണമൂലും ബി.ജെ.പിയും തമ്മിലെ ധാരണയും രഹസ്യ അജൻഡയും. ? സിറ്റിങ് എം.എൽ.എ മുമ്പ് ആർ.എസ്.പിയായിരുന്നപ്പോഴും ഇപ്പോൾ തൃണമൂലിലുമായി വർഷങ്ങളായി ഇവിടെ പ്രവർത്തിക്കുന്നയാളാണ്. അത് വെല്ലുവിളിയാണോ - അതൊരു വെല്ലുവിളിയായി തോന്നുന്നില്ല. പക്ഷേ ഏത് തിരഞ്ഞെടുപ്പായാലും അതൊരിക്കലും എളുപ്പപ്പണിയാവില്ല. നമ്മൾ കഠിനാധ്വാനം ചെയ്താലേ വിജയിക്കാനാവൂ. ഇവിടെ വലിയ തോതിൽ ഭരണവിരുദ്ധവികാരമുണ്ട്. ജനങ്ങൾക്ക് അവരോട് എതിർപ്പുണ്ട്. എം.എൽ.എയ്ക്കെതിരെയും ധാരാളം അഴിമതിയാരോപണമുണ്ട്. മാൽദയിൽ ഏറെ അംഗീകാരവും ജനങ്ങളുടെ ആദരവുമുള്ള കുടുംബമാണ് എന്റേത്. അതിനാൽ ജനങ്ങളുടെ സ്നേഹവായ്പ് ഞങ്ങൾക്ക് നല്ലപോലെ അനുഭവിക്കാനാകുന്നുണ്ട്. ഞാനൊരു സിറ്റിങ് എം.പിയായിരുന്നു ഇവിടെ. ജനങ്ങൾ എന്റെ പ്രവർത്തനം കണ്ടവരാണ്. അവരുടെ നല്ല സമയത്തും മോശം സമയത്തുമെല്ലാം ഞാനവർക്കൊപ്പമുണ്ടായിട്ടുണ്ട്. ഞാനവരോട് എല്ലായ്പ്പോഴും സംവദിക്കുകയും അവർക്കൊപ്പം പ്രവർത്തിക്കുകയും ചെയ്യുന്നയാളാണ്. അതവർക്കറിയാം. ബാക്കി തീരുമാനിക്കേണ്ടത് ജനങ്ങളാണ്. പക്ഷേ എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്. മുർഷിദാബാദ് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിൽ അധീർ രഞ്ജൻ ചൗധരിയെ കണ്ടപ്പോൾ: ? താങ്കൾ വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു - ഞാൻ അങ്ങേയറ്റം ശുഭപ്രതീക്ഷയിലാണ്. വിജയത്തിനായി നന്നായി പരിശ്രമിക്കുന്നു. ? ഇടതുപക്ഷവുമായി സഖ്യത്തിനായി എപ്പോഴും വാദിക്കുന്ന കോൺഗ്രസ് നേതാവാണ് താങ്കൾ. ഇത്തവണ സഖ്യമില്ല - ഇത്തവണ സഖ്യമില്ല. 2016ലും 21ലുമുണ്ടായിരുന്നു. ഇത്തവണയില്ല (ഇതേക്കുറിച്ച് കൂടുതൽ പ്രതികരിക്കാനുള്ള താൽപ്പര്യക്കുറവ് അദ്ദേഹം പ്രകടിപ്പിച്ച് പിൻവാങ്ങി). Content Highlights: Congress leaders Adhir Ranjan Chowdhury and Mausam Noor are spearheading the party's 2026 comeback efforts in West Bengal., Mausam Noor returns to Congress, emphasizing her family's legacy in Malda and criticizing TMC-BJP secret pacts., The 2026 electoral strategy focuses on addressing voter concerns regarding NRC and administrative corruption., Adhir Ranjan Chowdhury maintains strong grassroots presence in Berhampore, challenging both BJP and TMC dominance., The analysis highlights the shift in voter sentiment away from the TMC due to anti-incumbency and governance issues. Published: 20 Apr 2026, 09:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അധീർ രഞ്ജൻ, മൗസം നൂർ- ബംഗാളിലെ കോൺഗ്രസ് പ്രതീക്ഷകൾ ഇവരിലൂടെ… | Boolokam