ആട് 3, ദൃശ്യം 3, വാഴ 2; മലയാള സിനിമയിൽ ഇനി പരമ്പര ചിത്രങ്ങളുടെ കാലം

ആട് 3, ദൃശ്യം 3, വാഴ 2; മലയാള സിനിമയിൽ ഇനി പരമ്പര ചിത്രങ്ങളുടെ കാലം

M
MathrubhumiSource Link
സി നിമകളുടെ രണ്ടാംവരവ് പ്രേക്ഷകർ ആവേശത്തോടെ സ്വീകരിക്കുന്നതാണ് പതിവ്. എന്നാൽ, രണ്ടുംകടന്ന് വരവ് മൂന്നിലേക്കെത്തുമ്പോൾ അതെല്ലായ്‌പ്പോഴും സംഭവിക്കുന്ന കാര്യമല്ല. പ്രേക്ഷകമനസ്സിൽ അത്രയേറെ ആഴത്തിൽ ഇടംനേടിയ കഥകൾക്കും കഥാപാത്രങ്ങൾക്കും മാത്രമേ മൂന്നാംവരവിനുള്ള സാധ്യത ലഭിക്കുന്നുള്ളൂ. മലയാള സിനിമ വരുംനാളുകളിൽ മൂന്നാം വരവിന്റെ ആഘോഷത്തിനുള്ള ഒരുക്കത്തിലാണ്. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ദൃശ്യവും ജയസൂര്യയും മിഥുൻ മാനുവൽ തോമസും ഒന്നിക്കുന്ന ആടും മൂന്നാംഭാഗം വെള്ളിത്തിരയിലേക്കെത്താൻ ഒരുങ്ങിക്കഴിഞ്ഞു. ഷാജി പാപ്പനും പിള്ളേരും പുതിയ പ്രശ്നങ്ങളുമായി എത്തുന്ന ആട് 3 മാർച്ചിലും ജോർജുകുട്ടി നേരിടുന്ന പുതിയ പരീക്ഷണങ്ങളുമായി ദൃശ്യം മൂന്നാം ഭാഗം ഏപ്രിലിലും പ്രേക്ഷകരുടെ മുന്നിലേക്കെത്തും. To advertise here, മലയാള സിനിമയുടെ ചരിത്രം തിരുത്തിയ ദൃശ്യം 2013-ൽ തിയേറ്ററിലെത്തി വലിയ വിജയംനേടിയ ചിത്രമാണ്. ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും നിസ്സഹായതയും അവർ നേരിട്ട പ്രതിസന്ധികളും പ്രേക്ഷകരിലേക്ക് ഫീൽ ചെയ്യിപ്പിച്ച് ട്വിസ്റ്റോടെയാണ് ദൃശ്യം അതിശയിപ്പിച്ചത്. 2021-ൽ ബുദ്ധിപരമായ നീക്കങ്ങളിലൂടെ വീണ്ടും പ്രേക്ഷകരെ ഞെട്ടിക്കുന്നതരത്തിൽ ക്ലാസിക് ക്രിമിനലായി മാറിയ ജോർജുകുട്ടി യെ കണ്ടു. പുതിയകാലത്ത് ജോർജുകുട്ടിയുടെ കുടുംബം നേരിടുന്ന പരീക്ഷണങ്ങളെന്തെന്ന ആകാംഷയും അതിശയിപ്പിക്കുന്ന ട്വിസ്റ്റിനായുള്ള കാത്തിരിപ്പുമാണ് ദൃശ്യത്തിനായുള്ള കാത്തിരിപ്പ്. ഷാജി പാപ്പനും പിള്ളേരും 2015-ൽ ആട് ഒരു ഭീകരജീവിയുമായി എത്തിയപ്പോൾ തിയേറ്ററിൽ കാര്യമായ ചലനമൊന്നും സൃഷ്ടിച്ചില്ല. പക്ഷേ, മൊബൈൽ സ്‌ക്രീനിലൂടെ സിനിമയുടെ രംഗങ്ങൾ നേടിയ ജനപ്രീതിയാണ് ഒരു പരാജയചിത്രത്തിന്റെ രണ്ടാംഭാഗം നിർമിക്കാൻ അണിയറപ്രവർത്തകർക്ക് ധൈര്യംനൽകിയത്. 