Last Updated: 25 March 2026, 03:15 PM IST താത്ക്കാലിക ലാഭത്തേക്കാൾ കമ്പനികളുടെ അടിസ്ഥാനപരമായ കരുത്തിലും ഇന്ത്യയുടെ ദീർഘകാല വളർച്ചാ സാധ്യതകളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്. Image:Freepik പ ശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ആഗോള സാമ്പത്തിക ക്രമത്തിൽ നിഴൽ വീഴ്ത്തുമ്പോൾ ഇന്ത്യൻ ഓഹരി വിപണി കടുത്ത യാഥാർത്ഥ്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. നിലവിലെ യുദ്ധസാഹചര്യം നിക്ഷേപകരുടെ താത്പര്യങ്ങളെയും ഓഹരികളുടെ മൂല്യനിർണയത്തെയും കാര്യമായി സ്വാധീനിക്കുന്നണ്ട്. വിദേശ നിക്ഷേപകരുടെ പിന്മാറ്റവും യുദ്ധഭീതിയും കാരണം ലാർജ് ക്യാപ് ഓഹരികളിലും അതിലുപരി മിഡ് ക്യാപ്, സ്‌മോൾ ക്യാപ് വിഭാഗങ്ങളിലും പ്രകടമായ വിലക്കുറവ് ദൃശ്യമാണ്. ഈ താത്ക്കാലിക തകർച്ചയെ ദീർഘകാല അവസരമായി കാണാം. ഇതുവരെ വിപണി ഓഹരി വരുമാന വളർച്ചയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടില്ല എന്നതും യുദ്ധത്തിന്റെ ദൈർഘ്യത്തിനനുസരിച്ചായിരിക്കും ഭാവിയിലെ പുനരവലോകനങ്ങൾ എന്നതും ശ്രദ്ധേയമാണ്. ഈ ഘട്ടത്തിൽ വിപണിയിലെ ചാഞ്ചാട്ടത്തേക്കാൾ ഓരോ സെക്ടറിലും സംഭവിക്കുന്ന മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് വേണ്ടത്. To advertise here, വെല്ലുവിളികൾക്കിടയിലെ അവസരങ്ങൾ വിവിധ മേഖലകൾ ഈ പ്രതിസന്ധിയോട് പ്രതികരിക്കുന്ന രീതി വ്യത്യസ്തമാണ്. ഊർ മേഖലയിൽ ക്രൂഡോയിലിനൊപ്പം കൽക്കരിയുടെ വിലയിലുണ്ടാകുന്ന വർധനവും കമ്പനികളുടെ ലാഭക്ഷമതയെ ബാധിക്കാൻ സാധ്യതയുണ്ട്. സമുദ്ര ഗതാഗതത്തിലെ തടസ്സങ്ങൾ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയെ ബാധിക്കുമ്പോൾ തന്നെ, അമേരിക്ക ഏർപ്പെടുത്തിയ ഉയർന്ന ഇറക്കുമതി ചുങ്കം മൂലം മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ലോഹങ്ങൾ ഇന്ത്യയിലേക്ക് എത്തുന്നതും ലോഹ ഓഹരികളിൽ വിൽപന സമ്മർദം സൃഷ്ടിക്കുന്നു. എന്നിരുന്നാലും, കഴിഞ്ഞ വാരത്തിൽ ലോഹ ഓഹരികൾക്കും ഐടി, ഹെൽത്ത് കെയർ, എഫ്എംസിജി മേഖലകൾക്കും മികച്ച ഡിമാന്റ് അനുഭവപ്പെട്ടത് ശ്രദ്ധേയമാണ്. വില കുറഞ്ഞ സാഹചര്യത്തിൽ മികച്ച ഓഹരികൾക്കായി നിക്ഷേപകർ നടത്തുന്ന ഈ നീക്കം, താത്ക്കാലിക തിരിച്ചടികളെയും ദീർഘകാല വളർച്ചാ സാധ്യതകളെയും അവർ വേർതിരിച്ചറിയുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്. ശക്തമായ ആഭ്യന്തര ഡിമാന്റ് ഇപ്പോഴും വിപണിയുടെ നട്ടെല്ലായി തുടരുന്നു. സാമ്പത്തിക പ്രതിരോധം ആഗോള പ്രക്ഷുബ്ധതയ്ക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക അടിത്തറ അസാമാന്യമായ കരുത്ത് പ്രകടിപ്പിക്കുന്നുണ്ട്. വിദേശ കടം കൃത്യമായ നിയന്ത്രണത്തിലായിരിക്കുന്നതും ആഭ്യന്തര സാമ്പത്തിക സ്ഥിതി ഭദ്രമായി തുടരുന്നതും ഇന്ത്യയ്ക്ക് ആശ്വാസകരമാണ്. രൂപയുടെ മൂല്യശോഷണവും ക്രൂഡോയിൽ വിലവർധനവും ഹ്രസ്വകാല വെല്ലുവിളികൾ ഉയർത്തുന്നുണ്ടെങ്കിലും ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരും അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ഇന്ത്യയുടെ വളർച്ചാ പ്രവചനങ്ങളിൽ മാറ്റം വരുത്താൻ തയ്യാറായിട്ടില്ല. പശ്ചിമേഷ്യൻ സംഘർഷങ്ങൾ ദീർഘകാലം നീണ്ടുനിന്നാൽ മാത്രമേ ഈ കണക്കുകൂട്ടലുകളിൽ മാറ്റം