അന്ത്യശാസനം 10 ദിവസംകൂടി നീട്ടി; ട്രംപ് പതുങ്ങുന്നത് വീണ്ടും ചതിക്കാനോ? ഹോർമുസിലെ അണിയറ നീക്കങ്ങൾ

അന്ത്യശാസനം 10 ദിവസംകൂടി നീട്ടി; ട്രംപ് പതുങ്ങുന്നത് വീണ്ടും ചതിക്കാനോ? ഹോർമുസിലെ അണിയറ നീക്കങ്ങൾ

M
MathrubhumiSource Link
ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാനു നീട്ടി നൽകിയ അഞ്ചു ദിവസത്തെ സമയപരിധി ഏപ്രിൽ ആറുവരെ ദീർഘിപ്പിച്ചിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കടലിടുക്ക് 48 മണിക്കൂറിനകം തുറന്നില്ലെങ്കിൽ ഇറാനിലെ വൈദ്യുതനിലയങ്ങളും ഊർജ സംവിധാനങ്ങളും തകർക്കുമെന്നായിരുന്നു ആദ്യം ട്രംപിന്റെ ഭീഷണി. പിന്നീട് 'വളരെ ഫലപ്രദമായ ചർച്ചകൾ' നടന്നതായി അവകാശപ്പെട്ടാണ് അദ്ദേഹം അഞ്ചു ദിവസത്തേക്ക് (മാർച്ച് 28 വരെ) സമയപരിധി നീട്ടിയത്. ഇറാൻ ഏഴുദിവസത്തെ സാവകാശം ചോദിച്ചെന്നും താൻ പത്തുദിവസം നൽകിയെന്നും അദ്ദേഹം പറഞ്ഞു. To advertise here, ഹോർമുസ് കടലിടുക്ക് വഴി എട്ട് എണ്ണ ടാങ്കറുകൾ കടത്തിവിട്ടതാണ് താൻ നേരത്തേ പറഞ്ഞ ഇറാന്റെ സമ്മാനമെന്നും ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ രണ്ടുദിവസമായി ഇറാനുമായി ഫലപ്രദമായ ചർച്ചകൾ നടന്നുവരികയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കൻ- ഇസ്രയേലി ആക്രമണത്തിന്റെ സ്വഭാവത്തെക്കുറിച്ച് ലോകമാകെ അസ്വസ്ഥത പടരുന്നതിനിടയ്ക്കാണ് സമയപരിധി വീണ്ടും നീട്ടിയിരിക്കുന്നത്. ഊർജ, വൈദ്യുതനിലയങ്ങൾക്കു നേരേയും മറ്റുമുള്ള ആക്രമണങ്ങൾ ജനീവ കരാറിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആശുപത്രികൾക്കാവശ്യമായ വൈദ്യുതി ഗ്രിഡ്, ജലവിതരണം തുടങ്ങിയ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ മനപ്പൂർവം ലക്ഷ്യമാക്കുന്നത് വഴി സാധാരണക്കാർക്ക് കാര്യമായ അപകടമുണ്ടാക്കുന്നത് യുദ്ധക്കുറ്റമാണ്. യുക്രൈനിൽ സമാനമായ ആക്രമണം നടത്തിയതിന് അന്താരാഷ്ട്ര നീതിന്യായക്കോടതി (ഐസിസി) റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അമേരിക്ക ഐസിസിയെ അംഗീകരിക്കുന്നില്ല, എങ്കിലും തങ്ങളുടെ നീക്കങ്ങൾക്ക് അന്താരാഷ്ട്രപിന്തുണ നേടാനുള്ള ശ്രമത്തെ പിന്നോട്ടടിപ്പിക്കാം. എല്ലാവരെയും വെറുപ്പിക്കുന്ന ട്രംപിന്റെ നാക്ക് നിയന്ത്രണമില്ലാതെ പ്രവർത്തിച്ചു കൊണ്ടേയിരിക്കുകയാണ്. നാറ്റോ രാജ്യങ്ങളെ അടച്ചാക്ഷേപിച്ച അദ്ദേഹം മേലിൽ അവരുടെ സഹായം വേണ്ടെന്നു പറഞ്ഞു. ഇറാനെ ആരു ഭരിക്കണമെന്ന് യുഎസ് തീരുമാനിക്കുമെന്ന് തുടക്കത്തിൽ വീമ്പിളക്കിയ പ്രസിഡന്റ് കഴിഞ്ഞ ദിവസം പറഞ്ഞു, ഇറാൻ തന്നെ സുപ്രീം ലീഡറാക്കാമെന്ന് വാഗ്ദാനം ചെയ്‌തെന്ന്. പരമോന്നത നേതാവ് പദവി മതപരമാണെന്ന് പ്രസിഡന്റിന് ആരും പറഞ്ഞുകൊടുത്തിട്ടുണ്ടാവില്ല! ഇപ്പോഴാകട്ടെ, അതിനെക്കാൾ വലിയ ഒരു 'വെളിപ്പെടുത്തൽ' നടത്തിയിരിക്കുകയാണ് ട്രംപ്. ഇറാനിലെ പുതിയ പരമോന്നതനേതാവ് മുജ്താബ ഖമനെയി സ്വവർഗരതിക്കാരനായിരിക്കാമെന്ന് യുഎസ് ചാരസംഘടന തന്നെ അറിയിച്ചപ്പോൾ ഞെട്ടിപ്പോയെന്ന്. അക്കാരണത്താൽ മകനെ പിൻഗാമിയാക്കാൻ പിതാവ് അലി ഖമനെയി ആശങ്കപ്പെട്ടിരുന്നുവെന്നും. ഈ വിവരം സത്യമാണെന്നിരിക്കട്ടെ. പക്ഷേ, അത് പുറത്തുവരുന്ന സമയം വളരെ സംശയാസ്പദമാണ്. മുമ്പ് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ, റഷ്യൻ പ്രസിഡന്റ് പുടിൻ എന്നിവരെക്കുറിച്ച് പാശ്ചാത്യ മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്ന കഥകൾ ഓർത്തുപോവുന്നു. ട്രംപ് കൈവിട്ടു കളിക്കുമോ? ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ (ഐആർജിസി) 'ട്രൂ പ്രോമിസ്' ഓപ്പറേഷൻ തുടരുന്നതിനിടെ യുദ്ധം കൂടുതൽ രൂക്ഷമാവുകയാണ്. യെമനിലെ ഹൂതി പോരാളികൾ കപ്പൽ ഗതാഗതത്തിൽ നിർണായകമായ ബാബ് അൽ മണ്ടബ് കടലിടുക്കിന്റെ നിയന്ത്രണമേറ്റെടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. (യെമനും ജിബൂട്ടിക്കുമിടയ്ക്കുള്ള ഈ കടൽപ്പാത ചെങ്കടലിനെ ഏദൻ ഉൾക്കടലും ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്നു.) ഏഷ്യയും യൂറോപ്പും തമ്മിലുള്ള വ്യാപാരത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന ഈ കടലിടുക്ക് അടച്ചാൽ ലോകവ്യാപാരത്തിന് വൻപ്രത്യാഘാതമുണ്ടാകും. ലോകത്തെ ഇന്ധനക്കടത്തിന്റെ 13 ശതമാനം ഇതുവഴിയാണ്. ഹോർമൂസിലെ 20 ശതമാനം കൂടി കണക്കിലെടുത്താൽ 33 ശതമാനം ഇന്ധനക്കടത്തിന്റെ നിയന്ത്രണം ഇറാന്റെ കൈയിലാവും. (ഹോർമൂസിൽ ഇന്ത്യ, റഷ്യ, ചൈന, ഇറാഖ്, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുടെ കപ്പലുകൾക്ക് പ്രത്യേകാനുമതി ഉണ്ട്.) ഹോർമുസ് ഉപരോധത്തിന്റെ ചുമതല വഹിച്ചിരുന്ന ഇറാന്റെ നാവികസേനാ മേധാവിയെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. അമേരിക്കയുടെ വമ്പൻ വിമാനവാഹിനിക്കപ്പലുകളായ യുഎസ്എസ് ലിങ്കണും ഫോർഡും ഇറാന്റെ പരിസരത്തുനിന്നു പിൻമാറിയിരുന്നു. ഇറാന്റെ മിസൈൽ ആക്രമണങ്ങളിൽ കേടുപാടു സംഭവിച്ചതാവാം കാരണം. അമേരിക്കയുടെ കുറെ എഫ് 15, എഫ് 16, എഫ് 18 വിമാനങ്ങൾ ആക്രമണത്തിൽ തകർന്നതായി കരുതപ്പെടുന്നു. ഇറാന്റെ മിസൈലേറ്റ എഫ് 35 വിമാനം തിരിച്ചിറക്കി. 