നടപ്പാത കൈയടക്കി ഇരുചക്രവാഹനങ്ങൾ To advertise here, അരൂർ : ഒരുകിലോമീറ്ററോളം നീളം വരുന്ന അരൂർ-കുമ്പളം പാലത്തിലെ നടപ്പാത കൈയടക്കി ഇരുചക്രവാഹനയാത്രികർ. ദേശീയപാത കുരുങ്ങുമ്പോൾ നടപ്പാതയിലൂടെ ഇടതടവില്ലാതെ ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നതിനാൽ ഇവിടെ കാൽനട അസാധ്യം. ഇതിനെതിരേ നടപടിയെടുക്കേണ്ട പോലീസ്, മോട്ടോർവാഹനവകുപ്പ് അടക്കമുള്ളവർ കണ്ണടയ്ക്കുന്നതിനാൽ നൂറുകണക്കിന് ഇരുചക്രവാഹനങ്ങളാണ് നടപ്പാതവഴി ഓടിച്ചുപോകുന്നത്. വൈകുന്നേരസമയങ്ങളിലാണ് ഈ നിയമലംഘനം ഏറെയും. കുമ്പളം പാലം മുതൽ വാഹനങ്ങൾ കുരുങ്ങിക്കിടക്കുന്നത് കാണാം. ഇതോടെ കുമ്പളം കരയിൽനിന്ന് നടപ്പാതയിലേക്ക് കയറ്റുന്ന വണ്ടികൾ അതിവേഗം ഓടിച്ച് അരൂർ കരയിലേക്കിറങ്ങും. ഇതിനിടയിൽ ഒരിടത്തും ബൈക്കുകൾ ഇറക്കാനാവില്ല എന്നതിനാൽ ഈ സമയം പാലത്തിലെ സായാഹ്ന നടപ്പുകാർ ഇതൊഴിവാക്കിയിരിക്കുകയാണ് ഇപ്പോൾ. നടപ്പാതയ്ക്ക് വീതികുറവാണെന്നതിനാൽ ഇതുവഴിയുള്ള യാത്ര ഏറെ അപകടം പിടിച്ചതാണ്. ചിലർ എതിർദിശയിലെ പാലത്തിലുള്ള നടപ്പാതയിലൂടെയും ഇത്തരത്തിൽ വണ്ടി ഓടിച്ചുപോകാറുണ്ട്. പാലം അരൂർ ഭാഗത്തേക്കിറങ്ങിയാൽ ഉടൻ റോഡിൽ ഇല്ലാത്ത ക്രോസിങ് എടുത്ത് തോപ്പുംപടി ഭാഗത്തേക്ക് എളുപ്പവഴിയിൽ പോകുവാൻ ശ്രമിക്കുന്നവരും ഏറെയാണ്. ഇത്തരം സമയങ്ങളിൽ അപകടങ്ങൾ ഉണ്ടായാൽ ഇൻഷുറൻസ് കവറേജ് പോലും ലഭിക്കില്ല. നടപ്പാതയുടെ ഇരു അറ്റങ്ങളിലും ഇരുമ്പ് പൈപ്പുകൾ സ്ഥാപിച്ച് ഇതുവഴിയുള്ള ഗതാഗതം തടയുകയാണ് ഫലപ്രദമായ മാർഗം. അതുവരെ പോലീസ് അടക്കമുള്ളവരുടെ ചെക്കിങ് ഉണ്ടായാൽ നടപ്പാതയിലെ അനധികൃത യാത്രയ്ക്ക് അറുതിവരുത്താം. Published: 21 Apr 2026, 03:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
