അന്തസ്സോടെ ജീവിക്കാൻ അവർക്കും അവകാശമുണ്ട്

അന്തസ്സോടെ ജീവിക്കാൻ അവർക്കും അവകാശമുണ്ട്

M
MathrubhumiSource Link
Last Updated: 14 March 2026, 11:52 PM IST അരക്ഷിതമായ ചുറ്റുപാടിൽ ജീവിക്കാൻ നിർബന്ധിതരായ ഒരു സമൂഹത്തെ കൂടുതൽ അന്യവത്‌കരണത്തിലേക്ക് നീക്കാനേ ഈ നിയമഭേദഗതി വഴിയൊരുക്കൂ  ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശസംരക്ഷണത്തിനായി 2019 മുതൽ നിലനിൽക്കുന്ന നിയമത്തിൽ പൊളിച്ചെഴുത്തുനടത്തി പുതിയ ട്രാൻസ്‌ജെൻഡർ സംരക്ഷണ ഭേദഗതി ബിൽ കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുകയാണ്. സാമൂഹികനീതി-ശാക്തീകരണ വകുപ്പ് മന്ത്രി ഡോ. വീരേന്ദ്രകുമാർ ലോക്‌സഭയിൽ വെള്ളിയാഴ്ച അവതരിപ്പിച്ച ബില്ലിലെ ‘ട്രാൻസ്‌ജെൻഡർ’ പദത്തിന് നൽകിയിരിക്കുന്ന നിർവചനം വ്യക്തിസ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്നതാണെന്ന ഗുരുതര ആശങ്കയ്ക്ക് വഴിവെച്ചിരിക്കുന്നു. പുതുക്കിയ നിർവചനപ്രകാരം വ്യത്യസ്ത ലൈംഗിക ആഭിമുഖ്യങ്ങളും സ്വയം തിരിച്ചറിഞ്ഞതോ തീരുമാനിക്കുന്നതോ ആയ ലിംഗസ്വത്വങ്ങളും ഉള്ളവരെ ഇനി ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ഗണത്തിൽപ്പെടുത്തില്ല. കിന്നർ, ഹിജ്ര, അരവാണി, ജോഗ്ത തുടങ്ങി പരമ്പരാഗത സാമൂഹിക, സാംസ്കാരിക വിഭാഗങ്ങളിലുള്ളവർ, ജനിതകപരമോ ശാരീരികമോ ആയ വ്യത്യാസങ്ങൾ ജന്മനാ ഉള്ളവർ എന്നിവർ മാത്രമാകും നിർവചനത്തിന്റെ പരിധിയിൽപ്പെടുക. ബില്ലിന്റെ രണ്ടാംവകുപ്പിലാണ് ഈ നിർണായക ഭേദഗതി. ബലപ്രയോഗത്തിലൂടെയോ ചതിയിലൂടെയോ ഭീഷണിപ്പെടുത്തിയോ ഒരാളെ ട്രാൻസ്‌ജെൻഡർ സ്വത്വം സ്വീകരിക്കാൻ നിർബന്ധിക്കുന്നവർക്കെതിരേ കടുത്ത ശിക്ഷ ബില്ലിലെ 18-ാം വകുപ്പിലുണ്ട്. ട്രാൻസ്‌ജെൻഡർ വ്യക്തികളെ അവരുടെ സ്വത്വത്തിൽ ജീവിക്കാൻ സഹായിക്കുന്നവരെയും കുറ്റവാളികളാക്കുന്നതാണ് ഈ വ്യവസ്ഥയെന്നാണ് മനുഷ്യാവകാശപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോയി ഇത്തരത്തിൽ ട്രാൻസ്‌ജെൻഡർ സ്വത്വം അടിച്ചേൽപ്പിക്കുന്നവർക്ക് പത്തുവർഷംമുതൽ ജീവപര്യന്തംവരെ തടവും അഞ്ചുലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷ. ബില്ലിലെ ആറാം വകുപ്പിലുള്ള ഭേദഗതിവ്യവസ്ഥപ്രകാരം, ജില്ലാ മജിസ്‌ട്രേറ്റിന്റെയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു കീഴിലെ ചീഫ് മെഡിക്കൽ ഓഫീസർ അല്ലെങ്കിൽ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ എന്നിവരുടെയും നേതൃത്വത്തിലുള്ള മെഡിക്കൽബോർഡ് പരിശോധിച്ച് ശുപാർശ നൽകിയാലേ ട്രാൻസ്‌ജെൻഡർ സർട്ടിഫിക്കറ്റ് അനുവദിക്കാനാവൂ. മെഡിക്കൽബോർഡിനെ വിപുലമായ അധികാരങ്ങളുള്ള അതോറിറ്റിയായാണ് ബിൽ നിർദേശിക്കുന്നത്. മെഡിക്കൽ ബോർഡിന് ആവശ്യമെങ്കിൽ വിദഗ്‌ധോപദേശം തേടാം. ശസ്ത്രക്രിയക്ക് ശേഷമുള്ള