അപകടമുണ്ടാകാൻ കാത്തിരിക്കല്ലേ ...

അപകടമുണ്ടാകാൻ കാത്തിരിക്കല്ലേ ...

എണ്ണൂറാംവയൽ കുളത്തിൽ സുരക്ഷയൊരുക്കാൻ To advertise here, വെച്ചൂച്ചിറ : ടൗണിന് സമീപം തുറസ്സായി കിടക്കുന്ന എണ്ണൂറാംവയൽ കുളത്തിന് ചുറ്റുവേലി സ്ഥാപിക്കാത്തത് ഭീഷണി ഉയർത്തുന്നു. കെട്ടിമറയ്ക്കാത്ത കുളത്തിന്റെ വശത്തെ കരിങ്കൽ കെട്ടിലിരുന്ന് കുട്ടികൾ കളിക്കുന്നതും കുളത്തിലേക്ക് എത്തിനോക്കുന്നതും പതിവാണ്. ഒരാൾപൊക്കത്തിലധികം വെള്ളമുണ്ട്. ചുറ്റും കമ്പിവേലി കെട്ടിയോ, മുകളിൽ ഇരുമ്പുവല സ്ഥാപിച്ചോ സുരക്ഷ ഒരുക്കണമെന്ന് നാട്ടുകാർ പലതവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകുന്നില്ല. കുടിവെള്ള പദ്ധതി ലക്ഷ്യമിട്ട് വെച്ചൂച്ചിറ ഗ്രാമപ്പഞ്ചായത്ത് നിർമിച്ച കുളമാണിത്. 2022-23 വർഷം 25 ലക്ഷം രൂപയാണ് ഇതിനായി വകകൊള്ളിച്ചിരുന്നത്. പഞ്ചായത്തോഫീസിൽനിന്ന് 200 മീറ്ററോളം ദൂരത്തിൽ അങ്കണവാടിക്കായി വാങ്ങിയ അഞ്ചുസെന്റ് സ്ഥലത്താണ് കുളംകുഴിച്ചത്. ചതുപ്പായതിനാൽ കെട്ടിടം നിർമിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇത് കുളത്തിനായി വിനിയോഗിച്ചതെന്ന് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജെയിംസ് പറഞ്ഞു. കുളം പൂർത്തിയാക്കി വശങ്ങളിൽ കരിങ്കൽഭിത്തിയും നിർമിച്ചു. ഇതിനിടയിൽ കരാറുകാരനോട് കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ അസിസ്റ്റന്റ് എൻജിനീയറെ വിജിലൻസ് അറസ്റ്റുചെയ്തതിനെ തുടർന്ന് പണിപൂർത്തിയാക്കാൻ വൈകി. 2025 മാർച്ചിൽ പണി പൂർത്തിയാക്കി ഉദ്ഘാടനവും നടത്തി. വെച്ചൂച്ചിറ മാർക്കറ്റ്- അമ്പാട്ടുപറമ്പ് റോഡരികിലാണിത്. തറനിരപ്പിൽനിന്ന് രണ്ടടിയോളം ഉയരം മാത്രമാണ് വശത്തെ കരിങ്കൽ ഭിത്തിക്കുള്ളത്. അവധിക്കാലമായതിനാൽ ഒട്ടേറെ കുട്ടികളാണ് കുളത്തിന് സമീപം കളിക്കുന്നതിനും മറ്റുമായി വരുന്നത്. കുളത്തിലേക്ക് എത്തിനോക്കുന്നവരെ വഴക്ക് പറഞ്ഞ് സമീപവാസികൾ ഓടിച്ചുവിടുകയാണ്. കുളത്തിന് മുകളിലോ വശങ്ങളിലോ ഇരുമ്പുവേലി സ്ഥാപിക്കണമെന്ന ആവശ്യത്തെ പഞ്ചായത്ത് അവഗണിക്കുകയാണ്. ഇതുവരെ ബില്ല് മാറിയില്ല :പദ്ധതിക്കായി അനുവദിച്ച ഫണ്ട് പൂർണമായി ചെലവഴിക്കേണ്ടിവന്നില്ല. ശേഷിക്കുന്ന പണം വിനിയോഗിച്ചാൽ ഇരുമ്പുവേലി സ്ഥാപിച്ച് സുരക്ഷ ഒരുക്കാനാകും. കുളം നിർമിച്ച് ഒരുവർഷം കഴിഞ്ഞിട്ടും ഇതിനുള്ള നടപടി തുടങ്ങിയിട്ടില്ല. പൂർത്തീകരിച്ച പദ്ധതിയുടെ ബില്ല് മാറിയിട്ടില്ല. അതിനുശേഷം തുടർപദ്ധതിയായി തയ്യാറാക്കിയാൽ മാത്രമേ ഫണ്ട് വിനിയോഗിക്കാൻ കഴിയൂ എന്നാണ് പഞ്ചായത്ത്‌ അധികൃതർ പറയുന്നത്. അപകടം സംഭവിച്ചാൽ ആര് ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നാണ് സമീപവാസികൾ ചോദിക്കുന്നത്. Published: 21 Apr 2026, 01:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!