27 ദിവസത്തെ തുടർച്ചയായ വ്യോമാക്രമണത്തിനു ശേഷവും ഇറാന്റെ പോരാട്ടവീര്യത്തെ തകർക്കാൻ അമേരിക്കൻ-ഇസ്രയേലി തന്ത്രങ്ങൾക്കായിട്ടില്ല. മിസൈലാക്രമണങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും പ്രഹരശേഷിയും കൃത്യതയും കൂടിയെന്ന് നിരീക്ഷകർ പറയുന്നു. കൃത്യമായ ഉപഗ്രഹവിവരങ്ങളും മറ്റും നൽകി റഷ്യയും ചൈനയും സഹായിക്കുന്നുണ്ടാകാം. റഷ്യ പുതിയ തലമുറ ഡ്രോണുകളും വ്യോമപ്രതിരോധസംവിധാനങ്ങളും നൽകുന്നതായി പാശ്ചാത്യമാധ്യമങ്ങൾ പറയുന്നു. ദിവസങ്ങളായി 'പ്രതീതിയുദ്ധ'ത്തിലും ഇറാൻ കൂടെപ്പിടിക്കുന്നുണ്ട്. അമേരിക്കൻ, ഇസ്രയേലി ലക്ഷ്യങ്ങളിൽ തങ്ങളുടെ മിസൈലുകൾ പതിക്കുന്നതിന്റെയും മറ്റും ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ അവർ ലഭ്യമാക്കുന്നു. ഇസ്രയേലിൽ വലിയ തോതിൽ നാശനഷ്ടങ്ങളുണ്ടാക്കാൻ ഇറാന്റെ മിസൈൽ ആക്രമണങ്ങൾക്കാവുന്നുണ്ട്. അവരുടെ ബാലിസ്റ്റിക് മിസൈലുകളെ ചെറുക്കാനുള്ള മിസൈൽ ശേഖരം കുറയുകയാണ്. ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സസിന്റെ (ഐഡിഎഫ്) മേധാവി ജനറൽ എയാൽ സമീർ ഒരു ആഭ്യന്തര യോഗത്തിൽ നൽകിയ മുന്നറിയിപ്പ് ഞെട്ടിക്കുന്നതാണ്. തുടർച്ചയായ ഓപ്പറേഷനുകളും സൈനികരുടെ കടുത്ത ക്ഷാമവും, ഒന്നിലധികം മുന്നണികളിൽ ഒരേസമയം യുദ്ധം ചെയ്യുന്നതിന്റെ സമ്മർദ്ദവും കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയെന്ന് ടൈംസ് ഓഫ് ഇസ്രയേൽ പറയുന്നു. ഗാസ, ലെബനോൻ, വെസ്റ്റ് ബാങ്ക്, സിറിയ, ഇറാൻ തുടങ്ങിയ മേഖലകളിൽ ഒരേസമയം പോരാട്ടങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് ഇസ്രയേൽ. സമീറിന്റെ മുന്നറിയിപ്പ് ഇസ്രയേൽ ഭരണകൂടത്തിനുള്ളിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ട്രംപ് അന്ത്യശാസനം നീട്ടിയതിനു പിന്നിലെ ആത്മാർത്ഥതയെ ലോകം സംശയിക്കുന്നുണ്ട്. മേഖലയിൽ അമേരിക്ക വലിയ തോതിൽ യുദ്ധസന്നാഹങ്ങൾ ഒരുക്കുന്നതു മാത്രമല്ല, മുമ്പു രണ്ടുതവണ (കഴിഞ്ഞ ജൂണിലും കഴിഞ്ഞ മാസവും) കരാറിനു തൊട്ടടുത്തുവച്ച് പിൻമാറി ഇറാനെ 'ചതിച്ചതും' അവിശ്വാസത്തിന്റെ അന്തരീക്ഷമുണ്ടാക്കുന്നു. അന്ത്യശാസനം നീട്ടുന്നത് കൂടുതൽ സന്നാഹങ്ങളെത്തിക്കുന്നതിന് സമയം കിട്ടാൻ വേണ്ടിയാണെന്ന് കരുതുന്നവരുണ്ട്. യുദ്ധത്തിന്റെ തുടക്കത്തിലെ കണക്കുകൂട്ടലുകൾ തെറ്റിയ ട്രംപിന്റെ ജനപ്രീതി 37 ശതമാനമായി ഇടിഞ്ഞിരിക്കുകയാണ്. നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ ജയിക്കാൻ എന്തു സാഹസവും -ഇറാനിൽ കരയുദ്ധം നടത്തുന്നതടക്കം- ചെയ്യാൻ അദ്ദേഹം മടിക്കില്ല. പക്ഷേ, കരയുദ്ധം അമേരിക്കയ്ക്ക് ഒട്ടും എളുപ്പമാവില്ല. 