മുതുകുളം പാണ്ഡവർകാവ്-പുളിയറമുക്ക് റോഡ് To advertise here, എതിരേ വരുന്ന വാഹനങ്ങൾപോലും കടത്തിവിടാനാകുന്നില്ല അരികുചേർത്താൽ വാഹനം മറിയുന്ന സ്ഥിതി മുതുകുളം : പുനർനിർമാണം നടത്തിയ മുതുകുളം തെക്ക് പാണ്ഡവർകാവ്-പുളിയറമുക്ക് റോഡ് അപകടക്കെണിയാകുന്നു. അശാസ്ത്രീയ നിർമാണമാണ് ഇതിനു കാരണമെന്ന ആക്ഷേപമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. ഒൻപത്, 10, 11 വാർഡുകളിലൂടെ കടന്നുപോകുന്ന രണ്ടു കിലോമീറ്ററോളം നീളമുള്ള പ്രധാന ഗ്രാമീണപാതയാണിത്. തുരുത്തിയിൽ തെക്കോട്ട് കുറച്ചുഭാഗവും കുമ്പളത്തു ജങ്ഷൻ മുതൽ പുളിയറ വരെയുള്ള ഭാഗത്തുമാണ് പുനർനിർമാണ പ്രവൃത്തികൾ നടത്തിയത്. അമിതമായി ഉയർത്തിയതിനാൽ ഇപ്പോൾ വശങ്ങൾ കുത്തനെ കിടക്കുകയാണ്. മുൻപ് ടാറിങ് ഭാഗവും വശങ്ങളുമായി വലിയ ഉയരവ്യത്യാസമില്ലാത്തതിനാൽ എതിരേ വരുന്ന മറ്റു വാഹനങ്ങളെ വശം ഒതുക്കി കയറ്റിവിടാമായിരുന്നു. പുനർനിർമാണം നടത്തിയതോടെ ടാറിങ് ഭാഗത്ത് കഷ്ടിച്ച് ഒരു വാഹനം പോകാനുള്ള വീതിയേ ഉള്ളൂ. എതിരേവരുന്ന ഒരു ഇരുചക്രവാഹനത്തെപ്പോലും കടത്തിവിടാൻ കഴിയാത്ത സ്ഥിതിയാണ്. അരികുചേർത്താൽ വാഹനങ്ങൾ മറിയും. ഇത്തരത്തിൽ ഇവിടെ ഒട്ടേറെ അപകടങ്ങളാണുണ്ടാകുന്നത്. ചിലയിടങ്ങളിൽ ഓടയുമുണ്ട്. ഇവിടെ കൂടുതൽ താഴ്ചയുള്ളതിനാൽ വലിയ അപകടങ്ങളുണ്ടാകാൻ സാധ്യതയേറെയാണ്. റോഡ് പേടിസ്വപ്നമായതോടെ ഇതുവഴിയുള്ള യാത്ര മിക്കവരും ഒഴിവാക്കുകയാണ്. സ്കൂൾവാഹനങ്ങളിൽ പലതും ഇങ്ങോട്ടു വരുന്നില്ല. മുന്നോട്ടു നീങ്ങാനാകാതെ റോഡിൽ കുടുങ്ങിപ്പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ പരസ്പരം കലഹിക്കുന്നതും ഇവിടത്തെ സ്ഥിരം കാഴ്ചയാണ്. അശാസ്ത്രീയതയ്ക്ക് പരിഹാരമാവശ്യപ്പെട്ട് നിർമാണത്തിനിടെ പ്രദേശവാസികൾ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. അധികാരികൾക്ക് പരാതിയും നൽകി. മതിയായ പരിഹാരം കണ്ടില്ലെങ്കിൽ കൂടുതൽ സമരപരിപാടികൾക്കും മറ്റു നടപടികൾക്കും ഒരുങ്ങുകയാണ് നാട്ടുകാർ. പാണ്ഡവർകാവ് ദേവീക്ഷേത്രം, സാമൂഹികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലേക്കു പോകുന്നവരും വിദ്യാർഥികളും ഉൾപ്പെടെ നൂറുകണക്കിനുപേർ ദിവസവും സഞ്ചരിക്കുന്ന ഈ റോഡ് ഏറെനാളായി തകർന്നുകിടക്കുകയായിരുന്നു. നാട്ടുകാരുടെ നിരന്തര പരാതിക്കൊടുവിലാണ് രമേശ് ചെന്നിത്തലയുടെ എം.എൽ.എ. വിഹിതം ഉപയോഗിച്ച് പുനർനിർമാണം നടത്തുന്നത്. റോഡിന്റെ മോശം അവസ്ഥ ചൂണ്ടിക്കാട്ടി മാതൃഭൂമിയും വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു.