2017-ൽ മിഥുൻ മാനുവൽ തോമസ് ആടിന് രണ്ടാംഭാഗം ഒരുക്കി. ലോക സിനിമാചരിത്രത്തിൽത്തന്നെ ഒരു പരാജയചിത്രത്തിന്റെ രണ്ടാംഭാഗം എന്ന ഖ്യാതിയോടെയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഷാജി പാപ്പന്റെയും കൂട്ടരുടെയും പുതിയ വരവ് ടൈം ട്രാവലിനെ കൂട്ടുപിടിച്ചാണ്. പലകാലഘട്ടങ്ങളുടെ കഥകൾ ചേർത്തുവെച്ച് വമ്പൻ കാൻവാസിലാണ് ആട് 3 എത്തുന്നത്. ഇത്തവണ വമ്പന്മാർക്കൊപ്പം മത്സരിക്കാൻ രണ്ടാംഭാഗം എത്തുന്ന മറ്റൊരു ചിത്രം വാഴ 2 ആണ്. ദൃശ്യം മൂന്നിനൊപ്പം വാഴ രണ്ടാം ഭാഗം തിയേറ്ററിലെത്തും. സോഷ്യൽ മീഡിയയിൽ താരങ്ങളായ ഒരുപിടി യുവനിരയെ അണിനിരത്തി നവാഗതനായ ആനന്ദ് മേനോൻ സംവിധാനംചെയ്ത വാഴ 2024-ലെ ഹിറ്റ് ചിത്രമാണ്. പുതിയ കലാകാരന്മാരെ അണിനിരത്തി വാഴ 2 ഒരുക്കുന്നത് നവാഗതനായ സവിൻ എസ്.എ. ആണ്. ആദ്യഭാഗത്തിന്റെ രചയിതാവായ വിപിൻ ദാസ് തന്നെയാണ് വാഴ 2-വിനും തിരക്കഥയൊരുക്കുന്നത്. പരമ്പരകളുടെ ആരംഭം തുടർഭാഗങ്ങൾ എക്കാലത്തും മലയാളത്തിൽ ആഘോഷിക്കപ്പെട്ടിട്ടുള്ള ചരിത്രമാണുള്ളത്. അത് ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടംമുതൽ ആരംഭിച്ചതാണ്. മലയാളത്തിൽ ആദ്യമായി ഒരു സിനിമയ്ക്ക്‌ രണ്ടാംഭാഗമുണ്ടാകുന്നത് 1971-ൽ പി. സുബ്രഹ്മണ്യം സംവിധാനംചെയ്ത ആന വളർത്തിയ വാനമ്പാടിയുടെ മകനാണ്. 1951-ൽ ഇതേ സംവിധായകൻതന്നെ ഒരുക്കിയ ആന വളർത്തിയ വാനമ്പാടിയുടെ തുടർച്ചയായിരുന്നു അത്. തിക്കുറിശ്ശിയും മിസ് കുമാരിയുമായിരുന്നു ആദ്യഭാഗത്തിലെങ്കിൽ, തമിഴ് താരം ജമിനി ഗണേശൻ, വിജയ നിർമല എന്നിവരായിരുന്നു രണ്ടാംഭാഗത്തിലെ താരങ്ങൾ. പിന്നീട് കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് കായംകുളം കൊച്ചുണ്ണിയുടെ മകൻ എന്ന പേരിൽ തുടർച്ച എത്തി. മലയാളത്തിലെ ആദ്യത്തെ വിജയകരമായ തുടർച്ച പി. വേണു സംവിധാനംചെയ്ത സി.