പൊന്മുടി ഡാമിലെ ജലനിരപ്പ് താഴ്ന്നു To advertise here, രാജാക്കാട് : വേനൽ കടുത്തതോടെ പൊൻമുടി ഡാമിൽ ജലനിരപ്പ് കുറഞ്ഞു. പൊന്മുടി ഡാമിൽ 20 ശതമാനത്തിൽ താഴെ മാത്രമാണ് വെള്ളമുള്ളത്. ഈ നില തുടർന്നാൽ വൈദ്യുതി ഉത്പാദനത്തെയും സഹകരണ സ്ഥാപനം നടത്തുന്ന ടൂറിസത്തിന്റെ ഭാഗമായുള്ള ഡാമിലെ ബോട്ടിങ്ങിനെയും കാര്യമായി ബാധിക്കും. പൊന്മുടി ഡാമിൽ വെള്ളം കുറയുമ്പോൾ വെള്ളം തുറന്നുവിടാനാണ് ആനയിറങ്കൽ ഡാം നിർമിച്ചിരിക്കുന്നത്. ആനയിറങ്കൽ ഡാമിന് സമീപം വൈദ്യുതി ഉത്പാദനകേന്ദ്രം ഇല്ല. മഴക്കാലത്ത് സംഭരിക്കുന്ന വെള്ളം ഡാമിൽ കെട്ടിനിർത്തി ഏപ്രിൽ ഒന്നിന് തുറന്ന് 45 ദിവസം വെള്ളം പുറത്തേക്ക് ഒഴുക്കിവിടാറുണ്ട്. മേയ് 15-നാണ് ഡാം അടയ്ക്കുന്നത്. ഈ വർഷം ഏപ്രിൽ ഒന്നിന് ഡാം തുറന്നെങ്കിലും ആദ്യത്തെ 15 ദിവസം കൊണ്ട് ഒൻപത് ശതമാനം വെള്ളംമാത്രമാണ് പുറത്തേക്ക് ഒഴുക്കിയത്. 35 ശതമാനം വെള്ളം ഒഴുക്കിവിടേണ്ട സമയത്താണ് ഉദ്യോഗസ്ഥർ വെള്ളം പിടിച്ചുനിർത്തിയത്. അത് പൊന്മുടി, കുത്തുങ്കൽ വൈദ്യുതപദ്ധതികൾക്ക് പ്രതിസന്ധി ഉണ്ടാക്കി. തുടർന്നുള്ള ദിവസങ്ങളിൽ വെള്ളം കൂടുതൽ ഒഴുക്കിവിട്ടെങ്കിലും ആവശ്യത്തിന് വെള്ളം പൊന്മുടി ഡാമിൽ എത്തുന്നില്ല. ഇപ്പോൾ 80 ശതമാനം വെള്ളം ആനയിറങ്കൽ ഡാമിലുണ്ട്. പുഴയിൽ നീരൊഴുക്ക് ഇല്ലാത്തതിനാൽ പ്രദേശങ്ങളിലെ കൃഷിയേയും കാര്യമായി ബാധിക്കുന്നുണ്ട്. കുടിവെള്ളത്തിനും ക്ഷാമമുണ്ട്. മുൻ കാലങ്ങളിൽ ഡാമിന് താഴെ താമസിക്കുന്ന ആളുകളുടെ ആവശ്യപ്രകാരം മുക്കുടിൽ ഡാമിൽ നിന്നും നാല് ഹോസിട്ട് പുഴയിലൂടെ ചെറിയ തോതിൽ ഒഴുക്കിയിരുന്നതിനാൽ കുളിക്കാനും കുടിക്കാനുമുള്ള വെള്ളം പ്രദേശവാസികൾക്ക് കിട്ടിയിരുന്നു. ഇപ്രാവശ്യം അത് കിട്ടുന്നില്ലെന്നാണ് പുഴയുടെ സമീപത്ത് താമസിക്കുന്നവരുടെ പരാതി. വേനൽമഴ ചില സ്ഥലങ്ങളിൽ ഉണ്ടായെങ്കിലും കാര്യമായി മഴ ലഭിക്കാത്ത സ്ഥലങ്ങളുമുണ്ട്. ഇത് ഏലം കൃഷിയെയും കാര്യമായി ബാധിക്കും. ആനയിറങ്കൽ ഡാമിലെ ജലം കൂടുതൽ തുറന്നുവിട്ട് പന്നിയാർ പുഴയിലെ നീരൊഴുക്ക് വർധിപ്പിക്കണമെന്നും പൊന്മുടിയിലെ വൈദ്യുത ഉത്പാദനം വർധിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