ലിംഗമാറ്റത്തിന് മെഡിക്കൽ സ്ഥാപനങ്ങൾ നിർബന്ധമായും ജില്ലാ മജിസ്‌ട്രേറ്റിന് വിശദാംശങ്ങൾ കൈമാറണം. ട്രാൻസ്‌ജെൻഡർ വ്യക്തിയായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട് തിരിച്ചറിയൽസർട്ടിഫിക്കറ്റ് ലഭിച്ചുകഴിഞ്ഞ വ്യക്തിക്ക് ജനനസർട്ടിഫിക്കറ്റ് ഉൾപ്പെടെ എല്ലാ ഔദ്യോഗികരേഖകളിലും ആദ്യനാമത്തിൽ മാറ്റംവരുത്താം. ട്രാൻസ്‌ജെൻഡർ നിർവചനത്തിലെ അവ്യക്തത നീക്കാനും അനർഹരിലേക്ക് ഈ വിഭാഗക്കാർക്കുള്ള ആനുകൂല്യം പോകാതിരിക്കാനുമാണ് പുതിയ ഭേദഗതിയെന്ന് കേന്ദ്രം പറയുന്നു. എന്നാൽ, ട്രാൻസ്‌ജെൻഡർ സമൂഹത്തിന് 2019-ലെ നിയമപ്രകാരം അംഗീകരിച്ചുകിട്ടിയിരുന്ന എല്ലാ അവകാശങ്ങളെയും റദ്ദാക്കുന്നതാണ് ഈ നിർവചനമെന്ന ആശങ്കയാണ് ആ സാമൂഹികവിഭാഗത്തിൽ നിന്നുയരുന്നത്. ‘സ്വയം തിരിച്ചറിയുന്നതോ തീരുമാനിക്കുന്നതോ ആയ ലിംഗസ്വത്വം’ എന്നത് നിർവചനപരിധിയിൽ നിന്നൊഴിവാക്കുമ്പോൾ, ആധുനികസമൂഹത്തിലെ ഏറ്റവും പുരോഗമനപരമായ കാഴ്ചപ്പാടിൽനിന്ന് പതിറ്റാണ്ടുകൾ പുറകോട്ട് പോകുകയാണ്. ഭരണപരമായ പരിശോധനകളിലൂടെ സ്വത്വം നിർണയിക്കുന്ന രീതി പുരോഗമനസമൂഹത്തിന് ഒട്ടും ചേരുന്നതല്ല. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനെന്നപേരിൽ ചില ശിക്ഷാനടപടികൾ കർശനമാക്കിയെങ്കിലും നിയമത്തിന്റെ ദുരുപയോഗം അതിനെ തെറ്റായ ദിശയിലേക്ക് തള്ളിവിടാനും മതി. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായുള്ള നാഷണൽ കൗൺസിലിൽ ഈ വിഭാഗത്തിന്റെ പ്രാതിനിധ്യത്തെക്കാളും ഉദ്യോഗസ്ഥർക്ക് പ്രാമുഖ്യംനൽകിയത് ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ യഥാർഥ ആവശ്യങ്ങളെ പുറകോട്ട് തള്ളുമോയെന്ന ആശങ്കയും സൃഷ്ടിക്കുന്നു. വ്യക്തിയുടെ സ്വയം ബോധ്യത്താൽ കൈക്കൊള്ളുന്ന തീരുമാനമാണ് അയാളുടെ ട്രാൻസ്‌ജെൻഡർ സ്വത്വം. അത് ലിംഗപരമായ സ്വാതന്ത്ര്യമാണ്. അതൊരു മെഡിക്കൽ സംവിധാനത്തിലൂടെ തീരുമാനിക്കപ്പെടുമ്പോൾ വ്യക്തിസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ മൗലികാവകാശമാണ് ലംഘിക്കപ്പെടുക. അരക്ഷിതമായ ചുറ്റുപാടിൽ ജീവിക്കാൻ നിർബന്ധിതരായ ഒരു സമൂഹത്തെ കൂടുതൽ അന്യവത്‌കരണത്തിലേക്ക് നീക്കാനേ ഈ നിയമഭേദഗതി വഴിയൊരുക്കൂ. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സ്വയംപ്രഖ്യാപിത ലിംഗനിർണയത്തിനുള്ള അവകാശം 2014-ലെ നാൽസവിധിയിലൂടെ സുപ്രീംകോടതി അംഗീകരിച്ചതാണെന്നിരിക്കേ, അതിനെയും ലംഘിക്കുകയാണ് ഈ ബില്ലിലൂടെ. അതുകൊണ്ടുതന്നെ, മനുഷ്യത്വപരമായ എല്ലാ ആശങ്കകളെയും ഉൾക്കൊണ്ടുള്ള ഇടപെടലുകളും തിരുത്തലുകളും ബില്ലിൽ ഉണ്ടായേ മതിയാവൂ. To advertise here, Published: 14 Mar 2026, 11:52 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അന്തസ്സോടെ ജീവിക്കാൻ അവർക്കും അവകാശമുണ്ട് — Mathrubhumi | B… | Boolokam