അബുദാബി : നാലാമത് അന്താരാഷ്ട്ര ഓട്ടിസം സമ്മേളനത്തിന് അബുദാബി ആതിഥേയത്വം വഹിക്കും. ഈ മാസം 25 മുതൽ 28 വരെ അബുദാബി എനർജി സെന്ററിലാണ് സമ്മേളനം. നിശ്ചയദാർഢ്യക്കാരെ പിന്തുണയ്ക്കുന്നതിൽ ഇതിനകം അബുദാബി ആഗോളതലത്തിൽ ശ്രദ്ധനേടിയ പശ്ചാത്തലത്തിലാണ് സമ്മേളനം നടക്കുന്നത്. To advertise here, സായിദ് അതോറിറ്റി ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ ശൈഖ് ഖാലിദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർത്തൃത്വത്തിലാണ് സമ്മേളനം നടക്കുക. ലോട്ടസ് ഹോളിസ്റ്റിക് ഗ്രൂപ്പ്, അഡ്നോക്, ആഗോള പ്ലാറ്റ്ഫോമായ സ്‌കിൽസ് ഫോർ മൈൻഡ് എന്നിവ സമ്മേളനത്തിൽ സഹകരിക്കും. അബുദാബി കമ്യൂണിറ്റി ഡിവലപ്മെന്റ് വകുപ്പ്, അബുദാബി ആരോഗ്യ വകുപ്പ്, അബുദാബി സാംസ്കാരിക ടൂറിസം വകുപ്പ് എന്നീ അതോറിറ്റികളും പങ്കാളിത്തം വഹിക്കും. കൂടാതെ ഓട്ടിസംമേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധരുടെ നേതൃത്വത്തിൽ അന്താരാഷ്ട്രതലത്തിലുള്ള പ്രത്യേക സംഘവും സമ്മേളനത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര പങ്കാളിത്തം വികസിപ്പിച്ചുകൊണ്ട് ഓട്ടിസം മേഖലയിൽ രോഗനിർണയവും പുനരധിവാസവും കാര്യക്ഷമമായി നടപ്പാക്കുന്നത് ചർച്ചചെയ്യും. കൂടാതെ നിർമിതബുദ്ധി ഉപയോഗം വർധിപ്പിക്കുന്നതിലും രോഗികൾക്ക് നൂതന പരിശീലന പരിപാടികൾ ആവിഷ്കരിക്കുന്നതിലും തീരുമാനമെടുക്കും. കുടുംബവും സമൂഹവും ചേർന്നുകൊണ്ട് സുസ്ഥിരമായ സേവനമാതൃകകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കും. ശാസ്ത്ര സമ്മേളനം, പ്രായോഗിക ശില്പശാലകൾ, എ.ഐ. പരിശീലന ക്യാമ്പ്, ഏറ്റവും പുതിയ സാങ്കേതികത ഉൾക്കൊള്ളുന്ന പ്രദർശനം എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാവും. ഈ വർഷം യു.എ.ഇ. കുടുംബവർഷമായി ആചരിക്കുന്നതിന്റെ ഭാഗമായികൂടിയാണ് അബുദാബിയിൽ സമ്മേളനത്തിന് വേദിയൊരുങ്ങുന്നത്. നിർമിതബുദ്ധി പ്രോത്സാഹിപ്പിക്കൽ, അന്താരാഷ്ട്ര പങ്കാളിത്തം വർധിപ്പിക്കൽ, ജീവിതനിലവാരം മെച്ചപ്പെടുത്തൽ എന്നിവ അടിസ്ഥാന ലക്ഷ്യമാണെന്ന് സായിദ് അതോറിറ്റി ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷന്റെ ഡയറക്ടർ ജനറൽ അബ്ദുല്ല അബ്ദുൾ ആലി അൽ ഹുമൈദാൻ പറഞ്ഞു. 2025 -ൽ നടന്ന മൂന്നാമത് ഓട്ടിസം സമ്മേളനത്തിൽ 15 രാജ്യങ്ങളിൽനിന്ന് 2000-ത്തിലേറെപ്പേർ പങ്കെടുത്തിരുന്നു. ഇതോടെ സമ്മേളനത്തിന് കൂടുതൽ അന്താരാഷ്ട്രപ്രാധാന്യം കൈവരുകയും ഓട്ടിസത്തിൽ വൈദഗ്ധ്യമുള്ളവരുടെ ആഗോള പ്ലാറ്റ്ഫോമായി മാറുകയും ചെയ്തു. മുൻവർഷത്തെ സമ്മേളനത്തിൽ യു.എ.ഇ.യിൽനിന്നുമാത്രം 1360-ലേറെപ്പേർ പങ്കെടുത്തിരുന്നു.
