അമ്പലപ്പുഴയിൽ സുധാകരന് ചരിത്രഭൂരിപക്ഷം

അമ്പലപ്പുഴയിൽ സുധാകരന് ചരിത്രഭൂരിപക്ഷം

M
MathrubhumiSource Link
അമ്പലപ്പുഴ: അമ്പലപ്പുഴയിൽ യു.ഡി.എഫ്. സ്വതന്ത്രനായി മത്സരിച്ച ജി. സുധാകരൻ നേടിയത് മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം. 27,935 വോട്ടുകൾക്കാണ് എൽ.ഡി.എഫ്. സ്ഥാനാർഥി എച്ച്. സലാമിനെതിരേ വിജയം നേടിയത്. 2016-ൽ എൽ.ഡി.എഫ്. സ്ഥാനാർഥിയായി സുധാകരൻ തന്നെ സ്വന്തമാക്കിയ 22,621 എന്ന റെക്കോഡ് ഭൂരിപക്ഷത്തെയാണ് ഇക്കുറി അദ്ദേഹം എതിർപാളയത്തിലെത്തി മറികടന്നത്. To advertise here, ആലപ്പുഴ നഗരസഭയിലെ 27 വാർഡുകളും പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, പുറക്കാട് എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മണ്ഡലം. നഗരസഭാ വാർഡുകളിൽ 5,000-നുമുകളിൽ ഭൂരിപക്ഷം നേടുന്ന സ്ഥാനാർഥികൾ വിജയിക്കുമെന്നതാണ് മണ്ഡലത്തിന്റെ ചരിത്രം. പ്രതീക്ഷിച്ചതിലുമപ്പുറമാണ് നഗരസഭാ വാർഡുകളിൽ യു.ഡി.എഫ്. സ്ഥാനാർഥിക്കുണ്ടായ ലീഡ്. നഗരസഭാ വാർഡുകളിൽ ജി. സുധാകരന് 8,442 വോട്ടിന്റെ മേൽക്കൈയുണ്ട്. യു.ഡി.എഫ്. പരമാവധി 6,300 വോട്ടുകളാണിവിടെനിന്നു പ്രതീക്ഷിച്ചത്. അഞ്ചു പഞ്ചായത്തുകളിലും പ്രതീക്ഷിച്ചതിനുമപ്പുറമായിരുന്നു യു.ഡി.എഫിനു ലഭിച്ച മുൻതൂക്കം. 2021-ൽ എച്ച്. സലാം നേടിയ ഭൂരിപക്ഷം 11,125 ആയിരുന്നു. അന്ന് 61,365 വോട്ടുകളാണ് സലാം നേടിയിരുന്നത്. ഇക്കുറിയത് 47,249 വോട്ടുകളായി കുറഞ്ഞു. കഴിഞ്ഞതവണ യു.ഡി.എഫ്. സ്ഥാനാർഥി എം. ലിജു നേടിയ 50,240 വോട്ടിൽനിന്നാണ് ഇക്കുറി ജി. സുധാകരൻ 75,184 എന്ന മാജിക് നമ്പരിലേക്കെത്തിയത്. കാൽലക്ഷം വോട്ടിന്റെ വർധന. എൻ.ഡി.എ. സ്ഥാനാർഥിക്ക് കഴിഞ്ഞതവണത്തെക്കാൾ വോട്ട്‌ കാര്യമായി കുറഞ്ഞു. 2021-ൽ അനൂപ് ആന്റണി 22,389 വോട്ടുകൾ നേടിയപ്പോൾ ഇക്കുറി അരുൺ അനിരുദ്ധന് നേടാനായത് 16,348 വോട്ടുകൾ മാത്രമാണ്. സി.പി.എമ്മിൽനിന്ന് വലിയതോതിൽ യു.ഡി.എഫിലേക്ക്‌ വോട്ടുചോർച്ചയുണ്ടായതായാണ് അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നത്. പോളിങ് കഴിഞ്ഞപ്പോൾത്തന്നെ സി.പി.എം. തോൽവി മണത്തിരുന്നു. എന്നാൽ, സ്ഥാനാർഥിയായ എച്ച്. സലാം തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. ഏറ്റവും കുറഞ്ഞത് 5,000 വോട്ടിനെങ്കിലും ജയിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. സി.പി.എമ്മിൽനിന്നു മാത്രമല്ല, ബി.ജെ.പി.യിൽനിന്നും സുധാകരന് വോട്ടു ലഭിച്ചിട്ടുണ്ട്. യു.ഡി.എഫിന്റെ അടിസ്ഥാന വോട്ടുകൾക്കൊപ്പം ഇതു ചേർന്നതോടെ ചരിത്രഭൂരിപക്ഷം അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!