'വളരെ അപകടം പിടിച്ച, വളരെ നേട്ടങ്ങൾക്ക് സാധ്യത'യുള്ള നീക്കമാണെന്ന് സൈനിക നേതൃത്വം ഉപദേശിച്ചതിന്റെ ട്രംപ് രണ്ടാം ഭാഗം മാത്രം കേട്ടിരിക്കാനാണ് സാധ്യത. സമാധാനചർച്ചയും പാകിസ്താനും പാകിസ്താൻ മുഖാന്തിരമാണ് അമേരിക്ക വെടിനിർത്തലിന് പതിനഞ്ചിന പദ്ധതി ഇറാനെ അറിയിച്ചത്. പകരമായി ഇറാൻ വെടിനിർത്തലിന് അഞ്ചിന പദ്ധതി നിർദ്ദേശിച്ചു. അമേരിക്കയുടെ നിർദ്ദേശങ്ങൾ ആണവപദ്ധതിയും മിസൈൽശേഷിയുമടക്കം ഇറാന്റെ പല്ലും നഖവും പിഴുതെടുക്കാൻ ഉദ്ദേശിച്ചുള്ളവയാണ്. ഇറാനാകട്ടെ, ഭാവിയിൽ തങ്ങൾക്കെതിരായ ആക്രമണം ആവർത്തിക്കില്ലെന്ന ഉറപ്പ്, യുദ്ധത്തിൽ തങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾക്ക് സാമ്പത്തിക പരിഹാരം, ഹോർമുസിലെ തങ്ങളുടെ അധികാരത്തെ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കുക, ഹിസ്ബുള്ളയും ഹൂത്തിയും പോലുള്ള പ്രോക്‌സികളെ ആക്രമിക്കരുത് തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ടുവെക്കുന്നത്. ഒറ്റനോട്ടത്തിൽ ഇരുകൂട്ടർക്കും ഒരുതരത്തിലും അംഗീകരിക്കാത്ത നിർദ്ദേശങ്ങളാണ് രണ്ടിലും. അമേരിക്കയുമായി നേരിട്ട് ചർച്ച നടത്തുന്നില്ലെന്ന് വ്യക്തമാക്കിയ ഇറാൻ, പാകിസ്താനും തുർക്കിയും ഈജിപ്തുമായി സന്ദേശങ്ങൾ കൈമാറുന്നതായി അറിയിച്ചിട്ടുണ്ട്. ഇറാനു നൽകിയ അന്ത്യശാസനം പിന്നെയും നീട്ടിയതിന് പിന്നിൽ പാകിസ്താൻ വഴി നടക്കുന്ന രഹസ്യ ചർച്ചകളാണെന്ന് ചില പാശ്ചാത്യപത്രങ്ങൾ റിപ്പോർട്ടുചെയ്യുന്നു. ഇറാന്റെ അവശേഷിക്കുന്ന പ്രധാന നേതാക്കളായ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖാലിബാഫ് എന്നിവരെ 'ഉന്മൂലന പട്ടിക'യിൽനിന്ന് ഒഴിവാക്കാൻ പാകിസ്താൻ ആവശ്യപ്പെട്ടത് അമേരിക്ക സമ്മതിച്ചു എന്ന് അഭ്യൂഹമുണ്ട്. സമാധാനക്കരാറിൽ ഒപ്പിടാൻ ഇറാനിൽ ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും ബാക്കിയുണ്ടാകണം എന്ന വാദമാണ് പാകിസ്താൻ ട്രംപിന് മുന്നിൽ വെച്ചത്. ട്രംപിന്റെ കുടുംബവും പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫിന്റെ കുടുംബവുമായുള്ള ബിസിനസ്സ് ഇടപാടുകൾ വഴി ഉണ്ടാക്കിയ അടുത്തബന്ധമാണ് പ്രശ്‌നത്തിൽ ഇടപെടാൻ പാകിസ്താനെ സഹായിച്ചതെന്ന് കരുതുന്നു. അമേരിക്കയുടെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഖാലിബാഫും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ഇസ്‌ലാമാബാദ് വൈകാതെ വേദിയാകുമെന്ന് കരുതപ്പെടുന്നു. പ്രശ്‌നപരിഹാരത്തിന് ഇന്ത്യ പ്രത്യക്ഷത്തിൽ ഇടപെടുന്നില്ല. പാകിസ്താന്റെ മധ്യസ്ഥതയെക്കുറിച്ച് ചോദ്യം വന്നപ്പോൾ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ മറുപടി ഇന്ത്യ ദല്ലാൾ പണി ചെയ്യില്ല എന്നായിരുന്നു. ഇന്ത്യ സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ ഇറാനുമായി ഉന്നതതല ചർച്ചകൾ നടത്തി. നിരവധി ഇന്ത്യൻ ടാങ്കറുകൾ സുരക്ഷിതമായി ഹോർമൂസ് കടന്നു. ഗൾഫ് മേഖലയിലുള്ള ഏകദേശം ഒരു കോടി ഇന്ത്യക്കാരുടെ സുരക്ഷയും ഇന്ത്യയിലേക്കുള്ള എണ്ണ, ഗ്യാസ് വിതരണവും ഉറപ്പാക്കുക എന്നതാണ് ഇന്ത്യയുടെ പ്രധാനലക്ഷ്യം. ആഗോളമാന്ദ്യം അരികെ? ഇറാൻ-അമേരിക്ക സംഭാഷണങ്ങൾ പരാജയപ്പെടുകയും യുദ്ധം നീണ്ടു പോവുകയും എണ്ണവില ബാരലിന് 150 ഡോളറെത്തുകയും ചെയ്താൽ ലോകം ഗുരുതരമായ സാമ്പത്തികമാന്ദ്യത്തിലേക്ക് പോകുമെന്ന് ബ്ലാക്ക്‌റോക്ക് സിഇഒ ലാറി ഫിങ്ക് പറയുന്നു. അതേസമയം 40 ഡോളറിലേക്ക് താഴ്ന്നാൽ ലോകത്ത് സമൃദ്ധിയും സാമ്പത്തിക വളർച്ചയും ഉണ്ടാകും. യുദ്ധം അവസാനിച്ചാലും ഹോർമുസിന് ഭീഷണിയായി ഇറാൻ തുടർന്നാൽ എണ്ണവില വർഷങ്ങളോളം 150 ഡോളറിനടുത്തു നിൽക്കുമെന്നും അത് ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റൊന്ന് വളം പ്രതിസന്ധിയാണ്. ഹോർമുസ് അടഞ്ഞത് ലോകത്തെ വളം വ്യാപാരത്തിന്റെ മൂന്നിലൊരു ഭാഗത്തെ ബാധിച്ചു. കാരണം ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള യൂറിയ, അമോണിയ തുടങ്ങിയവയുടെ ലഭ്യത കുറഞ്ഞതാണ്. ഇപ്പോൾ അമോണിയം നൈട്രേറ്റ് വളം കയറ്റുമതി ഒരു മാസത്തേക്ക് റഷ്യ നിർത്തിവച്ചിരിക്കുകയാണ്. ലോകത്തിലെ അമോണിയം നൈട്രേറ്റ് വ്യാപാരത്തിന്റെ 40 ശതമാനം വരെ നിയന്ത്രിക്കുന്ന റഷ്യയുടെ ഈ നടപടി വളം വിലകൾ 30 മുതൽ 40 ശതമാനം വരെ ഉയർത്തിയിട്ടുണ്ട്. 2026-ലെ കൃഷി സീസണിന് വൻ ഭീഷണിയാണ് ഈ സാഹചര്യം. എണ്ണ, എൽഎൻജി, വളം തുടങ്ങിയവയുടെ ലഭ്യതയിലുള്ള പ്രതിസന്ധി ആഫ്രിക്കയിലും ഏഷ്യയിലും ഭക്ഷ്യസുരക്ഷയ്ക്കും വലിയ ഭീഷണിയാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അന്ത്യശാസനം 10 ദിവസംകൂടി നീട്ടി; ട്രംപ് പതുങ്ങുന്നത് വീണ്ടു… | Boolokam