പഹൽഗാം ഭീകരാക്രമണം To advertise here, ആദിലിന്റെ ത്യാഗം അനശ്വരമെന്ന് ഷിന്ദേ മുംബൈ : പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരിൽ ഒരാളായ പോണിവാല സയ്യിദ് ആദിൽ ഹുസൈൻ ഷായുടെ ത്യാഗം ചരിത്രത്തിൽ കൊത്തിവെച്ചതാണെന്നും രാജ്യം ഒരിക്കലും മറക്കില്ലെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ. ശിവസേന (ഷിന്ദേ വിഭാഗം) പഹൽഗാമിൽ ആദിൽ ഹുസൈൻ ഷായുടെ കുടുംബത്തിന് നിർമിച്ച് നൽകിയ വീട് കൈമാറൽ ചടങ്ങിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു ഉപമുഖ്യമന്ത്രി. ധീരനായ ആദിൽ ഷായുടെ ത്യാഗത്തെ ആദരിക്കുകയാണിവിടെ. കഴിഞ്ഞവർഷം ഏപ്രിൽ 22-ന് പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമായ ബൈസരൺ താഴ്വരയിൽ ഒരു കൂട്ടം ഭീകരർ നടത്തിയ ആക്രമണത്തിൽ ആദിര്ൽ ഷായും 25 വിനോദസഞ്ചാരികളും കൊല്ലപ്പെട്ടിരുന്നു. പഹൽഗാം പട്ടണത്തിൽനിന്ന് ആറ് കിലോമീറ്റർ അകലെയുള്ള പുൽമേട്ടിലേക്ക് വിനോദ സഞ്ചാരികളെ കുതിരപ്പുറത്തേറ്റി സവാരിക്ക് കൊണ്ടുപോകുന്ന ആളായിരുന്നു ആദിൽ. സംഭവം നടക്കുമ്പോൾ ഒരു ഭീകരന്റെ തോക്ക് തട്ടിയെടുത്ത് പ്രത്യാക്രമണത്തിന് ശ്രമിച്ച ആദിൽ വെടിയേറ്റ് മരിക്കുകയായിരുന്നു. ഭീകരാക്രമണത്തിൽ മരിച്ച ഏക പ്രദേശവാസിയും ആദിൽ ആയിരുന്നു. സംഭവത്തിനു പിന്നാലെ ശിവസേന അദ്ദേഹത്തിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സഹായധനം നൽകിയിരുന്നു. അവർക്ക് വീട് നൽകുമെന്ന് വാഗ്ദാനവും ചെയ്തിരുന്നു. ഷിന്ദേയുടെ രാഷ്ട്രീയ ഗുരുവായിരുന്ന ആനന്ദ് ഡിഗെയുടെ സ്മരണയ്ക്കായി ആനന്ദ് നാഥ് സദൻ എന്ന് പേരിട്ടിരിക്കുന്ന പുതിയ വീടിന്റെ താക്കോൽ ശിവസേന മന്ത്രിമാരായ യോഗേഷ് കദമും സഞ്ജയ് ഷിർസാത്തും ഷായുടെ ജന്മനാടായ പഹൽഗാമിലെ ഹപത്‌നാർ ഗ്രാമത്തിൽ നടന്ന ചടങ്ങിൽ കുടുംബത്തിന് കൈമാറി. ആദിൽ വെറുമൊരു ചെറുപ്പക്കാരൻ മാത്രമായിരുന്നില്ല, രാജ്യത്തിന്റെ അഭിമാനത്തിന്റെ ജ്വലിക്കുന്ന വിളക്കായിരുന്നു, മതത്തിനും ഭാഷയ്ക്കും വിശ്വാസത്തിനും അതീതമായി മാനവികതയ്ക്കായി ജീവൻ ത്യജിച്ച ഒരാളായിരുന്നു അദ്ദേഹമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു. ആദിൽഷായുടെ സഹോദരിയും സഹോദരനും ഷിന്ദേയോട് നന്ദി പറഞ്ഞു. ഷിന്ദേ നൽകിയ വാഗ്ദാനം നിറവേറ്റി. അദ്ദേഹം സാമ്പത്തിക സഹായം നൽകി, കൂടാതെ ഒരു വീട് നിർമിച്ച് തന്നു. ഈ വീട് വെറുമൊരു അഭയകേന്ദ്രം മാത്രമല്ല, ബഹുമാനവും പിന്തുണയുമാണെന്ന് അവർ പറഞ്ഞു.
