ആനപ്പിണ്ടത്തിന്റെ മണം, കൂക്കിവിളിച്ചു; മൂന്നുരാത്രിയും രണ്ടുപകലും കാട്ടിൽ; ഇത് സൂപ്പർ ശരണ്യ

ആനപ്പിണ്ടത്തിന്റെ മണം, കൂക്കിവിളിച്ചു; മൂന്നുരാത്രിയും രണ്ടുപകലും കാട്ടിൽ; ഇത് സൂപ്പർ ശരണ്യ

M
MathrubhumiSource Link
സി.കെ. റിംജു/സുനിൽ തിരുവമ്പാടി Last Updated: 06 April 2026, 07:01 AM IST ശരണ്യ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം കാസർകോട്/ബെംഗളൂരു: മൂന്നുരാത്രിയും രണ്ടുപകലും കൊടുംകാട്ടിൽ. ഒടുവിൽ, ഉയിർപ്പുതിരുനാളായ ഈസ്റ്റർ ദിനത്തിൽ മടങ്ങിവരവ്. സൂപ്പറാണ് ശരണ്യ, ആ മനോധൈര്യവും. To advertise here, കുടകിലെ ഉയർന്ന പ്രദേശങ്ങളിലൊന്നായ തടിയൻഡമോൾ മലമ്പ്രദേശത്താണ് വ്യാഴാഴ്ച ഉച്ചയോടെ ട്രക്കിങ്ങിനിടെ കോഴിക്കോട് നാദാപുരം സ്വദേശി ജി.എസ്. ശരണ്യയെ കാണാതായത് . തിരച്ചിൽ നടത്തിവന്ന ആദിവാസിയുവാക്കൾ ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ ഉൾവനത്തിൽ ഒരു അരുവിക്കുസമീപം പാറയ്ക്കുമുകളിൽ അവശനിലയിൽ ഇരിക്കുന്നനിലയിലാണ് ശരണ്യയെ കണ്ടെത്തിയത്. ട്രക്കിങ് തുടങ്ങിയ ഇടത്തുനിന്നും ഒരു കിലോമീറ്റർ അകലെയായിരുന്നു ഇത്. വനംവകുപ്പിന്റെ വാഹനത്തിൽ പുറത്തെത്തിച്ചു. നാലുദിവസം വെള്ളം മാത്രമേ കുടിച്ചുള്ളൂവെങ്കിലും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലാതെയാണ് പുറത്തേക്കുവന്നത്. വർഷങ്ങളായുള്ള ട്രക്കിങ് പരിചയവും മനോബലവും തിരിച്ചുവരവിനുള്ള കരുത്തായി. രാത്രിയോടെ വീരാജ് പേട്ട പോലീസ് സ്റ്റേഷനിൽനിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി, ആശുപത്രിയിൽനിന്ന് ആരോഗ്യപരിശോധന നടത്തി ബന്ധുക്കൾക്കൊപ്പം രാത്രിയോടെ നാട്ടിലേക്ക് തിരിച്ചു. കൊച്ചിയിൽ സോഫ്‌റ്റ്വേർ ഡിവലപ്പറായ ശരണ്യ ഒറ്റയ്ക്കാണ് കുടകിലെത്തിയത്. കക്കബ്ബെ ഗ്രാമത്തിലെ ഹോംസ്റ്റേയിൽ തങ്ങിയ ഇവർ ജീവനക്കാരോട് ഒറ്റയ്ക്ക് ട്രക്കിങ്ങിന് പോകണമെന്ന ആഗ്രഹം പറഞ്ഞിരുന്നു. അതനുവദിക്കാതെ വ്യാഴാഴ്ച രാവിലെ 12 അംഗ സംഘത്തിനൊപ്പമാണ് മലകയറാൻ വിട്ടത്. ഒരുമണിക്കൂറിനകം ശരണ്യയെ കാണാതാവുകയായിരുന്നെന്ന് സംഘാംഗങ്ങൾ പറയുന്നു. രണ്ടരയോടെ തനിക്ക് വഴി തെറ്റിയെന്ന് ശരണ്യ ഹോംസ്റ്റേയിൽ വിളിച്ചറിയിച്ചിരുന്നു. തിരച്ചിൽ ഊർജിതമാക്കാൻ ഞായറാഴ്ച കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സിദ്ധരാമയ്യയുമായി ബന്ധപ്പെട്ടിരുന്നു. കെ.