ഒട്ടേറെ പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു To advertise here, മുംബൈ : മഹാരാഷ്ട്രയിൽ ഒട്ടേറെ പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ഇതിന്റെ വീഡിയോദൃശ്യങ്ങൾ പകർത്തുകയും ചെയ്ത സംഭവത്തിൽ യുവാവും കൂട്ടാളിയും പിടിയിലായി. അമരാവതി ജില്ലയിലാണ് സംഭവം. മുഹമ്മദ് അയാസ് മുഹമ്മദ് തൻവീർ (19) എന്ന യുവാവും ഇയാൾക്ക് സഹായം ചെയ്തുകൊടുത്ത കൂട്ടാളി ഉസർഖാനുമാണ് പിടിയിലായത്. സംസ്ഥാനത്ത് അടുത്തിടെ റിപ്പോർട്ട് ചെയ്ത് മറ്റൊരു വലിയ ലൈംഗികപീഡനക്കേസായി ഇത് മാറി. ഒട്ടേറെ സ്ത്രീകളെ ലൈംഗികമായ പീഡിപ്പിച്ച കേസിൽ നാസിക്കിൽ ആൾദൈവം അശോക് ഖരാത്ത് അറസ്റ്റിലായിരുന്നു. ഇതിനുപിന്നാലെ, നാസിക്കിലെ ടി.സി.എസ്. ബി.പി.ഒ. സെന്ററിൽ ടീം ലീഡർമാർ ചേർന്ന് വനിതാസഹപ്രവർത്തകരെ ലൈംഗികമായി പീഡിപ്പിച്ച സംഭവവും പുറത്തുവന്നു. എട്ടു പേർ ഇവിടെ പിടിയിലായിട്ടുണ്ട്. അമരാവതിയിൽ പരത്‌വാഡ, അചൽപുർ എന്നിവിടങ്ങളിലാണ് പെൺകുട്ടികൾ പീഡനത്തിനിരകളായത്. ഈ സംഭവത്തിലും പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. 10 ഉയർന്ന പോലീസുദ്യോഗസ്ഥരും 36 പോലീസുകാരും ഉൾപ്പെടുന്ന പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് എസ്. ശുഭംകുമാറിന്റെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അശ്ലീലവീഡിയോകൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് അചൽപൂരിലും പരത്‌വാഡയിലും പ്രതിഷേധം ഉയർന്നതോടെയാണ് കേസ് വെളിച്ചത്തുവന്നത്. പീഡനത്തിരയായവർ തുടക്കത്തിൽ മുന്നോട്ടുവരാൻ ഭയന്നിരുന്നതിനാൽ, പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 180 പെൺകുട്ടികൾ ഉൾപ്പെട്ട 350-ലധികം വീഡിയോകൾ ചിത്രീകരിക്കപ്പെട്ടിട്ടുണ്ടെന്ന് ആരോപണം ഉയർന്നിട്ടുണ്ടെങ്കിലും ഏഴ് പെൺകുട്ടികളെക്കുറിച്ചുള്ള വിവരം പോലീസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ പേർ മുന്നോട്ടുവരുമെന്ന് കരുതുന്നതായി അന്വേഷണസംഘം അറിയിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ സൗഹൃദത്തിലാക്കാനും അവരുടെ വിശ്വാസം നേടാനും അവരെ ബന്ധങ്ങളിലേക്ക് ആകർഷിക്കാനും അയാസ്, വാട്സാപ്പ്, സ്നാപ്ചാറ്റ് പോലുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചിരുന്നതായി അന്വേഷണോദ്യോഗസ്ഥർ പറയുന്നു. പെൺകുട്ടികളെ ഭീഷണിപ്പെടുത്താൻ പ്രതി അശ്ലീല വീഡിയോകൾ റെക്കോർഡുചെയ്യുകയായിരുന്നു. ഉസർഖാനാണ് വീഡിയോകൾ പകർത്തിയത്. അസദുദ്ദീൻ ഒവൈസി നയിക്കുന്ന ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം) എന്ന സംഘടനയുമായി പ്രതിക്ക് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നുവെങ്കിലും പാർട്ടിനേതൃത്വം ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. പ്രധാന പ്രതിയായ അയാസുമായി തെറ്റിയതോടെ മൊബൈൽ ഫോണിൽനിന്ന് ഖാൻ വീഡിയോകൾ ഡൗൺലോഡ് ചെയ്ത് അവ സാമൂഹികമാധ്യമത്തിൽ പ്രചരിപ്പിച്ചതായി അന്വേഷണോദ്യോഗസ്ഥർ വെളിപ്പെടുത്തി. പ്രതിയുടെ വീട് തകർത്തു അമരാവതി : അമരാവതി ലൈംഗിക പീഡനക്കേസിൽ പ്രതിയാക്കപ്പെട്ട മുഹമ്മദ് അയാസ് തൻവീറിന്റെ വീട് നിയമവിരുദ്ധമായി നിർമിച്ചതെന്ന് ചൂണ്ടിക്കാട്ടി പൊളിച്ചുനീക്കി. അചൽപൂർ മുനിസിപ്പൽ കൗൺസിലിൽനിന്നുള്ള ഒരു സംഘം വീടിന്റെ ഭാഗങ്ങൾ പൊളിച്ചുമാറ്റുന്ന വീഡിയോ പുറത്തുവന്നു. നടപടിക്ക് മേൽനോട്ടം വഹിക്കാൻ ബി.ജെ.പി. എം.എൽ.എ. പ്രവീൺ തയാഡെയും ഉണ്ടായിരുന്നു. കൈയേറ്റം സംബന്ധിച്ച് അയാസിന്റെ കുടുംബത്തിന് മുനിസിപ്പൽ കോർപ്പറേഷൻ നേരത്തേ നോട്ടീസ് നൽകിയിരുന്നെന്നാണ് അധികൃതർ പറയുന്നത്.