വരികയുള്ളൂ. ചരിത്രപരമായി ഇത്തരം ജിയോപൊളിറ്റിക്കൽ ആഘാതങ്ങൾ ഹ്രസ്വകാലം മാത്രമാണ് നീണ്ടുനിൽക്കാറുള്ളത് എന്നതിനാൽ, പരിഭ്രാന്തരായി വിപണിയിൽ നിന്ന് പുറത്തുപോകുന്നതിനേക്കാൾ വലിയ നഷ്ടം മറ്റൊന്നുമില്ല. ദീർഘകാല പുനഃക്രമീകരണം വിപണിയിലെ നിലവിലെ തിരുത്തലുകൾ പോർട്ട്ഫോളിയോ ശുദ്ധീകരിക്കാനുള്ള മികച്ച അവസരമാണ് നൽകുന്നത്. അടുത്ത ആറ് മാസം മുതൽ ഒരു വർഷം വരെയുള്ള കാലയളവ് മുന്നിൽക്കണ്ട് നിക്ഷേപങ്ങളിൽ തന്ത്രപരമായ പുനഃക്രമീകരണം നടത്തേണ്ടത് അനിവാര്യമാണ്. സുരക്ഷിതമായ നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ലാർജ് ക്യാപ് ഓഹരികളിൽ കൂടുതൽ വിഹിതം നിലനിർത്തുന്നത് ഉചിതമായിരിക്കും. അതേസമയം, മിഡ് ക്യാപ്, സ്‌മോൾ ക്യാപ് വിഭാഗങ്ങളിൽ മികച്ച അടിസ്ഥാനമുള്ള ഓഹരികൾ മാത്രം ജാഗ്രതയോടെ തിരഞ്ഞെടുക്കാം. ഹ്രസ്വകാല തിരിച്ചടികളെ പ്രതിരോധിക്കാൻ സ്വർണം ഉൾപ്പെടെയുള്ള സുരക്ഷിത ആസ്തികളിൽ നിക്ഷേപത്തിന്റെ ഒരു നിശ്ചിത ശതമാനം നിലനിർത്തുന്നത് ഉചിതമായ റിസ്‌ക് മാനേജ്മെന്റ് തന്ത്രമാണ്. വിപണിയും നിലവിലെ മൂല്യനിർണയവും വിപണിയിൽ വിൽപന സമ്മർദം പ്രകടമാണെങ്കിലും വിശാലാടിസ്ഥാനത്തിൽ നോക്കുമ്പോൾ മൂല്യനിർണയത്തിൽ വലിയ തകർച്ച സംഭവിച്ചിട്ടില്ല. 10 വർഷത്തെ ശരാശരിയേക്കാൾ നേരിയ കുറവിൽ മാത്രമാണ് വിപണി ഇപ്പോൾ വ്യാപാരം നടത്തുന്നത് എന്നത് ശുഭപ്രതീക്ഷ നൽകുന്ന ഘടകമാണ്. മാർച്ച്, ജൂൺ പാദങ്ങളിലെ ഓഹരി വരുമാന വളർച്ചയിൽ കുറവുണ്ടാകാമെന്ന പ്രവചനങ്ങൾ വിപണിയിൽ താത്ക്കാലിക ചലനങ്ങൾ സൃഷ്ടിച്ചേക്കാം. എന്നാൽ അമേരിക്കയും ഇസ്രായേലും ഇടപെട്ട് യുദ്ധം വേഗത്തിൽ അവസാനിപ്പിക്കുകയും എണ്ണ ഉത്പാദന കേന്ദ്രങ്ങളെ ബാധിക്കാതിരിക്കുകയും ചെയ്താൽ വിപണിയിൽ വൻ കുതിച്ചുചാട്ടം പ്രതീക്ഷിക്കാം. പശ്ചിമേഷ്യൻ സംഘർഷം സൃഷ്ടിക്കുന്ന ചാഞ്ചാട്ടങ്ങൾ അപകടങ്ങളേക്കാൾ കൂടുതൽ ദീർഘകാല നിക്ഷേപകർക്ക് അനുകൂലമായ അന്തരീക്ഷമാണ് ഒരുക്കുന്നത്. വിപണിയിലെ മൂല്യനിർണയത്തിൽ വന്ന കുറവ് പുതിയ നിക്ഷേപങ്ങൾക്ക് അവസരം നൽകുന്നു. നിക്ഷേപകർ താത്ക്കാലിക ലാഭത്തേക്കാൾ കമ്പനികളുടെ അടിസ്ഥാനപരമായ കരുത്തിലും ഇന്ത്യയുടെ ദീർഘകാല വളർച്ചാ സാധ്യതകളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്. കൃത്യമായ ആസൂത്രണവും വിവേകപൂർണ്ണമായ പുനഃക്രമീകരണവും വഴി ഈ പ്രതിസന്ധി മറികടക്കാനും മികച്ച നേട്ടമുണ്ടാക്കാനും അവസരമുണ്ട്. Content Highlights: Identifies geopolitical tensions as temporary market corrections rather than permanent downturns., Emphasizes the strength of India's domestic economic fundamentals., Recommends portfolio rebalancing towards large-cap stocks for stability., Highlights the importance of long-term value over short-term panic selling., Suggests gold as a hedge against current market volatility. Published: 25 Mar 2026, 03:15 pm IST ABOUT THE AUTHOR ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സിലെ ഗവേഷണ വിഭാഗം മേധാവി. . Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അനിശ്ചിതത്വത്തിനിടയിലും കരുത്ത് പ്രകടിപ്പിച്ച് വിപണി: നേട്ടമാക്കാം ഈ സാധ്യതകൾ
M
MathrubhumiSource Link
about 2 months ago