സ്പീഡ് ബ്രേക്കർ, മുന്നറിയിപ്പ് ബോർഡുകൾ വേണം To advertise here, ബ്ലാത്തൂർ : ഉളിക്കൽ കണിയാർവയൽ പ്രധാന റോഡിൽ മഞ്ഞാങ്കരി വളവിൽ അപകടഭീതി ഒഴിയുന്നില്ല. ബ്ലാത്തൂർ ഭാഗത്തുനിന്നും ഉളിക്കൽ ഭാഗത്തുനിന്നും മണ്ണേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. അപകടങ്ങൾ ആവർത്തിച്ചതോടെ ഇവിടം യാത്രക്കാർക്ക് പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. ഈ കവലവഴിയാണ് ഇരിക്കൂർ, പരിക്കളം, കണ്ടകശ്ശേരി, കല്യാട്, ബ്ലാത്തൂർ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ കടന്നുപോകുന്നത്. വളവിൽ എതിരേനിന്ന് വരുന്ന വാഹനങ്ങൾ കാണാൻസാധിക്കാത്തതാണ് അപകടങ്ങൾക്ക് കാരണം. പ്രദേശത്ത് അപകടമുന്നറിയിപ്പ് ബോർഡുകൾ, സ്പീഡ് ബ്രേക്കറുകൾ, ട്രാഫിക് അടയാളങ്ങൾ എന്നിവയൊന്നും ഇല്ല. രാത്രി മതിയായ വെളിച്ച സൗകര്യം ഇല്ലാത്തതും അപകടങ്ങൾക്കിടയാക്കുന്നു. നാട്ടുകാർ പലതവണ വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. കവലയിൽ കൂടിച്ചേരുന്ന മൂന്ന് റോഡുകളിലും സ്പീഡ് ബ്രേക്കർ വെച്ചാൽ അപകടങ്ങൾ കുറക്കാൻ സാധിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. മഞ്ഞാങ്കരി കവല വിദ്യാർഥികൾക്കും യാത്രക്കാർക്കും സുരക്ഷിതമാക്കുവാൻവേണ്ടി അധികാരികൾ അടിയന്തരമായി വേഗനിയന്ത്രണ സംവിധാനങ്ങളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. Published: 18 Apr 2026, 04:18 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
