ആത്മീയവെളിച്ചം പകർന്ന് ബേഗൂർ സെയ്ന്റ് മേരീസ് ദേവാലയം

ആത്മീയവെളിച്ചം പകർന്ന് ബേഗൂർ സെയ്ന്റ് മേരീസ് ദേവാലയം

M
MathrubhumiSource Link
ബെംഗളൂരു : ഐ.ടി. കേന്ദ്രമായ ഇലക്ട്രോണിക് സിറ്റിയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ബേഗൂർ സെയ്ന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയം സെയ്ന്റ് ഗ്രിഗോറിയോസ് കത്തീഡ്രൽ എന്ന ആത്മവൃക്ഷത്തിൽ മുളച്ചു വളർന്നതാണ്. രണ്ട് പതിറ്റാണ്ട് മുമ്പാണ് ഹൊംഗസാന്ദ്രയിൽ ഓർത്തഡോക്സ് വിശ്വാസികൾ ഒന്നിച്ചു കൂടിയത്. ഇവിടെ കുർബാന ആരംഭിച്ചത് പുതിയ ദേവാലയത്തിനുള്ള ആദ്യ ചുവടുവെയ്പായിരുന്നു. ഡോ. യാക്കോബ് മാർ ഐറേനിയസിന്റെ ആശീർവാദത്തോടെ ഫാ. ടി.കെ. തോമസ് പള്ളിയുടെ ശിലാസ്ഥാപനം നിർവഹിച്ചു. 2009-ൽ അബ്രഹാം മാർ എപ്പിഫാനിയോസ് കൂദാശ നിർവഹിച്ചു. അന്ന് മുതൽ പ്രദേശത്ത് ആത്മീയവെളിച്ചം പകരുന്ന നക്ഷത്രമായി സെയ്ന്റ് മേരീസ് ദേവാലയം നിലകൊള്ളുന്നു. To advertise here, ബേഗൂരിൽനിന്ന് എട്ട് കിലോ മീറ്ററും ഇലക്ട്രോണിക് സിറ്റിയിൽനിന്ന് നാല് കിലോ മീറ്ററും ദൂരത്തിൽ ബേഗൂർ കോപ്പ റോഡിലുള്ള സൗത്ത് ബിംഗിപുരയിലാണ് ദേവാലയം സ്ഥിതി ചെയ്യുന്നത്. ഓർത്തഡോക്സ് സഭാ ബെംഗളൂരു ഭദ്രാസനത്തിന് കീഴിലുള്ള ഈ ഇടവക സഭാ കാര്യങ്ങളിലും സാമൂഹിക പ്രവർത്തനത്തിലും സജീവമാണ്. 230 ഓളം കുടുംബങ്ങൾ ഇടവകയിൽ അംഗങ്ങളാണ്. മൂന്ന് ത്രോണോസുകളുള്ള മദ്ബഹായോട് കൂടിയുള്ള മനോഹരമായ ദേവാലയത്തിൽ എല്ലാ ഞായറാഴ്ചകളിലും കുർബാനയും നടത്തുന്നത് കൂടാതെ ശനിയാഴ്ചകളിൽ സന്ധ്യാപ്രാർഥനയുമുണ്ട്. വിശേഷ ദിവസങ്ങളിലും കുർബാനയുണ്ടാകും. ഞായറാഴ്ചകളിൽ ഇടവകാംഗങ്ങളുടെ വീടുകളിൽ പ്രാർഥനാ യോഗങ്ങളും നടത്തുന്നു. മദ്ബഹായിലെ പ്രധാന ത്രോണോസ് പരിശുദ്ധ മറിയത്തിന്റെ നാമത്തിലാണ്. വടക്കുവശത്തെ ത്രോണോസ് പരിശുദ്ധ പരുമല തിരുമേനിയുടെയും(സെയ്ന്റ് ഗ്രിഗോറിയോസ്) തെക്കുവശത്തെ ത്രോണോസ് വട്ടശ്ശേരിൽ തിരുമേനി എന്നറയിപ്പെടുന്ന പരിശുദ്ധ ഗീവർഗീസ് മാർ ദിവന്നാസിയോസിന്റെയും പേരുകളിലാണ്. പരിശുദ്ധ മറിയത്തിന്റെ സ്മരണയിലുള്ള ദേവാലത്തിലെ പ്രധാന പെരുന്നാൾ എല്ലാവർഷവും ഓഗസ്റ്റ് 15-നാണ് ആഘോഷിക്കുന്നത്. പുതിയ തലമുറയുടെ ജീവിതത്തിൽ ആത്മീയ വെളിച്ചം പകരാൻ സൺഡേ സ്‌കൂൾ ഊർജസ്വലമായി പ്രവർത്തിക്കുന്നു. ഒരോ പ്രായത്തിനും അനുസൃതമായ പാഠ്യപദ്ധതി പ്രകാരമുള്ള ക്ലാസുകളിലൂടെ വിദ്യാർഥികൾക്ക് സഭാ വിശ്വാസങ്ങളിലും വേദപുസ്തകത്തിലും ആഴത്തിൽ അറിവ് പകർന്നു നൽകാൻ സാധിക്കുന്നു. നിലവിൽ 220 വിദ്യാർഥികൾ സൺഡേ സ്കൂളിൽ പഠിക്കുന്നുണ്ട്. 