അപകടമേഖലയായി ലോവർ കരിക്കം

അപകടമേഖലയായി ലോവർ കരിക്കം

ബെവ്‌കോ മദ്യവിൽപ്പനശാല ആരംഭിച്ചതോടെ റോഡിൽ ദിവസവും അപകടങ്ങൾ To advertise here, കൊട്ടാരക്കര : എം.സി.റോഡിൽ സ്ഥിരം അപകടവേദിയായി ലോവർ കരിക്കം മാറി. ബെവ്‌കോ മദ്യവിൽപ്പനശാല പ്രവർത്തനം ആരംഭിച്ചതോടെയാണ് ഇവിടെ തിരക്കും അപകടവും വർധിച്ചതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കഴിഞ്ഞ ആഴ്ച ബൈക്കിടിച്ച് രണ്ടു യുവാക്കൾ മരിച്ചതാണ് ഒടുവിലത്തെ സംഭവം. റോഡരികിൽ നിന്നവരെയും റോഡ് കുറുകേകടന്നവരെയും അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബൈക്ക് യാത്രികർ ഉൾപ്പെടെ അഞ്ചുപേർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ചികിത്സയിലായിരുന്ന രണ്ടാലുംമൂട് സ്വദേശി വിഷ്ണുവും നെടുവത്തൂർ പ്ലാമൂട് സ്വദേശി മനുവുമാണ് മരിച്ചത്. രണ്ടു നിർധനകുടുംബങ്ങളുടെ അത്താണികളായിരുന്നു ഇരുവരും. എം.സി.റോഡിലൂടെ പാഞ്ഞെത്തുന്ന വാഹനങ്ങൾ വകവയ്ക്കാതെ ആളുകൾ റോഡ് കുറുകേകടക്കുന്നതും റോഡിന്റെ ഇരുവശങ്ങളിൽ എപ്പോഴും വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നതും അപകടങ്ങൾക്കു കാരണമാകുന്നു. മദ്യം വാങ്ങാനെത്തുന്നവർ തോന്നിയപടിയാണ് റോഡിലും വശങ്ങളിലുമായി വാഹനങ്ങൾ നിർത്തിയിടുന്നത്. വൈകുന്നേരങ്ങളിലും രാത്രിയിലുമാണ് അപകടങ്ങൾ കൂടുതൽ. മതിയായ വെളിച്ചമില്ലാത്തതും അപകടത്തിനു കാരണമാകുന്നു. ഇവിടെ ഗതാഗത നിയന്ത്രണത്തിന് ട്രാഫിക് പോലീസിനെ നിയമിക്കണമെന്ന്‌ ആവശ്യം ഉയർന്നിരുന്നു. തിരക്കേറിയ എം.സി.റോഡരികിൽനിന്നു പാർക്കിങ് സൗകര്യമുള്ളതും തിരക്കൊഴിഞ്ഞതുമായ എവിടേക്കെങ്കിലും മദ്യവിൽപ്പനശാല മാറ്റിസ്ഥാപിക്കണമെന്ന്‌ ആവശ്യം ഉയരുന്നു. പുലമണിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽനിന്ന്‌ ഇവിടേക്കു െബവ്‌കോശാല മാറ്റിയപ്പോഴേ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇവിടെ ഒരപകടമെങ്കിലും നടക്കാത്ത ദിവസങ്ങളില്ല. വാഹനങ്ങൾ കൂട്ടിമുട്ടിയും കാൽനടയാത്രക്കാരെ ഇടിച്ചും കടകളിലേക്ക് ഇടിച്ചുകയറിയും ഉണ്ടായ അപകടങ്ങൾ ഏറെയാണ്. ലോവർ കരിക്കത്ത് അപകടങ്ങളൊഴിവാക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്‌. ബെവ്‌കോ ഔട്ട്‌ലെറ്റ് മാറ്റിസ്ഥാപിക്കണം :ലോവർ കരിക്കത്തെ ബെവ്‌കോ ഔട്ട്‌ലെറ്റ് തിരക്കേറിയ റോഡരികിൽനിന്ന്‌ മറ്റെവിടേക്കെങ്കിലും മാറ്റണമെന്ന്‌ തൃക്കണ്ണമംഗൽ ജനകീയവേദി ആവശ്യപ്പെട്ടു. പലപ്പോഴും റോഡിലേക്കു ക്യൂ നീളുന്നു. ഔട്ട്‌െലറ്റിനു മുന്നിലെ തിരക്കാണ്‌ റോഡിൽ അപകടങ്ങൾക്കു പ്രധാന കാരണം. ആവശ്യമുന്നയിച്ച്‌ അധികൃതർക്കു നിവേദനം നൽകിയെന്ന്‌ ഭാരവാഹി സജി ചേരൂർ പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അപകടമേഖലയായി ലോവർ കരിക്കം — Mathrubhumi | Boolokam | Boolokam