ഐ.ഡി. നസീർ പരമ്പരയിലൂടെയായിരുന്നു. പ്രേംനസീർ പ്രധാനകഥാപാത്രമായ സി.ഐ.ഡി. നസീറിനു പിന്നാലെ ടാക്‌സി കാർ, പ്രേതങ്ങളുടെ താഴ്‌വര എന്നപേരിൽ തുടർഭാഗങ്ങളെത്തി. മൂന്നാംഭാഗത്തിൽ നസീറിനു പകരം രാഘവനാണ് പ്രധാനകഥാപാത്രമായത്. താരങ്ങളിലേക്ക്‌ സിനിമ കേന്ദ്രീകൃതമാകുന്ന എൺപതുകളുടെ അവസാനത്തോടെയാണ് സീക്വൽ ട്രെൻഡിലേക്ക് മലയാളത്തിൽ സജീവമാകുന്നത്. ഐ.വി. ശശിയുടെ സംവിധാനത്തിൽ 1986-ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ശക്തമായ കഥാപാത്രമായിരുന്നു ആവനാഴിയിലെ ഇൻസ്‌പെക്ടർ ബൽറാം. ഈ സിനിമയുടെ വിജയം 1991-ൽ ഇൻസ്‌പെക്ടർ ബൽറാം എന്ന പേരിലും പിന്നീട് 2006-ൽ ബൽറാം ‌vs താരാദാസ് എന്ന തുടർഭാഗങ്ങൾക്കും കാരണമായി. ഐ.വി. ശശി-ടി. ദാമോദരൻ-മമ്മൂട്ടി കൂട്ടുകെട്ടായിരുന്നു ചിത്രത്തിന്റെ നട്ടെല്ല്. ഐ.വി. ശശി മമ്മൂട്ടിയെ നായകനാക്കി 1984-ൽ ഒരുക്കിയ അതിരാത്രത്തിൽനിന്നാണ് അധോലോകനായകൻ താരാദാസ് എന്ന കഥാപാത്രത്തെ മൂന്നാംഭാഗത്തിലേക്ക് കൊണ്ടുവന്നത്. 1986-ൽ ഐ.വി. ശശിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ വാർത്ത, ഔദ്യോഗികമായ തുടർഭാഗം അനൗൺസ് ചെയ്താണ് അവസാനിക്കുന്നത്. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച ചിത്രം, ‘വാർത്ത ഇവിടെ അവസാനിക്കുന്നില്ല’ എന്ന വാചകത്തോടെയാണ് അവസാനിക്കുന്നത്. ഒരു തുടർച്ച പ്രേക്ഷകർ ആഗ്രഹിച്ചിരുന്നെങ്കിലും വാർത്തയ്ക്ക് ഒരു രണ്ടാംഭാഗം എത്തിയില്ല. എല്ലാ പതിപ്പുകളും ബോക്‌സോഫീസിൽ നേട്ടംകൊയ്ത, മമ്മൂട്ടിയുടെ സി.ബി. ഐ. സീരീസ് പിറക്കുന്നത് 1988-ൽ ഒരു സി.ബി.ഐ. ഡയറിക്കുറിപ്പിലൂടെയാണ്. 1989-ൽ ജാഗ്രത, 2004-ൽ സേതുരാമയ്യർ സി.ബി.ഐ., 2005-ൽ നേരറിയാൻ സി.ബി.ഐ., ഒടുവിൽ 2022-ൽ സി.ബി.ഐ. ദി ബ്രെയിൻ എന്നിങ്ങനെ തുടർഭാഗങ്ങൾ. എല്ലാ ഭാഗങ്ങളിലും മമ്മൂട്ടിക്കൊപ്പം മുകേഷ്, ജഗതി ശ്രീകുമാർ എന്നിവരും ചാക്കോ, വിക്രം എന്നീ ശ്രദ്ധേയറോളുകളുമായി ഇടംപിടിച്ചു. എസ്.എൻ. സ്വാമിയുടെ രചനയിൽ കെ. മധു ആയിരുന്നു അഞ്ചു ഭാഗങ്ങളും ഒരുക്കിയത്. ഒരേ നായകൻ, ഒരേ തിരക്കഥാകൃത്ത്, ഒരേ സംവിധായകൻ എന്നീ ശ്രദ്ധേയകൂട്ടുകെട്ടിൽ സിനിമ പേരെടുത്തു. ദാസനും വിജയനും സ്പീക്കിങ്‌ എക്കാലത്തും മലയാളികളുടെ ഇഷ്ടകഥാപാത്രങ്ങളായ ദാസനും വിജയനും 1987-ലാണ് വെള്ളിത്തിരയിലെത്തിയത്. രണ്ടു ചെറുപ്പക്കാരുടെ തൊഴിൽതേടിയുള്ള യാത്രയും അവർ ചെന്നെത്തുന്ന സംഭവങ്ങളും ദൃശ്യവത്‌കരിച്ച നാടോടിക്കാറ്റ് ശ്രീനിവാസന്റെ രചനയിൽ സത്യൻ അന്തിക്കാടാണ് സംവിധാനംചെയ്തത്. തൊട്ടടുത്തവർഷം അതേ ടീം രണ്ടാം ഭാഗവുമായെത്തി. പട്ടണപ്രവേശത്തിൽ പോലീസ് ഉദ്യോഗസ്ഥരായ ദാസനും വിജയനും കേസന്വേഷിക്കുന്നതിന് മദ്രാസിൽനിന്നു കേരളത്തിലേക്ക് എത്തുകയാണ്. 90-ൽ അക്കരെയക്കരെയക്കരെ എന്ന മൂന്നാം ഭാഗമെത്തിയപ്പോൾ ദാസവിജയന്മാരുടെ അന്വേഷണം അമേരിക്കയിലാണ്. എന്നാൽ, മൂന്നാംഭാഗം സത്യൻ അന്തിക്കാടിനു പകരം പ്രിയദർശനായിരുന്നു സംവിധാനംചെയ്തത്. പിന്നീട് പലകുറി പ്രേക്ഷകർതന്നെ ആവശ്യപ്പെട്ടിരുന്നെങ്കിലും ദാസന്റെയും വിജയന്റെയും നാലാം അങ്കം സാധ്യമായില്ല. സിദ്ദിഖ്-ലാൽ കൂട്ടുകെട്ട് മലയാളത്തിലേക്ക് കടന്നുവന്നത് 1989-ൽ റാംജി റാവു സ്പീക്കിംഗുമായാണ്. മാന്നാർ മത്തായി എന്ന നാടകക്കാരന്റെ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ബാലകൃഷ്ണനും ഗോപാലകൃഷ്ണനും. തൊഴിൽരഹിതരായ അവരുടെ പ്രശ്നങ്ങളും വീട്ടിലെ ടെലിഫോണുമാണ് സിനിമയുടെ മർമം. ഇന്നസെന്റ്-മുകേഷ്-സായികുമാർ കോമ്പിനേഷൻ പ്രേക്ഷകരെ ചിരിപ്പിച്ചും കരയിപ്പിച്ചും 95-ൽ രണ്ടാം ഭാഗം മാന്നാർ മത്തായി സ്പീക്കിംഗുമായും എത്തി. കമേഴ്‌സ്യൽ സിനിമയിലെ ക്ലാസിക്കും അക്കാലത്തെ ട്രെൻഡ് സെറ്ററുമായി ഈ രണ്ടുചിത്രങ്ങൾ. 2014-ൽ മാമാസിന്റെ സംവിധാനത്തിൽ മാന്നാർ മത്തായി സ്പീക്കിംഗ് മൂന്നാം ഭാഗമെത്തിയെങ്കിലും ആദ്യഭാഗങ്ങൾക്ക് ലഭിച്ച സ്വീകാര്യതനേടാനായില്ല. തിരക്കഥകളുടെ ബലമായിരുന്നു സിദ്ദിഖ്-ലാൽ കോമ്പിനേഷൻ സിനിമകളുടെ കരുത്ത്. 