ഉദ്ഘാടനം ഇന്ന് To advertise here, അമ്പലപ്പാറ : ഇനിമുതൽ ക്രിക്കറ്റോ ഫുട്ബാളോ ഷട്ടിൽ ബാഡ്മിന്റനോ കളിക്കാൻ അമ്പലപ്പാറക്കാർക്ക് മറ്റു മൈതാനങ്ങൾതേടി പോകേണ്ട. കായികപ്രേമികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ അമ്പലപ്പാറ പഞ്ചായത്ത് മൈതാനം ഒരുങ്ങി. ആശുപത്രിപ്പടിയിലുള്ള അമ്പലപ്പാറ പഞ്ചായത്ത് മൈതാനമാണ് നവീകരണം പൂർത്തിയാക്കി കായികപ്രേമികൾക്ക് കളിക്കാനായി കൈമാറുന്നത്. നവീകരിച്ച പഞ്ചായത്ത് മൈതാനത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 8.30-ന് കെ. പ്രേംകുമാർ എം.എൽ.എ. നിർവഹിക്കും. 2023-24 വർഷത്തെ സംസ്ഥാന ബജറ്റിൽനിന്നുള്ള ഒരുകോടി രൂപ വിനിയോഗിച്ചാണ് മൈതാനം നവീകരിച്ചത്. കേരള സ്പോർട്സ് ഫൗണ്ടേഷനായിരുന്നു നിർവഹണ ചുമതല. മഡ് ഫുട്ബാൾ കോർട്ട്, ബാഡ്മിന്റൺ കോർട്ട്, മൈതാനത്തിന്റെ നാലുവശവും വലകളും ഫ്ലഡ് ലൈറ്റുകളും സ്ഥാപിക്കൽ തുടങ്ങിയവ പൂർത്തിയാക്കി. ചുറ്റുമതിൽ, സംരക്ഷണഭിത്തി, മഴവെള്ളച്ചാൽ എന്നിവയുടെ നിർമാണവും കവാടവും വേലിയും സ്ഥാപിക്കൽ വൈദ്യുതീകരണജോലികളും നവീകരണത്തിന്റെ ഭാഗമായി ചെയ്തു. ക്രിക്കറ്റ് പരിശീലനത്തിനുള്ള സംവിധാനവും മൈതാനത്തുണ്ട്. വ്യായാമത്തിനുള്ള ഉപകരണങ്ങളും മൈതാനത്ത് ഒരുക്കുന്നുണ്ട്. നാലുപതിറ്റാണ്ടുകാലത്തെ പഴക്കമുള്ള മൈതാനം ആദ്യമായാണ് പൂർണതോതിൽ നവീകരിക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ചെറിയരീതിയിലുള്ള നവീകരണം നടത്തിയിരുന്നു. അമ്പലപ്പാറയിലും പരിസരപ്രദേശങ്ങളിലുമുള്ള കായികപ്രേമികളുടെ പ്രധാന കളിസ്ഥലമാണ് ഈ മൈതാനം. പരിമിതമായ സൗകര്യത്തിൽ ക്രിക്കറ്റും ഫുട്ബോളുമെല്ലാം കളിച്ചിരുന്ന മൈതാനം നവീകരിച്ചത് കായികപ്രേമികളെ ഏറെ സന്തോഷത്തിലാക്കിയിട്ടുണ്ട്. Published: 15 Mar 2026, 03:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
