To advertise here, സന്നദ്ധസംഘടനകളോടുള്ള ഭരണകൂടത്തിന്റെ അപ്രിയം ഒരു സമീപകാലപ്രവണതയാണ്. വിശേഷിച്ച് പരിസ്ഥിതി, മനുഷ്യാവകാശങ്ങൾ, ആദിവാസികളുടെ ഉന്നമനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകളെ ഇപ്പോഴത്തെ കേന്ദ്രസർക്കാർ സംശയദൃഷ്ടിയോടെയാണു വീക്ഷിക്കുന്നത്. ഏതെങ്കിലും സംഘടന ഇങ്ങനെ നോട്ടപ്പുള്ളിയായാൽ അതിനെ കുരുക്കാനുള്ള മുഖ്യ ഉപാധിയായി സർക്കാർ ഉപയോഗിക്കുന്നത് 2010-ലെ വിദേശസംഭാവനാ നിയന്ത്രണനിയമ(ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട്-എഫ്.സി.ആർ.എ.)ത്തിലെ വ്യവസ്ഥകളാണ്. ലഡാക്കിന്റെ സ്വയംഭരണത്തിനുള്ള രാഷ്ട്രീയപ്രക്ഷോഭം നയിച്ച് കേന്ദ്രസർക്കാരിന് അലോസരമായ സോനം വാങ്ചുക്കിനെതിരേ ഈയിടെ ഇത്തരമൊരു പ്രയോഗം നാം കാണുകയുണ്ടായി. വാങ്ചുക്കിന്റെ സന്നദ്ധസ്ഥാപനമായ സ്റ്റുഡന്റ്‌സ് എജുക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്‌മെന്റ് ഓഫ് ലഡാക്കിന്റെ എഫ്.സി.ആർ.എ. ലൈസൻസ് റദ്ദാക്കുകയും സാമ്പത്തിക ഇടപാടുകളെപ്പറ്റി സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിടുകയുംചെയ്തു. 2010-ലെ നിയമത്തിൽ ചില പ്രധാനമാറ്റങ്ങൾവരുത്തിക്കൊണ്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന എഫ്.സി.ആർ.എ. ഭേദഗതിബിൽ സാമൂഹികസേവനരംഗത്തു പ്രവർത്തിക്കുന്നവരിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. വിദേശസംഭാവന സ്വീകരിക്കുന്ന സന്നദ്ധസംഘടനകൾക്കും സ്ഥാപനങ്ങൾക്കുംമേൽ കേന്ദ്രസർക്കാരിന്റെ നിയന്ത്രണം മുറുക്കാൻ ലക്ഷ്യമിടുന്ന ബില്ലാണ് ഇത്. പാർലമെന്റിൽ അവതരിപ്പിച്ച ബിൽ ഈയാഴ്ച സമാപിക്കുന്ന ബജറ്റ് സമ്മേളനത്തിൽത്തന്നെ പാസാക്കാനാണ് സർക്കാരിന്റെ ശ്രമം. രാജ്യരക്ഷയടക്കമുള്ള താത്പര്യങ്ങളുടെ പരിഗണനയിൽ വിദേശസംഭാവനകൾക്കുമേൽ നിരീക്ഷണവും പരിശോധനയുമുണ്ടാകുന്നതിനെ തള്ളിപ്പറയാനാകില്ല. 2010-ലെ നിയമത്തിന്റെ ഉദ്ദേശ്യംതന്നെ അതായിരുന്നു. പുതിയ ഭേദഗതിബില്ലനുസരിച്ച്, ഏതെങ്കിലും സന്നദ്ധസംഘടനയുടെ എഫ്.സി.ആർ.