രണ്ടുവർഷത്തിനിടെ മുപ്പതിലധികം അപകടങ്ങളും മൂന്ന് മരണങ്ങളും To advertise here, ആനാട് : ആനാട് ജങ്ഷൻമുതൽ ബാങ്ക് ജങ്ഷൻവരെയുള്ള 500 മീറ്റർ ദൂരത്ത് അപകടങ്ങൾ ഒഴിയുന്നില്ല. പഞ്ചായത്ത് കവല, ബാങ്ക്, സ്‌കൂൾ ജങ്ഷൻ എന്നിവിടങ്ങളാണ് പ്രധാനമായും അപകടത്തുരുത്തായി മാറിയിരിക്കുന്നത്. കൂട്ടത്തിൽ മൂന്ന് റോഡുകൾ ചേരുന്ന പഞ്ചായത്ത് കവലയിലാണ് ഏറ്റവുമധികം അപകടങ്ങൾ നടക്കുന്നത്. ഇവിടെ ഗതാഗതം നിയന്ത്രിക്കുന്നതിന് പോലീസില്ല. തെങ്കാശിപ്പാതയിലെ ഏറ്റവും പ്രധാനപ്പെട്ട കവലയാണ് ആനാട്. ഇവിടെ കഴിഞ്ഞ രണ്ടുവർഷത്തിനിടെ മുപ്പതിലധികം അപകടങ്ങളും മൂന്ന് മരണങ്ങളും നടന്നു. എൽ.പി. സ്‌കൂൾ, ഗ്രാമപ്പഞ്ചായത്ത് ഓഫീസ്, ആശുപത്രികൾ, കോളേജ്, ബാങ്കുകൾ, 200-ലധികം കച്ചവടസ്ഥാപനങ്ങൾ എന്നിവയെല്ലാം ചേരുന്ന സ്ഥലമാണ് ആനാട്. ആനാട് പ്രധാന ജങ്ഷനിൽപ്പോലും ഇല്ലാത്ത ഗതാഗതക്കുരുക്കാണ് ബാങ്ക് ജങ്ഷനിലും പഞ്ചായത്ത് കവലയിലും. സ്‌കൂൾ പ്രവൃത്തിദിനങ്ങളിലാണ് പ്രശ്‌നങ്ങൾ ഏറ്റവും സങ്കീർണമാകുന്നത്. ഇരുചക്രവാഹനങ്ങളാണ് ഏറ്റവുമധികം അപകടത്തിൽപ്പെടുന്നത്. പുലിപ്പാറ റോഡിൽനിന്ന് വന്നുകയറുന്ന ബാങ്ക് ജങ്ഷൻ അപകടത്തുരുത്താണ്. പഞ്ചായത്ത് ഓഫീസിന്റെ ഭാഗത്തുനിന്നുള്ള ഇറക്കത്തിൽ മിക്കപ്പോഴും വാഹനങ്ങൾ അമിതവേഗത്തിൽ വന്നിറങ്ങുന്നതും നിയന്ത്രണംവിടുന്നതുമാണ് അപകടം വർധിപ്പിക്കുന്നത്. സുരക്ഷാസംവിധാനങ്ങൾ വേണം :ആനാട് ബാങ്ക് ജങ്ഷനിൽനിന്ന് അപകടവാർത്ത കേൾക്കാത്ത ദിവസങ്ങളില്ല. അമ്മയെ കാണാൻപോയ ഫൈനാൻസ് ഉടമയുടെ മരണം ഇന്നും നാട്ടുകാർ മറന്നിട്ടില്ല. അപകടസാധ്യത കുറയ്ക്കുന്നതിനായി നിരവധിതവണ നാട്ടുകാർ പോലീസിനെ സമീപിച്ചെങ്കിലും കാര്യമായ ഉപയോഗമൊന്നുമുണ്ടായിട്ടില്ല. അടിയന്തരമായി സീബ്രാ ലൈൻ വരച്ച് റോഡ്‌സുരക്ഷ ഉറപ്പുവരുത്തുക, ഡിവൈഡറുകൾ സ്ഥാപിക്കുക എന്നിവയാണ് നാട്ടുകാരുടെ ആവശ്യം. റോഡ് മുറിച്ചുകടക്കാനും അപകടങ്ങൾ ഒഴിവാക്കാനും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുവരുമെന്നും െറസിെഡൻസ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. Published: 18 Apr 2026, 01:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
