ആഫ്രിക്കൻ നാടോടിക്കഥ: ഷിയാങ്ക ഷിയാങ്കലാലാ ഷിയാങ്ക

ആഫ്രിക്കൻ നാടോടിക്കഥ: ഷിയാങ്ക ഷിയാങ്കലാലാ ഷിയാങ്ക

ആഫ്രിക്കയിലെ ഒരു ഗ്രാമത്തിൽ ഒരമ്മ തന്റെ കൈക്കുഞ്ഞിനോടൊപ്പം സുഖമായി ജീവിച്ചുവരുകയായിരുന്നു. അവർക്ക് ബന്ധുക്കളായി മറ്റാരുമുണ്ടായിരുന്നില്ല. കുഞ്ഞ് പിറന്ന് മൂന്നാഴ്ച കഴിഞ്ഞപ്പോൾ ആ അമ്മയോർത്തു, 'ഇനി ഞാൻ പാടത്ത് പണിക്ക് പോയേപറ്റൂ. ഇല്ലെങ്കിൽ പട്ടിണിയാകും.' അതുകൊണ്ട്, അമ്മ പാടത്തേക്ക് പോയപ്പോൾ കുഞ്ഞിനെയും ഒപ്പം കൂട്ടി. To advertise here, പാടത്തെത്തിയ അമ്മ ഒരു വലിയ മരത്തിന്റെ ചുവട്ടിൽ സുരക്ഷിതമായ ഒരിടം കണ്ടെത്തി. പിന്നെ പുല്ലരിഞ്ഞുകൂട്ടി ഒരു മെത്തയുണ്ടാക്കി അതിലൊരു തുണി വിരിച്ച് കുഞ്ഞിനെ കിടത്തി. വൈകാതെ അമ്മ തന്റെ തൂമ്പയുമെടുത്ത് പാടത്തേക്കിറങ്ങി. സമയം കടന്നുപോകെ പണിയെടുത്ത് അവൾ കുഞ്ഞിന്റെ അരികിൽനിന്ന് ദൂരേക്ക് നീങ്ങി. കുറച്ചുകഴിഞ്ഞപ്പോൾ കുഞ്ഞ് ഉറക്കെ കരയാൻതുടങ്ങി. പാടത്തിന്റെ അങ്ങേ തലയ്ക്കൽ പണിയെടുക്കുകയായിരുന്ന അമ്മ ആ കരച്ചിൽ കേട്ടതുമില്ല. ഏറെനേരം കഴിഞ്ഞതോടെ കുഞ്ഞ് കരഞ്ഞ് തളർന്നു. ഇതേസമയം ആ മരത്തിന്റെ ചില്ലകളിലൊന്നിൽ വിശ്രമിക്കുകയായിരുന്ന ഒരു വലിയ പക്ഷി കുഞ്ഞിന്റെ കരച്ചിൽ കേട്ടു. അത് പറന്ന് താഴെ പുൽമെത്തയ്ക്ക് സമീപം വന്നിരുന്നു. 'എന്ത് ഓമനത്തമാണ് ഈ കുഞ്ഞിന്.' അവൾ വിചാരിച്ചു. പിന്നെ തുണിയോടുകൂടി കുഞ്ഞിനെ കൊത്തിയെടുത്ത് മരമുകളിലെ തന്റെ വലിയ കൂട്ടിൽ കൊണ്ടുവെച്ചു. കാറ്റിൽ മെല്ലെയിളകുന്ന കൂട് കുഞ്ഞിനൊരു തൊട്ടിലായിമാറി. പക്ഷിയമ്മയുടെ ചൂടേറ്റ് കുഞ്ഞ് മെല്ലെ ഉറങ്ങി. നേരം ഉച്ചയായി. വെയിൽ കനത്തതോടെ അമ്മ പാടത്തുനിന്ന് വീട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. കുഞ്ഞിനെയെടുക്കാൻ മരച്ചുവട്ടിലെത്തിയ അമ്മ ഒഴിഞ്ഞുകിടക്കുന്ന പുൽമെത്ത കണ്ട് ഞെട്ടി. ''അയ്യോ, എന്റെ കുഞ്ഞിനെ ആരോ കൊണ്ടുപോയിരിക്കുന്നു. ആരെങ്കിലും സഹായിക്കണേ...'' അവൾ ഉറക്കെ നിലവിളിച്ചു. ആ കരച്ചിൽ കേട്ട് മരമുകളിലെ പക്ഷിക്കൂട്ടിൽ ഉറക്കത്തിലായിരുന്ന കുഞ്ഞും ഞെട്ടിയുണർന്ന് കരയാൻതുടങ്ങി. കുഞ്ഞിന്റെ ശബ്ദം കേട്ട് അമ്മ പരിഭ്രാന്തിയോടെ ചുറ്റും നോക്കി. മരത്തിന് മുകളിൽനിന്നാണ് കുഞ്ഞ് കരയുന്നതെന്ന് മനസ്സിലാക്കിയ അവൾ അമ്പരന്നുപോയി. പക്ഷിക്കൂടിന് മുകളിൽ ചുറ്റിപ്പറക്കുന്ന പക്ഷിയെയും കണ്ടതോടെ അമ്മയ്ക്ക് കാര്യം മനസ്സിലായി. 'ആ പക്ഷിയാണ് തന്റെ കുഞ്ഞിനെ മോഷ്ടിച്ചത്. ഇനിയെന്ത് ചെയ്യും?' ''ഹേ, സുന്ദരിപ്പക്ഷീ... നീ കുഞ്ഞിനെ സുരക്ഷിതമായി നോക്കിയല്ലോ, ഇനി ഞാനവനെ വീട്ടിൽ കൊണ്ടുപോകട്ടെ. ദയവായി കുഞ്ഞിനെ താഴെയെത്തിക്കൂ.'' അമ്മ പക്ഷിയോട് പറഞ്ഞു. പക്ഷി അത് കേട്ട ഭാവമില്ല. മരത്തിന് നല്ല ഉയരമുണ്ട്. അതുകൊണ്ട് മുകളിൽ കയറി കുഞ്ഞിനെ എടുക്കാനും അമ്മയ്ക്ക് കഴിയില്ല. അവൾ വീണ്ടും നിലവിളിക്കാൻതുടങ്ങി. അതുവഴി കടന്നുപോയ ഒരു വൃദ്ധൻ അത് കേട്ടു. അയാൾ അവരോട് കാര്യം അന്വേഷിച്ചു. അമ്മ അയാളോട് തന്റെ അവസ്ഥ വിശദീകരിച്ചു. ''നിങ്ങൾ കുഞ്ഞിനെ തിരികെ തരാൻ പക്ഷിയോട് ആവശ്യപ്പെട്ടില്ലേ?'' വൃദ്ധൻ ചോദിച്ചു. ''ഉവ്വ്. എന്നാൽ, പക്ഷിക്ക് അത് കേട്ട ഭാവംപോലുമില്ല.'' അമ്മ പറഞ്ഞു. ''നിങ്ങൾ അങ്ങനെയായിരുന്നില്ല ചോദിക്കേണ്ടിയിരുന്നത്.'' വൃദ്ധൻ പറഞ്ഞു. ''ഇനിയെന്തു ചെയ്യും?'' അമ്മ ആകുലതയോടെ അന്വേഷിച്ചു. ''നിങ്ങളുടെ ആവശ്യം ഒരു പാട്ടായി പാടണം. എന്നുവെച്ചാൽ, ഒരു പക്ഷി പാടുംപോലെ. അവർക്ക് പാട്ടുമാത്രമേ മനസ്സിലാകൂ. ഒരു കാര്യം ഓർത്തോളൂ, പാടുമ്പോൾ താളം പിഴച്ചാൽ പക്ഷി കുഞ്ഞിനെ കൊണ്ടുതരില്ല.'' ''അല്ലെങ്കിൽതന്നെ കരഞ്ഞ് ശബ്ദം അടഞ്ഞിരിക്കുകയാണ്. ഇനിയെങ്ങനെ പാടും. പാടുന്നത് നന്നായില്ലെങ്കിൽ തന്റെ കുഞ്ഞിനെ തിരികെ കിട്ടില്ല.'' അമ്മ വിഷമത്തിലായി. ''കുഞ്ഞിന്റെ പേര് ഷിയാങ്ക