എ. ലൈസൻസ് നിശ്ചിത കാലാവധിക്കുശേഷം പുതുക്കുന്നതിനുള്ള അപേക്ഷ നൽകാതിരിക്കുകയോ നിരസിക്കപ്പെടുകയോ ചെയ്യുന്നപക്ഷം പ്രസ്തുത ലൈസൻസ് സ്വാഭാവികമായി കാലഹരണപ്പെട്ടതായി കണക്കാക്കപ്പെടും. എന്നുമാത്രമല്ല, അങ്ങനെ സംഭവിക്കുന്നപക്ഷം ആ സംഘടന നേരത്തേ വിദേശസംഭാവനകൊണ്ടു സ്വരൂപിച്ച പണമോ ആസ്തികളോ ഏറ്റെടുക്കുന്നതിന് പ്രത്യേക അതോറിറ്റി രൂപവത്കരിക്കാനും ബിൽ വ്യവസ്ഥചെയ്യുന്നു. ആദ്യം തത്കാലത്തേക്കും പിന്നീട് വേണ്ടിവന്നാൽ സ്ഥിരമായും ഏറ്റെടുക്കാനാണ് വ്യവസ്ഥ. ഈ പണത്തിന്റെയും ആസ്തികളുടെയും മേൽനോട്ടത്തിനും നടത്തിപ്പിനും അതോറിറ്റിക്ക് അധികാരമുണ്ടാകും. സ്ഥിരമായി ഏറ്റെടുത്താൽ, പണവും ആസ്തികൾ വിറ്റുകിട്ടുന്ന കാശും രാജ്യത്തിന്റെ സഞ്ചിതനിധിയിലേക്ക് മുതൽക്കൂട്ടാനുള്ള അധികാരവും അതോറിറ്റിക്ക് നൽകിയിട്ടുണ്ട്. വിദേശസംഭാവന ഭാഗികമായിമാത്രം ഉപയോഗിച്ച് സ്വായത്തമാക്കിയ ആസ്തികളും ഇങ്ങനെ ഏറ്റെടുക്കാനാകും. സന്നദ്ധസംഘടനകൾ നടത്തുന്ന സ്കൂളുകൾ, ആശുപത്രികൾ, അനാഥാലയങ്ങൾ എന്നിവയടക്കമുള്ള സ്ഥാപനങ്ങൾ സർക്കാർസ്വത്താക്കിമാറ്റാനും സാധിക്കും. മതപരമായ സ്വഭാവം നിലനിർത്തിക്കൊണ്ട് ആരാധനാലയങ്ങൾപോലും ഇങ്ങനെ ഏറ്റെടുക്കാമെന്ന് ബില്ലിൽ വ്യവസ്ഥചെയ്തിരിക്കുന്നു. ഭരണകൂടത്തിന്റെ അനിഷ്ടം സമ്പാദിക്കുന്ന സന്നദ്ധസംഘടനകളെ ധ്വംസിക്കുകയെന്നതാണ് ഈ ബില്ലിന്റെ ഉദ്ദേശ്യമെന്നു മനസ്സിലാക്കാൻ ആഴത്തിലുള്ള പരിശോധനയുടെ ആവശ്യമൊന്നുമില്ല. സർക്കാരിന്റെ താത്പര്യങ്ങൾക്കു വിധേയമായിമാത്രം പ്രവർത്തിച്ചുകൊള്ളുകയെന്ന സന്ദേശമാണ് ഇത് സന്നദ്ധസംഘടനകൾക്കും സേവനപ്രവർത്തകർക്കും നൽകുന്നത്. അതിലേറെ ആപത്കരമായ മറ്റൊന്നുണ്ട്; ന്യൂനപക്ഷവിഭാഗങ്ങളുടെ സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കുമേൽ പിടിമുറുക്കുകയെന്ന ലക്ഷ്യംകൂടി ഈ ബില്ലിന് ഉണ്ടെന്നുകാണാനാകും. ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കവേ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞത്, വിദേശപണം ഉപയോഗിച്ച് മതപരിവർത്തനം സംഘടിപ്പിക്കുന്നവർക്കേ ഈ നിയമനിർമാണത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമുള്ളൂവെന്നാണ്. രാജ്യത്തിന്റെ മതനിരപേക്ഷചട്ടക്കൂടിൽ വിള്ളൽവീഴ്ത്താനുള്ള ഉദ്ദേശ്യംകൂടി ഈ ഭേദഗതിനീക്കത്തിൽ ഉള്ളടങ്ങിയിട്ടുണ്ടെന്നത് ഭീതിയുണർത്തുന്നു.
