അവധിക്കാല തിരക്കിൽ കുരുങ്ങി...വട്ടംകറങ്ങി വാഗമൺ

അവധിക്കാല തിരക്കിൽ കുരുങ്ങി...വട്ടംകറങ്ങി വാഗമൺ

വാഗമൺ : അവധിക്കാലം തുടങ്ങിയതോടെ വാഗമൺ കടുത്ത ഗതാഗതക്കുരുക്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലും ശ്വാസംമുട്ടുന്നു. മണിക്കൂറുകൾ നീളുന്ന ട്രാഫിക് ബ്ലോക്കിൽ വിനോദസഞ്ചാരികളും നാട്ടുകാരും ഒരുപോലെ വലയുകയാണ്. To advertise here, സ്തംഭിച്ച് വാഗമൺ ടൗൺ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് വാഗമൺ ടൗണിൽ അനുഭവപ്പെടുന്നത്. പൊള്ളുന്ന വെയിലത്ത് യാത്രക്കാർ വഴിയിൽ കുടുങ്ങിക്കിടക്കുകയാണ്. റോഡരികിൽ അലക്ഷ്യമായി നിർത്തിയിട്ടിരിക്കുന്ന ബസും കാറും, വിവിധ കൈവഴികളിൽനിന്നും അപ്രതീക്ഷിതമായി കയറിവരുന്ന ട്രെക്കിങ് ജീപ്പുകളും കുരുക്കിന്റെ ആക്കംകൂട്ടുന്നു. സ്ഥലപരിമിതിമൂലം കാൽനടയാത്രക്കാർപോലും നടന്നുപോകാൻ കഴിയാത്തവിധം ടൗൺ പൂർണമായും കുരുങ്ങിയിരിക്കുകയാണ്. റോഡുവികസനം കടലാസിൽ റോഡ് വികസനത്തിനായി കടകൾ പുറകിലേക്ക് മാറ്റിസ്ഥാപിക്കാനുള്ള തീരുമാനം നേരത്തേ എടുത്തിരുന്നു. എന്നാൽ അതിന് മുൻകൈയെടുത്ത എം.എൽ.എ. വാഴൂർ സോമൻ അതിന്റെ നടപടിക്രമങ്ങൾക്കിടെ വിടപറഞ്ഞത് പദ്ധതിക്ക് തിരിച്ചടിയായി. മലനാട് കവല മുതൽ പഴച്ചന്തവരെ ബൈപ്പാസ് നിർമാണത്തിന് രൂപരേഖ തയ്യാറാക്കിയെങ്കിലും യാതൊരു പുരോഗതിയുമില്ല. ഓരോ സീസണിലും അടുത്ത വർഷം ശരിയാക്കാം എന്ന വാഗ്ദാനമല്ലാതെ വികസനം മാത്രം നടക്കുന്നില്ല. ബസ്‌സ്റ്റാൻഡ് എന്ന സ്വപ്നം വാഗമൺ നേരിടുന്ന പ്രധാന പ്രശ്നം ഒരു ബസ് സ്റ്റാൻഡിന്റെ അഭാവമാണ്. വില്ലേജ് ഓഫീസിനോട് ചേർന്ന് പഞ്ചായത്ത് ബസ് സ്റ്റാൻഡിനായി മണ്ണെടുത്തെങ്കിലും ജിയോളജി ഫീസ് അടയ്ക്കാത്തതിനെ തുടർന്ന് ആ നടപടികളും നിർത്തിവെച്ചിരിക്കുകയാണ്. മാറി മാറി വരുന്ന ഭരണസമിതി ശ്രമിക്കുന്നുണ്ടെങ്കിലും സ്റ്റാൻഡ് എന്നത് ഇപ്പോഴും വിദൂരമായി തുടരുന്നു. പോലീസ് സേവനം റോഡരികിലെ അനധികൃത പാർക്കിങ് നിയന്ത്രിക്കാനോ ഗതാഗതം നിയന്ത്രിക്കാനോ ടൗണിൽ ട്രാഫിക് പോലീസിനെ ലഭ്യമല്ല. ലക്ഷക്കണക്കിന് രൂപ മുടക്കി നിർമിച്ച 'ടേക്ക് എ ബ്രേക്ക്' ബാത്റൂം ഇതുവരെ പ്രവർത്തനക്ഷമമാക്കിയിട്ടില്ല. കുടിവെള്ളപദ്ധതികളുടെ അഭാവം മൂലം ഹോട്ടലുകളിലും റിസോർട്ടുകളിലും വെള്ളം വിലയ്ക്ക് വാങ്ങേണ്ട അവസ്ഥയാണ്. പ്രകൃതിക്കും വെല്ലുവിളി അനിയന്ത്രിതമായി മുളച്ചുപൊങ്ങുന്ന റിസോർട്ടുകളും വാഗമണ്ണിലെ മൊട്ടക്കുന്നുകൾ ഇടിച്ചുനിരത്തുന്ന മണ്ണുമാഫിയകളും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ചീറിപ്പായുന്ന ട്രെക്കിങ് ജീപ്പുകൾ ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നതിനൊപ്പം നാട്ടുകാരുടെ സുരക്ഷയ്ക്കും ഭീഷണിയാകുന്നു. ചുരുക്കത്തിൽ, കൃത്യമായ പദ്ധതിയും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ വാഗമൺ ടൂറിസം മേഖല കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അവധിക്കാല തിരക്കിൽ കുരുങ്ങി...വട്ടംകറങ്ങി വാഗമൺ — Mathrubhu… | Boolokam