പ്രതികളെ എത്തിച്ചത് വൻ സുരക്ഷാവലയത്തിൽ To advertise here, കരുനാഗപ്പള്ളി : ജിം സന്തോഷ് കൊലപാതകക്കേസിലെ പ്രതിയും ഗുണ്ടാനേതാവുമായ അലുവ അതുലിനെ ദേശീയപാതയിൽ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ അഞ്ചുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. കേസിലെ ആദ്യ 10 പ്രതികളായ കടത്തൂർ കണ്ണമ്പള്ളി തെക്കതിൽ അനീർ (32), തഴവ കടത്തൂർ കരീപ്പള്ളി കിഴക്കതിൽ വിഷ്ണു (28), കടത്തൂർ വലിയത്ത് പടിഞ്ഞാറ്റതിൽ നൗഫൽ (30), കടത്തൂർ കുന്നേൽ വടക്കതിൽ ഹുസൈൻ (31), കുലശേഖരപുരം പുന്നക്കുളം കറവൻതറ കിഴക്കതിൽ ആഷിക് (27), കുലശേഖരപുരം കൊച്ചുവീട്ടിൽ ഷംനാദ് (30), പുലിയൂർവഞ്ചി വടക്ക് റഹിം മൻസിലിൽ മുഹമ്മദ് ഫൈസൽ ഖാൻ (29), കടത്തൂർ ഫാത്തിമാ മൻസിലിൽ അലി ഉമ്മർ (24), തേവലക്കര തടത്തിൽവീട്ടിൽ ഷിനു പീറ്റർ (31), കുലശേഖരപുരം കൊല്ലന്റയ്യത്ത് വീട്ടിൽ ആദിൽ മുഹമ്മദ് (21) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്. ചൊവ്വാഴ്ച രാവിലെ 11-നാണ് ഇവരെ കരുനാഗപ്പള്ളി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. കരുനാഗപ്പള്ളി അസിസ്റ്റന്റ് പോലീസ് കമ്മിഷണർ സി. ജോണിന്റെ നേതൃത്വത്തിൽ വൻ പോലീസ് സംരക്ഷണത്തിലാണ് പ്രതികളെ എത്തിച്ചത്. എ.ആർ. ക്യാമ്പിൽനിന്നുള്ള പോലീസും സായുധസേനയും സംരക്ഷണകവചം തീർത്തു. പോലീസിന്റെ അപേക്ഷ പരിഗണിച്ച കോടതി അഞ്ചുദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയിൽ വിട്ടു. കൊലപാതകത്തിനു പിന്നിൽ നടന്ന ഗൂഢാലോചനയും മറ്റും പ്രതികളിൽനിന്ന് പോലീസിന് ചോദിച്ചറിയാനുണ്ട്. കരുനാഗപ്പള്ളി പുതിയകാവിൽ കൊലപാതകം നടന്ന സ്ഥലത്തുൾപ്പെടെ പ്രതികളെ എത്തിച്ച് തെളിവെടുപ്പും നടത്തണം. എത്രയുംവേഗം അന്വേഷണം പൂർത്തിയാക്കി പരമാവധി നേരത്തെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് പോലീസിന്റെ നീക്കം. മാർച്ച് 14-നാണ് അതുലിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവം നടന്ന് 12 മണിക്കൂറിനുള്ളിൽ ആദ്യ 10 പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ഒരാളെ രണ്ടുദിവസംമുൻപും അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ ചോദ്യംചെയ്യുന്നതിൽനിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാനും സാധ്യതയുണ്ട്.

അലുവ അതുൽ കൊലപാതകം;10 പ്രതികളെ കസ്റ്റഡിയിൽ വിട്ടു
M
MathrubhumiSource Link
about 2 months ago