തകർച്ചയിലുള്ള പാതകൾ നവീകരിക്കുന്നില്ല To advertise here, തെന്മല : ആര്യങ്കാവ് ഗ്രാമപ്പഞ്ചായത്തിലെ അമ്പനാട്-കഴുതുരുട്ടി യാത്ര ദുർഘടമാക്കുന്ന പാതകൾ നവീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഏറ്റവും കൂടുതൽ തോട്ടം തൊഴിലാളികൾ അധിവസിക്കുന്ന മേഖലയിലെ അമ്പനാട്-നെടുമ്പാറ, നെടുമ്പാറ-കഴുതുരുട്ടി പാതകളാണ് വർഷങ്ങളായി തോട്ടം തൊഴിലാളികളെ ദുരിതത്തിലാക്കിയിരിക്കുന്നത്. ഇരുപാതകളും യാത്രചെയ്യാൻ കഴിയാത്തവിധം തകർച്ചയിലാണ്. അമ്പനാട് പാതയുടെ പലഭാഗവും പ്രളയസമത്ത് ഒലിച്ചുപോയിരുന്നു. അമ്പനാട്, പ്രിയ എസ്റ്റേറ്റ് തൊഴിലാളികൾ ഉപയോഗിക്കുന്ന പാതയാണിത്. ആശുപത്രി ഉൾപ്പെടെ ആവശ്യങ്ങൾക്ക് ഇതുവഴിയാണ് തൊഴിലാളികൾ കഴുതുരുട്ടി, പുനലൂർ ഭാഗങ്ങളിലേക്ക് പോകേണ്ടത്. ഇതിനൊപ്പം നെടുമ്പാറയിൽനിന്ന് കഴുതുരുട്ടിയിലേക്കുള്ള പാതയും തകർന്നിട്ട് നാളുകളാകുന്നു. അപകടംനിറഞ്ഞ പാതയിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും വലിയഗർത്തം നിറഞ്ഞതോടെ ഗതാഗതം ഭീതിയോടെയാണ്. ഓട്ടോറിക്ഷയും കാറും ഉൾപ്പെടെയുള്ള ചെറിയ വാഹങ്ങൾ പാതയിലെ കുഴികളിൽവീണ് തകരാർ സംഭവിക്കുന്നതും പതിവാകുന്നു. പാതയുടെ തകർച്ച പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികളും യാത്രക്കാരും ഇതിനകം പ്രതിഷേധവും ഉയർത്തിത്തുടങ്ങിയിട്ടുണ്ട്. പല പദ്ധതികളിലായി നവീകരിക്കുന്ന തോട്ടം മേഖലയിലെ പാതകളുടെ ജോലികൾക്ക് നിലവാരമില്ലെന്നും പരാതിയുണ്ട്. അമ്പനാട് പാതയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ. കഴുതുരുട്ടിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഡി.എം.കെ. ആര്യങ്കാവ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാത തടഞ്ഞാണ് പ്രതിഷേധം നടത്തിയത്. ഡി.എം.കെ. കൊല്ലം ജില്ലാ സെക്രട്ടറി എസ്. രജിരാജ് ഉദ്ഘാടനം ചെയ്തു. ഡി.എം.കെ. ആര്യങ്കാവ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സ്റ്റീഫൻ അമ്പനാട് അധ്യക്ഷത വഹിച്ചു. ടി.ഡി.എം.കെ. ജില്ലാ ജോയിന്റ് സെക്രട്ടറി റിനുരാജൻ കിഴക്കേക്കര, എൽ.പി.എഫ്. ജില്ലാ സെക്രട്ടറി ഫസലുദീൻ, ഡി.എം.കെ. മണ്ഡലം ജോയിന്റ് സെക്രട്ടറി ദിനേശൻ നെടുമ്പാറ, നേതാക്കളായ ലാൽജി മോഹൻ, റാണി ആദിത്യ, സൈദ് പുനലൂർ, ജോർജ് വർഗീസ്, അസനാർ, വിജയരാജൻ ആനച്ചാടി എന്നിവർ പ്രസംഗിച്ചു.