22 അധ്യാപകർ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു. യുവജനങ്ങളുടെ സംഘടനയായ ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്‌മെന്റ് (ഒ.സി.വൈ.എം.) ചെറുപ്പക്കാരുടെ സാമൂഹികവും ആത്മീയവുമായ വളർച്ചയ്ക്ക് സഹായിക്കുന്നു. പതിവായി ബൈബിൾ പഠന ക്ലാസുകൾ, ധ്യാനശിബിരങ്ങൾ, കൺവൻഷനുകൾ എന്നിവ ഒ.സി.വൈ.എം. നേതൃത്വത്തിൽ നടത്തുന്നു. സ്ത്രീകളുടെ സംഘടനയായ സെയ്ന്റ് മേരീസ് ലീഗും ഇടവകയുടെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്നു. യോഗങ്ങൾ, ആത്മീയ പ്രവർത്തനങ്ങൾ, സേവന പ്രവർത്തനങ്ങൾ എന്നിവ സെയ്ന്റ് മേരീസ് ലീഗ് നടത്തുന്നു. സംഗീതത്തിന് വളരെ പ്രാധാന്യമുള്ള ആരാധനകൾ മനോഹരമാക്കാൻ ഗായക സംഘം പ്രവർത്തിക്കുന്നു. സാമൂഹിക, സന്നദ്ധ പ്രവർത്തനങ്ങളിലും ഇടവക സജീവമാണ്. ഇടവകാംഗങ്ങൾ ഉൾപ്പെടുന്ന ചാരിറ്റബിൾ ട്രസ്റ്റ് നഴ്‌സറി സ്കൂൾ നടത്തുന്നതിന് ഒപ്പം കാലാകാലങ്ങളിൽ വിവിധ സഹായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നു. പതിവായി വിദ്യാഭ്യാസ സഹായം, ചികിത്സ സഹായം നൽകുന്നു. പ്രതിവർഷം അഞ്ച് ലക്ഷത്തിലേറെ രൂപ വിവിധ ആവശ്യങ്ങൾക്കുള്ള സഹായമായി വിതരണം ചെയ്യുന്നു. ഫാ. സക്കറിയ മാത്യു വികാരിയായി പ്രവർത്തിക്കുന്നു. ഷിബു മാത്യു ട്രസ്റ്റിയായും ഭദ്രാസന പ്രതിനിധിയായും പ്രൊഫ.തോമസ് തകരൻ സെക്രട്ടറിയായും മലങ്കര അസോസിയേഷൻ അംഗമായും പ്രവർത്തിക്കുന്നു. അംബിഷ് ജേക്കബ്, ബിനോയ് മാത്തുണ്ണി എന്നിവരും യഥാക്രമം ഭദ്രാസന പ്രതിനിധി, മലങ്കര അസോസിയേഷൻ അംഗങ്ങൾ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ആരാധനാ സമയം ഞായറാഴ്ചകൾ പ്രഭാത പ്രാർഥന- 7.30, കുർബാന-8.30 പ്രത്യേക ദിവസങ്ങൾ പ്രഭാത പ്രാർഥനയും കുർബാനയും- രാവിലെ 6.30 ശനിയാഴ്ചകൾ സന്ധ്യാ പ്രാർഥന: വൈകീട്ട് 6.15

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആത്മീയവെളിച്ചം പകർന്ന് ബേഗൂർ സെയ്ന്റ് മേരീസ് ദേവാലയം — Math… | Boolokam