1990-ൽ ഇൻ ഹരിഹർ നഗർ എന്ന സിനിമ നേടിയ വിജയം, തിരക്കഥയിലും സംവിധാനത്തിലും പുലർത്തിയ ബ്രില്യൻസിനൊപ്പം മുകേഷ്, സിദ്ദിഖ്‌, ജഗദീഷ്, അശോകൻ ടീമിന്റെ ഉശിരൻ പ്രകടനമായിരുന്നു. സിദ്ദിഖ്-ലാൽ കൂട്ടുകെട്ട് പിന്നീട് പിരിഞ്ഞ് വർഷങ്ങൾക്കുശേഷം ലാലിന്റെ സംവിധാനത്തിൽ അതേ താരനിരയിൽ തുടർഭാഗങ്ങളെത്തി. 2009-ൽ ടു ഹരിഹർ നഗറും 2010-ൽ ഇൻ ഗോസ്റ്റ് ഹൗസ് ഇന്നും. ഹൊറർ മൂഡായിരുന്നു മൂന്നാം ഭാഗത്തിന്റെ ചേരുവ. രണ്ടും മൂന്നും ഭാഗങ്ങൾ വിപണനവിജയം നേടിയെങ്കിലും ഇൻ ഹരിഹർ നഗറിന്റെ സ്ഥാനം അവയ്ക്കെല്ലാം മുകളിലാണ്. ‘കിരീടം’ അണിഞ്ഞ് മോഹൻലാൽ 1989-ൽ ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനംചെയ്ത കിരീടം, മോഹൻലാലിന്റെ സിനിമാജീവിതത്തിൽ ഏറെ നിർണായകമാണ്. സ്വപ്നംകണ്ട് ജീവിതം കൈവിരൽത്തുമ്പിൽനിന്നും അകന്നുപോകുമ്പോൾ, നിസ്സഹായതയോടെ നോക്കിനിൽക്കേണ്ടിവരുന്ന ജീവിതങ്ങളായിരുന്നു കിരീടത്തിൽ. ചെങ്കോൽ അതിന്റെ തുടർച്ചയായെത്തി. തിയേറ്ററിൽ മികച്ച വിജയം നേടുകയും ഇന്നും പ്രേക്ഷകസ്വീകാര്യതയിൽ തലയെടുപ്പോടെ നിൽക്കുന്ന സിനിമകളാണ് ദേവാസുരവും രാവണപ്രഭുവും. മോഹൻലാലിന്റെ മംഗലശ്ശേരി നീലകണ്ഠനും നെപ്പോളിയന്റെ മുണ്ടയ്ക്കൽ ശേഖരനും രേവതിയുടെ ഭാനുമതിയും ഇന്നസെന്റിന്റെ വാര്യരുമെല്ലാം മലയാളികളുടെ മനസ്സിൽ പതിഞ്ഞുകിടക്കുകയാണ്. 2001-ൽ തിരക്കഥാകൃത്തായ രഞ്ജിത്ത് ആദ്യമായി സംവിധാനക്കുപ്പായം അണിഞ്ഞപ്പോഴാണ് രാവണപ്രഭു എന്ന രണ്ടാംഭാഗം പിറക്കുന്നത്. നീലകണ്ഠനൊപ്പം മകൻ കാർത്തികേയനായും മോഹൻലാലെത്തി. മോഹൻലാൽ സിനിമകളിൽ ഏറ്റവും കൂടുതൽ കളക്‌ഷൻ നേടി റെക്കോഡ് സൃഷ്ടിച്ച എമ്പുരാനും സീക്വലായിരുന്നു. 