സി. വേണുഗോപാൽ എം.പി. സിദ്ധരാമയ്യയോട് സംസാരിച്ചു. ഇടയ്ക്കിടെ കൂക്കിവിളിച്ചു, അത് തുണയായി സാരംഗ് സുരേഷ് / മാതൃഭൂമി ന്യൂസ് കുടക്: ട്രക്കിങ്ങിനെ പ്രണയിച്ച ടെക്കിയായ ശരണ്യക്ക് മലമുകളിൽനിന്ന് രക്ഷപ്പെടാൻ കരുത്തായത് അനുഭവസമ്പത്തും തെളിനീരുറവയും. അഗസ്ത്യകൂടം ചെമ്പ്രഗുഡി മലനിരകളെ കീഴടക്കിയ ശരണ്യക്ക് തടിയൻഡമോൾ മല നിസ്സാരമായിരുന്നു. പക്ഷേ, ഗൈഡ് കൂടെവരാഞ്ഞതും ഒപ്പം ട്രക്കിങ്ങിന് വന്നവർ പരിചയക്കാരല്ലാത്തതും വിനയായി. രണ്ടുമണിക്കൂറുകൊണ്ട് മലകയറി വരാനായിരുന്നു പദ്ധതി. പക്ഷേ, കൂടെയുള്ളവർ നേരത്തേ മടങ്ങി. ശരണ്യ തിരിച്ചിറങ്ങാൻനേരം കോടമഞ്ഞുകാരണം വഴിതെറ്റി. തെറ്റിയ വഴിയിലൂടെ നടന്നപ്പോൾ ആനപ്പിണ്ടത്തിന്റെ മണമറിഞ്ഞു. അതുകൊണ്ട് ആ വഴി ഉപേക്ഷിച്ച് മറ്റൊരു വഴി നടന്ന് വിശാലമായൊരു പാറപ്പുറത്ത് തങ്ങി. അരുവിവെള്ളം കുടിച്ച് ക്ഷീണമകറ്റി. രണ്ടുമണിക്കൂറുകൊണ്ട് മടങ്ങിവരാവുന്ന ട്രക്കിങ്ങായതിനാൽ ഭക്ഷണസാധനങ്ങളോ മറ്റ് ട്രക്കിങ് സാമഗ്രികളോ കരുതിയിരുന്നില്ല. പവർ ബാങ്ക് എടുത്തുമില്ല. ഫോണിൽ ചാർജ് തീരാറായപ്പോൾ സുഹൃത്തിനെ വിളിച്ചിട്ട് സർക്കാരിന്റെ ആരണ്യ സൈറ്റിൽ കയറി കാര്യംപറയാൻ പറയുമ്പോഴേക്കും ഫോൺ ഓഫായി. ഒറ്റപ്പെട്ടപ്പോൾ പകൽ സമയം കൂക്കിവിളിച്ച് ഒച്ചയുണ്ടാക്കി. അങ്ങനെ ഒച്ചയുണ്ടാക്കിയതാണ് ഞായറാഴ്ച ശരണ്യയെ കണ്ടത്താൻ സഹായകമായത്. ആന, പുള്ളിപ്പുലി എന്നിവയുള്ള വനപ്രദേശമാണ് ഇതെന്നാണ് വനംവകുപ്പധികൃതർ പറഞ്ഞത്. കുറ്റിക്കാടുനിറഞ്ഞ ഉയർന്ന സ്ഥലത്താണ് കഴിഞ്ഞത് എന്നതിനാൽ മൃഗങ്ങളുടെ ശ്രദ്ധയിൽപ്പെട്ടില്ല എന്നുവേണം കരുതാൻ. Content Highlights: Survived 3 days and 2 nights in the dense Tadiandamol forest., Relied on stream water and trekking experience for survival., Used distress signals (shouting/whistling) to aid search teams., Successful coordination between Kerala and Karnataka governments in 2026., Highlights the risks of solo trekking in unfamiliar high-altitude terrain. Published: 06 Apr 2026, 07:01 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!