അബുദാബി: അപകടകരമായ ഡ്രൈവിങ് രീതികൾക്കെതിരേയും പൊതുജനസുരക്ഷയുടെ സാമൂഹിക ഉത്തരവാദിത്വങ്ങളെക്കുറിച്ചും അബുദാബി പോലീസിന്റെ ബോധവത്കരണം. പ്രസിഡൻഷ്യൽ കോർട്ട് സിറ്റിസൺസ് ആൻഡ് കമ്യൂണിറ്റി അഫയേഴ്‌സ് ഓഫീസിനു കീഴിലുള്ള അബുദാബി കൗൺസിലുകളുമായി സഹകരിച്ചുകൊണ്ട് അൽഐൻ അൽ മഖാം മജ്‌ലിസിലായിരുന്നു ബോധവത്കരണം. ’ഉത്തരവാദിത്വത്തോടെ സാമൂഹിക സുരക്ഷ ശക്തിപ്പെടുത്തൽ’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയായിരുന്നു അബുദാബി പോലീസിന്റെ അവബോധം. ഈ വർഷം യു.എ.ഇ. കുടുംബവർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി സമൂഹത്തെ ഉൾപ്പെടുത്തിക്കൊണ്ട് ’നമ്മളെല്ലാവരും പോലീസ്’ എന്ന കാംപെയ്ൻ സാമൂഹിക അവബോധത്തിന്റെ ഭാഗമാക്കി. To advertise here, സാമൂഹികപ്രശ്നങ്ങൾ പരിഹരിക്കുകയും സമൂഹനന്മയ്ക്കായി അവബോധം സൃഷ്ടിക്കുകയും തെറ്റായ പെരുമാറ്റരീതികൾ തടയുകയും ഒപ്പം പോസിറ്റീവ് മൂല്യങ്ങൾ ശക്തിപ്പെടുത്തുകയുമാണ് പോലീസിന്റെ ലക്ഷ്യം. അതിനായി കമ്യൂണിറ്റി ഫോറങ്ങൾ രൂപവത്കരിക്കുമെന്ന് അൽ മഖാം പോലീസ് സെന്റർ ഡയറക്ടർ കേണൽ സുൽത്താൻ സുബൈഹ് അൽ മെനായി പറഞ്ഞു. പൊതുസുരക്ഷ ഉറപ്പുവരുത്തുന്ന പുതിയൊരു തലമുറയെ സൃഷ്ടിക്കുകയാണ് ബോധവത്കരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അൽ ഐനിലെ ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ഉപഡയറക്ടർ കേണൽ അഹമ്മദ് അബ്ദുല്ല അൽ ഷെറൈഫി ഗതാഗത നിയമങ്ങൾ പാലിക്കേണ്ട ആവശ്യകത വിശദീകരിച്ചു. അമിതവേഗത, അശ്രദ്ധമായ ഡ്രൈവിങ്, പെട്ടെന്നുള്ള ലെയ്ൻ മാറ്റങ്ങൾ, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, കാൽനടയാത്രക്കാരെ അവഗണിക്കാൻ, ടെയിൽഗേറ്റിങ്, ചുവന്ന സിഗ്നൽ കടക്കൽ ഉൾപ്പെടെ അപകടകരമായ ഡ്രൈവിങ്ങുകൾക്കെതിരേ അൽ ഷെറൈഫി മുന്നറിയിപ്പ് നൽകി. മുതിർന്ന പൗരർക്കുള്ള സേവനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളും അധികൃതർ വിശദീകരിച്ചു. ഓൺലൈൻ തട്ടിപ്പുകൾക്കെതിരേയും ജാഗ്രതവേണം ഓൺലൈൻ തട്ടിപ്പുകൾ, ബ്ലാക്ക്‌മെയിലിങ് എന്നിവയുമായി ബന്ധപ്പെട്ടുള്ള അജ്ഞാത ഫോണുകളും സന്ദേശങ്ങൾക്കുമെതിരേ ജാഗ്രത വേണമെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം മേധാവി മേജർ റാഷിദ് ഹുമൈദ് അൽ ദർമാക്കി ഓർമ്മിപ്പിച്ചു. പ്രത്യേകിച്ചും ഇത്തരം തട്ടിപ്പുകളിൽ കൗമാരക്കാർ ഇരകളാകാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ ഓൺലൈൻ പ്രവർത്തനം നിരീക്ഷിക്കുകയും സംശയകരമായ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുകയും വേണം. ലഹരി ഉത്പന്നങ്ങളിൽനിന്ന് യുവജനങ്ങളെ സംരക്ഷിക്കാൻ കുടുംബങ്ങൾക്കും പ്രധാന പങ്കുവഹിക്കാനുണ്ടെന്ന് ക്യാപ്റ്റൻ ജാബർ നാസർ അൽ അഹ്ബാബിയും ഓർമ്മിപ്പിച്ചു. ഗതാഗത സുരക്ഷയെക്കുറിച്ചും നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള അവബോധ വീഡിയോകളും സെഷനിൽ ഉൾപ്പെടുത്തിയിരുന്നു. കുടുംബം, സംവാദം, പ്രതിരോധം, സാമൂഹിക ഐക്യം ശക്തിപ്പെടുത്തൽ എന്നിവയ്ക്കുള്ള ഫലപ്രദമായ വേദികളായി ഇത്തരം കമ്യൂണിറ്റി ഫോറങ്ങൾ തുടർന്നും സംഘടിപ്പിക്കാനുള്ള ആഹ്വാനങ്ങളുമായാണ് പരിപാടി സമാപിച്ചത്.

അപകടകരമായ ഡ്രൈവിങ്ങിനെതിരേ അബുദാബി പോലീസ്
M
MathrubhumiSource Link
about 1 month ago