2019-ൽ മലയാളത്തിൽ വലിയ വിജയമായ ലൂസിഫറിന്റെ തുടർച്ച. ലൂസിഫറിനെക്കാൾ ബജറ്റിലും കാൻവാസിലും സാങ്കേതികമേന്മയിലുമെല്ലാം വളരെ മുകളിലാണ് പൃഥ്വിരാജ് സുകുമാരൻ സംവിധാനംചെയ്ത എമ്പുരാൻ. പ്രമേയപരമായി രണ്ടുതട്ടിലൂടെയാണ് തുടർഭാഗങ്ങളിലുള്ള ഈ സിനിമകൾ സഞ്ചരിച്ചത്. തിരക്കഥയുടെ ഇഴയടുപ്പത്തിൽ ലൂസിഫർ മുന്നിട്ടുനിൽക്കുന്നെങ്കിൽ, ബിസിനസ്‌തലത്തിൽ സമാനതകളില്ലാത്ത വിജയമാണ് എമ്പുരാന്റെ കരുത്ത്... വിജയഫോർമുലകൾ വീണ്ടും സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും കരുത്തുറ്റ കഥാപാത്രം പോലീസ് ഉദ്യോഗസ്ഥൻ ഭരത് ചന്ദ്രൻ മൂന്നുതവണയാണ് വെള്ളിത്തിരയിലെത്തിയത്. രഞ്ജി പണിക്കരുടെ തിരക്കഥയിൽ ഒരുങ്ങിയ കമ്മീഷണർ, പതിവ് ആക്‌ഷൻ ത്രില്ലർ സിനിമകളുടെ വ്യാകരണം മാറ്റിമറിച്ച് ഷാജി കൈലാസ് സംവിധാനത്തിൽ സൂപ്പർ ഹിറ്റാക്കിയ ചിത്രമായിരുന്നു. തിരക്കഥാകൃത്തായ രഞ്ജി പണിക്കരുടെ സംവിധാനത്തിൽ ഭരത് ചന്ദ്രൻ ഐ.പി.എസ്. 2005-ൽ എത്തി. 2012-ലാണ് ഭരത് ചന്ദ്രന്റെ മൂന്നാം അങ്കം. ഒപ്പം മമ്മൂട്ടിയുടെ തേവള്ളിപ്പറമ്പിൽ ജോസഫ് അലക്‌സ് എന്ന ദി കിംഗിലെ ഐ.എ.എസുകാരനും ഭരത് ചന്ദ്രന്റെ മൂന്നാം വരവിന് കൂട്ടുവന്നു. മോഹൻലാലിന്റെ മേജർ മഹാദേവൻ പലകുറി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു. മേജർ രവിയുടെ സംവിധാനത്തിൽ 2006-ൽ പുറത്തിറങ്ങിയ കീർത്തിചക്ര ലക്ഷണമൊത്ത പട്ടാളചിത്രമായി വിശേഷിപ്പിക്കാം. 2008-ൽ കുരുക്ഷേത്ര, 2010-ൽ കാണ്ഡഹാർ, 2017-ൽ 971 ബിയോണ്ട് ബോർഡേഴ്‌സ് എന്നീ ചിത്രങ്ങളിലൂടെ മേജർ മഹാദേവനെ പലകുറി മേജർ രവി വെള്ളിത്തിരയിലെത്തിച്ചു. എസ്.എൻ. സ്വാമി-മോഹൻലാൽ-കെ. മധു കൂട്ടുകെട്ടിൽ 1987-ൽ റിലീസായ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംഭാഗം അമൽ നീരദ് സ്‌റ്റൈലിലാണ് പ്രേക്ഷകർ കണ്ടത്. മമ്മൂട്ടിയും പൃഥ്വിരാജും ആദ്യമായി ഒന്നിച്ച പോക്കിരി രാജയ്ക്ക്‌ പിന്നീട് തുടർച്ചവന്നപ്പോൾ അതിൽ മമ്മൂട്ടി മാത്രമായിരുന്നു നായകൻ. മൂന്നാം ഭാഗം മിനിസ്റ്റർ രാജയും അനൗൺസ് ചെയ്താണ് കൂട്ടുകെട്ട് പിരിഞ്ഞത്. വമ്പൻ സിനിമകൾക്കു മാത്രമല്ല, കുറഞ്ഞ ബജറ്റിലെത്തിയ ചെറിയ പടങ്ങൾക്കുമുണ്ടായി സീക്വലുകൾ. ജഗദീഷിനെയും സിദ്ദിഖിനെയും നായകന്മാരാക്കി തുളസീദാസ് സംവിധാനംചെയ്ത മിമിക്‌സ് പരേഡ് 1991-ൽ വൻഹിറ്റായി. അടുത്തവർഷം കാസർകോട് കാദർഭായ് എന്ന രണ്ടാം ഭാഗവും ഹിറ്റ്. 