കരുനാഗപ്പള്ളി : കടുത്ത വേനലിൽ തൊടിയൂർ അരമത്തുമഠം പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായി. ഒട്ടുമിക്ക വീടുകളിലും കിണറുകൾ വറ്റിവരണ്ടു. വാട്ടർ അതോറിറ്റിയുടെ ജലവിതരണം മാത്രമായിരുന്നു ഇവിടത്തുകാർക്ക് ആശ്രയം. എന്നാൽ, അതോറിറ്റിയുടെ പൈപ്പ്‌ലൈനിലും നിലവിൽ വെള്ളമില്ലാത്ത സ്ഥിതിയാണ്. To advertise here, അരമത്തുമഠം വാർഡിന്റെ വടക്കുഭാഗങ്ങളിൽ മണപ്പള്ളി അഴകിയകാവ് കുഴൽക്കിണറിൽനിന്നാണ് വെള്ളം നൽകിയിരുന്നത്. ഈ കുഴൽക്കിണർ തകരാറായിട്ട് മാസങ്ങളായി. പാവുമ്പ പാലമൂട്ടിലെ കുഴൽക്കിണറിൽനിന്ന് വെള്ളം തിരിച്ചുവിട്ടാണ് വെള്ളം നൽകുന്നത്. എന്നാൽ അപൂർവമായാണ് ഇവിടെനിന്ന് വെള്ളം ലഭിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. പഞ്ചായത്തിൽനിന്ന് ടാങ്കറിൽ വെള്ളമെത്തിക്കുന്നുണ്ടെങ്കിലും ദിവസവും ലഭിക്കുന്നില്ല. പലഭാഗങ്ങളും താഴ്ന്ന പ്രദേശങ്ങളായതിനാൽ കിണറുകളിൽ ഓരുവെള്ളമാണ് ലഭിക്കുന്നത്. ‘അടിയന്തരമായി പരിഹരിക്കണം’ തൊടിയൂർ അരമത്തുമഠം വാർഡിലെ കുടിവെള്ളക്ഷാമത്തിന് അടിയന്തര പരിഹാരം കാണണമെന്ന് അരമത്തുമഠം വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പഞ്ചായത്ത് ഓഫീസ് ഉപരോധം നടത്താനും യോഗം തീരുമാനിച്ചു. ഐ.എൻ.ടി.യു.സി. സംസ്ഥാന നിർവാഹകസമിതി അംഗം തൊടിയൂർ വിജയൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ബി. മോഹനൻ അധ്യക്ഷനായി. ഷിബു എസ്. തൊടിയൂർ, വള്ളികുന്നം പ്രസാദ്, തൊടിയൂർ അശോകൻ, ഷൈനി, ആർ.കെ. വിജയകുമാർ, ഷമീർ മേനാത്ത്, ശരത്ത് എസ്. പിള്ള, അരുൺ സോമൻ, സബിതാ ഷാജി, സുഭാഷ്, മോഹനൻ കൊണാർക്ക് തുടങ്ങിയവർ പ്രസംഗിച്ചു.