എന്നല്ലേ. പാടുമ്പോൾ നമുക്കൊന്നിച്ച് ആ പേര് വിളിച്ച് പാടാം. എന്നാൽ തുടങ്ങിക്കോളൂ.'' വൃദ്ധൻ പറഞ്ഞു. അങ്ങനെ അമ്മ പാടാൻതുടങ്ങി. ''പൂപോലഴകുള്ള പക്ഷീ എന്റെ പൈതലേ കൊണ്ടുതാ വേഗം. ഷിയാങ്ക ഷിയാങ്കലാലാ ഷിയാങ്ക ഷിയാങ്ക ഷിയാങ്കലാലാ ഷിയാങ്ക പൊൻകിരീടം വെച്ച പക്ഷീ സുന്ദരീ നീയെന്റെ സോദരിയല്ലേ, നേരം കടക്കുന്നു, നെഞ്ച് കടയുന്നു ഷിയാങ്ക ഷിയാങ്കലാലാ ഷിയാങ്ക… ഓമൽക്കുരുന്നുമായ് ചാരത്ത് വായോ ഷിയാങ്ക ഷിയാങ്കലാലാ ഷിയാങ്ക...'' അമ്മയുടെ മനോഹരമായ പാട്ട് കേട്ട് പക്ഷി മറുപടിയായി പാടി. ''താഴേ പറന്നെത്തിയാലെന്നെ നിങ്ങൾ അമ്പെയ്തു കൊല്ലില്ലെന്നെന്തുറപ്പ്? നാട്ടാരെ മൊത്തം വിളിച്ചുകൂട്ടി എന്നെ ചുട്ടുകൊല്ലില്ലെന്നെന്തുറപ്പ്? ഷിയാങ്ക ഷിയാങ്കലാലാ ഷിയാങ്ക ഷിയാങ്ക ഷിയാങ്കലാലാ ഷിയാങ്ക… ആ പക്ഷി കുഞ്ഞിനെ കട്ടുവെന്ന് നീ വീട്ടുകാരോടു പറയുകില്ലേ? പാറിപ്പറക്കുന്ന എന്നെ വീഴ്ത്താൻ അമ്പെടുത്തോടി വരുകയില്ലേ? ഷിയാങ്ക ഷിയാങ്കലാലാ ഷിയാങ്ക ഷിയാങ്ക ഷിയാങ്കലാലാ ഷിയാങ്ക...'' പക്ഷി പാടുന്നത് കേട്ട് അമ്മ വീണ്ടും കണ്ണീർ വാർത്തു. പിന്നെ നിസ്സഹായതയോടെ അപേക്ഷിക്കാൻതുടങ്ങി. ''നിന്നെ വേദനിപ്പിക്കാൻ ഞാനെന്തിന് എന്റെ ഭർത്താവിനോട് പറയണം. നീ എന്റെ സോദരിയാണ്. കുഞ്ഞിനെ നീ നന്നായി നോക്കി.'' പാട്ടിലൂടെതന്നെ അമ്മ പക്ഷിയോട് പറഞ്ഞു. ''പൊന്നിൻ ചേലുള്ള പക്ഷീ കരയുന്ന പൈതലേ കണ്ടതില്ലേ? പൈക്കുന്ന കുഞ്ഞിന് പാൽ കൊടുക്കാൻ അമ്മതൻ നെഞ്ച് പിടച്ചിടുന്നു! ഷിയാങ്ക ഷിയാങ്കലാലാ ഷിയാങ്ക ഷിയാങ്ക ഷിയാങ്കലാലാ ഷിയാങ്ക...'' അമ്മയുടെ മനോഹരമായ പാട്ടും കരളുരുകിയ അപേക്ഷയും കേട്ട് പക്ഷി താമസിയാതെ കുഞ്ഞുമായി താഴത്തെത്തി. അമ്മ തന്റെ കുഞ്ഞിനെയും കൊണ്ട് സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആഫ്രിക്കൻ നാടോടിക്കഥ: ഷിയാങ്ക ഷിയാങ്കലാലാ ഷിയാങ്ക — Mathrub… | Boolokam