കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ To advertise here, താമരശ്ശേരി : നവീകരണത്തിലെ അശാസ്ത്രീയതകൊണ്ട് പലയിടങ്ങളിലും തകർച്ചയും പ്രതലത്തിൽ ഉയർച്ച-താഴ്ചകളും സംഭവിച്ച കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലെ കൊയിലാണ്ടി-എരഞ്ഞിമാവ് റീച്ചിൽ കാത്തിരിപ്പിനൊടുവിൽ അറ്റകുറ്റപ്പണി തുടങ്ങി. ടാറമർന്ന് ചാലുകളും വരമ്പുകളും രൂപപ്പെട്ട റോഡ് ഭാഗങ്ങളിൽ കുഴിയടച്ച് അതിനുമുകളിൽ റീ ടാർ ചെയ്യുന്ന അറ്റകുറ്റപ്പണിയാണ് വ്യാഴാഴ്ച രാത്രിമുതൽ ആരംഭിച്ചത്. താമരശ്ശേരി ചുങ്കംഭാഗത്തും കുടുക്കിലുമ്മാരംമുതൽ ചുടലമുക്കുവരെയുള്ള ഭാഗത്തും അമ്പലമുക്ക്, മൂടൂർ എന്നിവിടങ്ങളിലെ വളവുകളിലും നിലവിൽ അറ്റകുറ്റപ്പണി നടത്തി റീടാർ ചെയ്തുകഴിഞ്ഞു. അതേസമയം, അറ്റകുറ്റപ്പണിക്ക് നിലവാരമില്ലെന്ന പരാതിയും ഉയരുന്നുണ്ട്. വ്യാഴാഴ്ച രാത്രി റീ ടാർ ചെയ്ത ചില ഭാഗങ്ങളിൽ മണിക്കൂറുകൾക്കകംതന്നെ ടാർ അടർന്നിട്ടുണ്ട്. ചിലയിടങ്ങളിൽ മെറ്റൽ ഇളകിമാറി റോഡിൽ പരന്നുകിടക്കുകയാണ്. ശ്രീധന്യ കൺസ്ട്രക്‌ഷൻ കമ്പനി കരാറേറ്റെടുത്ത് പ്രവൃത്തി പൂർത്തിയാക്കിയ കൊയിലാണ്ടിമുതൽ എരഞ്ഞിമാവുവരെയുള്ള സംസ്ഥാനപാത റീച്ചിൽ പലയിടത്തും ചരക്കുവാഹനങ്ങളുടെ ചക്രങ്ങൾ പതിയുന്ന ഭാഗങ്ങളിൽ ഇരുവശത്തുമായി ടാർ അമർന്ന് ചാലുകൾ രൂപപ്പെട്ടിരുന്നു. പലിയിടത്തും ടാർ അടർന്ന് കുഴികൾ രൂപപ്പെട്ടു. നവീകരണം പൂർത്തിയാക്കി ഒരു വർഷം തികയുംമുൻപേ രൂപപ്പെട്ട ചാലുകൾ യാത്രക്കാർക്ക് അപകടക്കെണിയായിക്കഴിഞ്ഞിരുന്നു. ഇരുചക്രവാഹനങ്ങൾ ചാലിൽ ചക്രങ്ങൾ തെന്നിമറിയുന്നതും കാറുകൾ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾ ഇതിലൂടെ സഞ്ചരിക്കവെ നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുന്നതും പതിവാണ്. 228 കോടി രൂപ നവീകരണത്തിന് വകയിരുത്തിയ റോഡിൽ പ്രവൃത്തിയിലെ അപാകത്തെത്തുടർന്ന് അപകടങ്ങൾ തുടർക്കഥയായെങ്കിലും തകരാർ പ്രകടമായ എല്ലായിടത്തും ശാസ്ത്രീയമായ അറ്റകുറ്റപ്പണികൾ ചെയ്തിരുന്നില്ല. ഒറ്റപ്പെട്ട ചില ഭാഗങ്ങളിൽ മാത്രമായിരുന്നു നേരത്തേ തുടർനവീകരണ പ്രവൃത്തി നടത്തിയത്. ഒടുവിൽ പരാതികളുടെയും മാധ്യമവാർത്തകളുടെയും അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മിഷൻ പ്രശ്നത്തിൽ ഇടപെടുകയും റോഡിലും അനുബന്ധസൗകര്യങ്ങളിലും ഉണ്ടായിട്ടുള്ള എല്ലാ അപാകവും അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇക്കാര്യത്തിൽ നടപടി സ്വീകരിച്ച് പി.ഡബ്ല്യു.ഡി. ചീഫ് എൻജിനിയർ, കെ.എസ്.ടി.പി. പ്രോജക്ട് ഡയറക്ടർ, പി.ഡബ്ല്യു.ഡി. കെ.എസ്.ടി.പി. ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനിയർ എന്നിവർ ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടിരുന്നു.
