ന്യൂഡൽഹി: പാരിസ്ഥിതികമായി ഏറെ പ്രാധാന്യമേറിയ അസമിൽ, അസം വനസംരക്ഷണ സേനയിലെ 1600 ഉദ്യോഗസ്ഥരെ കൂട്ടത്തോടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചതിൽ ആശങ്കകൾ കനക്കുന്നു. പരിസ്ഥിതിസംരക്ഷകരായ മുൻ സിവിൽസർവീസ് ഉദ്യോഗസ്ഥ കൂട്ടായ്മ ഈ തീരുമാനത്തിനെതിരേ രംഗത്തെത്തി. പരിസ്ഥിതി, വന സംരക്ഷണം അതീവ നിർണായകമായതിനാൽ അതിലൊരു വിട്ടുവീഴ്ചയും പാടില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് സർക്കാരിന്റെ കടമയായിരിക്കെ, അതിന് വിരുദ്ധമായ നീക്കം ആശങ്കപ്പെടുത്തുന്നുവെന്ന് ഐ.എ.എസ്, ഐ.എഫ്.എസ് മേഖലകളിൽ നിന്ന് വിരമിച്ച ആറ് മുൻ ഉദ്യോഗസ്ഥർ അസം ചീഫ്സെക്രട്ടറിക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കും വനം-പരിസ്ഥിതി സെക്രട്ടറിക്കും അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. To advertise here, പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഐ.എഫ്.എസ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ കമ്മിഷൻ തന്നെ ഒഴിവാക്കിയിരിക്കുന്നത്. കമ്മിഷന്റെ മാർഗരേഖയിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്. വനംവകുപ്പ് ജീവനക്കാരെയോ വാഹനങ്ങളെയോ തിരഞ്ഞെടുപ്പ് സംബന്ധമായ സേവനങ്ങൾക്കും മറ്റേതെങ്കിലും ആവശ്യങ്ങൾക്കും ഉപയോഗിക്കരുതെന്ന് 2024 മേയ് 15ന് പുറപ്പെടുവിച്ച ഉത്തരവിൽ സുപ്രീംകോടതി വ്യക്തമാക്കിയതാണ്. അപൂർവ്വയിനം ഇന്ത്യൻ കണ്ടാമൃഗ വർഗത്തിൽപ്പെട്ട വന്യജീവികളുടെയടക്കം ആവാസകേന്ദ്രമായ അസമിലെ വനമേഖല ആഗോളതലത്തിൽ തന്നെ പ്രാധാന്യമർഹിക്കുന്ന പരിസ്ഥിതിമേഖലയാണ്. കാസിരംഗ ദേശീയോദ്യാനത്തിലാണ് ഈയിനം കണ്ടാമൃഗങ്ങൾ ഏറ്റവുമധികമുള്ളത്. ഇവയുടെ സംരക്ഷണത്തിന് പരിശീലനം സിദ്ധിച്ച വനസംരക്ഷണസേനയുടെ അങ്ങേയറ്റത്തെ സവിശേഷ ജാഗ്രത ആവശ്യമാണ്. ഗോൾഡൻ ലങ്കൂറും ആനകളും കടുവകളുമടക്കം അപൂർവ്വയിനം വന്യജീവികൾ വേറെയും അസമിലുണ്ട്. ഇത്രയും നിർണായകമേഖലയിൽ സുരക്ഷാചുമതല വഹിക്കേണ്ടവരെ കൂട്ടത്തോടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലേക്ക് മാറ്റുന്നത് സംരക്ഷണനടപടികളെ ദുർബലപ്പെടുത്തുകയും സംഘടിത വന്യജീവി കുറ്റകൃത്യങ്ങൾ വർധിപ്പിക്കുകയും ചെയ്യും. ഇതൊഴിവാക്കാൻ വനസംരക്ഷണസേനാ ജീവനക്കാരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലേക്ക് മാറ്റിയ നടപടി പിൻവലിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. കേന്ദ്ര പരിസ്ഥിതിമന്ത്രാലയം മുൻ സെക്രട്ടറി മീന ഗുപ്ത, മഹാരാഷ്ട്ര മുൻ പി.സി.സി.എഫ് ഡോ.എ.കെ. ഝാ, ഉത്തർപ്രദേശ് മുൻ പി.സി.സി.എഫ് ഡോ. ഉമ ശങ്കർ സിങ്, വന്യജീവി ബോർഡ് സ്റ്റാൻഡിങ് കമ്മിറ്റി മുൻ അംഗം പ്രേർണസിങ് ബിന്ദ്ര, പരിസ്ഥിതി വിദഗ്ദ്ധൻ ദേബദിത്യോ സിൻഹ, കേരള മുൻ പി.സി.സി.എഫ് പ്രകൃതി ശ്രീവാസ്തവ എന്നിവരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. ഇതിന് പുറമേ, തീരുമാനത്തിൽ ആശങ്ക രേഖപ്പെടുത്തി 40 സിവിൽസർവീസ് ഉദ്യോഗസ്ഥരടങ്ങിയ കോൺസ്റ്റിറ്റ്യൂഷണൽ കോണ്ടക്ട് ഗ്രൂപ്പ് അസം ചീഫ്‌സെക്രട്ടറിക്ക് പ്രത്യേകം കത്തയച്ചിട്ടുണ്ട്. Content Highlights: 1,600 Assam forest personnel deployed for 2026 election duties., Concerns raised by former civil servants regarding weakened wildlife protection., Violation of Election Commission and Supreme Court guidelines regarding forest staff usage., Potential risk to endangered species like the Indian Rhinoceros in Kaziranga., Call to action for the Assam government to revoke the deployment order. Published: 01 Apr 2026, 07:12 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അസമിൽ 1600 വനം ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി; ആശങ്കയുയർത്തി പരിസ്ഥിതിസംരക്ഷക കൂട്ടായ്മ
M
MathrubhumiSource Link
about 1 month ago