2010-ൽ എഗൈൻ കാസർകോട് കാസർഭായ് എന്ന മൂന്നാം ഭാഗവും തിയേറ്ററിലെത്തി. തുടരുന്ന പ്രതീക്ഷകൾ പ്രേക്ഷകരെസംബന്ധിച്ച് തുടർക്കഥകൾ എന്നും പ്രിയപ്പെട്ടതാണ്. ഇഷ്ടകഥാപാത്രങ്ങൾ വീണ്ടും പുതിയ നമ്പറുകളുമായി എത്തുന്നത് ആവേശം സൃഷ്ടിക്കും. നസ്‌ലിൻ-മമിത ജോഡിയുടെ പ്രേമലു, ബിജു മേനോൻ-ആസിഫ് അലി കൂട്ടുകെട്ടിന്റെ തലവൻ, രഞ്ജിത്ത് സജീവ് നായകനായ ഗോളം എന്നീ ചിത്രങ്ങളൊക്കെ രണ്ടാംഭാഗം സമീപകാലത്ത് അനൗൺസ്‌ചെയ്ത ചിത്രങ്ങളാണ്. ജിത്തു മാധവൻ സംവിധാനംചെയ്ത രോമാഞ്ചം, ഫഹദുമായി ഒന്നിച്ച ആവേശം, ഒ.ടി.ടി. റിലീസിൽ വിപ്ലവംസൃഷ്ടിച്ച മിന്നൽ മുരളി ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങൾക്കുള്ള സൂചന അണിയറപ്രവർത്തകർ നൽകിയിട്ടുണ്ട്. അഞ്ചാംപാതിരയുടെ രണ്ടാംഭാഗം, ചിന്താമണി കൊലക്കേസിന്റെ തുടർച്ചയായ എൽ.കെ. 2, സുരേഷ് ഗോപിയുടെ തന്നെ ഹൈവേ 2, ബിഗ് ബിയുടെ രണ്ടാം ഭാഗം ബിലാൽ, ദിലീപിന്റെ ടു കൺട്രീസിന്റെ തുടർച്ച ത്രീ കൺട്രീസ്, സിഐഡി മൂസ 2, റൺവേയുടെ രണ്ടാം ഭാഗം വാളയാർ പരമശിവം എന്നീ ചിത്രങ്ങളൊക്കെ തുടർച്ച ഒരുക്കുമെന്നുള്ള സൂചനകൾ നൽകി പ്രേക്ഷകരിൽ പ്രതീക്ഷനിറച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ ലേലം, മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചൻ എന്നീ ചിത്രങ്ങൾക്ക് രണ്ടാം ഭാഗങ്ങൾ വിളംബരം ചെയ്തിട്ടും പിന്നീട് ഉപേക്ഷിച്ച പ്രോജക്ടുകളാണ്. ഇതരഭാഷകളിൽനിന്നും സലാർ 2, കെജിഎഫ് 3, പുഷ്പ 3, കൽക്കി 2, ദുരന്ധർ 2 എന്നീ സീക്വലുകളും പ്രേക്ഷകപ്രീതിയോടെ മുന്നിലേക്കെത്തുന്നുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആട് 3, ദൃശ്യം 3, വാഴ 2; മലയാള സിനിമയിൽ ഇനി പരമ്പര ചിത്രങ്ങള… | Boolokam