സ്വന്തം ലേഖകന്‍ Last Updated: 22 March 2026, 04:40 AM IST പ്രതീകാത്മക ചിത്രം | Photo:X ന്യൂഡൽഹി: ആഭ്യന്തര വിമാനങ്ങളിലെ ടിക്കറ്റ് ബുക്കിങ്ങിൽ 60 ശതമാനം സീറ്റെങ്കിലും അധികനിരക്ക് ഈടാക്കാതെ യാത്രക്കാർക്ക് ലഭ്യമാക്കണമെന്ന കേന്ദ്രസർക്കാർ നിർദേശത്തിൽ എതിർപ്പുമായി വിമാനക്കമ്പനികൾ രംഗത്ത്. വ്യോമയാന മേഖലയ്ക്ക് തിരിച്ചടിയാകുന്ന നീക്കമാണിതെന്ന് കുറ്റപ്പെടുത്തി ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്.ഐ.എ.) സർക്കാരിന് കത്തയച്ചു. രാജ്യത്തെ പ്രധാന വിമാനക്കമ്പനികളായ ഇൻഡിഗോ, എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ് എന്നിവയുൾപ്പെടുന്ന സംഘടയാണിത്. നിർദേശം വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി. To advertise here, വരുമാനനഷ്ടമുണ്ടാകുന്നത് നികത്താൻ യാത്രനിരക്ക് വർധിപ്പിക്കാൻ കമ്പനികൾ നിർബന്ധിതരാവുകയാണ്. ഫലത്തിൽ സീറ്റ് തിരഞ്ഞെടുക്കാൻ ആഗ്രഹിക്കാത്ത യാത്രക്കാരടക്കം ഉയർന്ന നിരക്ക് നൽകേണ്ടിവന്നേക്കുമെന്ന് മുന്നറിയിപ്പുനൽകി. ഡി.ജി.സി.എ.യുടെ നിർദേശങ്ങൾ പിൻവലിക്കാനും ആവശ്യപ്പെട്ടു. സീറ്റ് തിരഞ്ഞെടുക്കൽ വിമാനക്കമ്പനികളുടെ വരുമാനത്തിന്റെ നിയമാനുസൃത ഘടകമാണ്. നേരിയ ലാഭത്തിലാണ് വിമാനക്കമ്പനികൾ പ്രവർത്തിക്കുന്നത്. ഇന്ധനം, അറ്റകുറ്റപ്പണികൾ, വിമാനത്താവള ചാർജുകൾ എന്നിവയുൾപ്പെടെ പ്രവർത്തനച്ചെലവുകൾ വർധിച്ചുവരുന്നു. ഇതു നികത്താൻ അനുബന്ധ വരുമാനത്തെയാണ് ആശ്രയിക്കുന്നത്. അതിന്മേൽ ഏകീകൃത നിയന്ത്രണം നടപ്പാക്കുന്നത് വാണിജ്യ മാതൃകകളെ ദുർബലപ്പെടുത്തലാണ്. സീറ്റ് തിരഞ്ഞെടുക്കുന്നവർ മാത്രം അധികനിരക്ക് നൽകിയാൽ മതിയെങ്കിൽ മൊത്തത്തിൽ നിരക്ക് ഉയരുന്നതിലേക്കാകും കാര്യങ്ങൾ നീങ്ങുന്നത്. അത് എല്ലാ യാത്രക്കാരെയും ബാധിക്കും. കൂടിയാലോചനകളില്ലാതെയാണ് സർക്കാർ ഈ തീരുമാനം പ്രഖ്യാപിച്ചത്. അതു നടപ്പാക്കുന്നത് വലിയ വരുമാന നഷ്ടത്തിന് വഴിവെക്കുന്ന ഇടപെലായി മാറുമെന്നും കത്തിൽ പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ധനച്ചെലവ് വർധിക്കുന്നതും ഉന്നയിച്ചിട്ടുണ്ട്. സീറ്റ് തിരഞ്ഞെടുക്കാൻ കുറഞ്ഞത് 60 ശതമാനം സീറ്റിലെങ്കിലും അധികച്ചാർജ് ഈടാക്കരുതെന്നാണ് കഴിഞ്ഞദിവസം ഡി.ജി.സി.എ. വിമാനക്കമ്പനികളോട് നിർദേശിച്ചത്. നിലവിൽ 20 ശതമാനം സീറ്റുകൾ മാത്രമാണ് സൗജന്യമായി തിരഞ്ഞെടുക്കാനായിരുന്നത്. Content Highlights: DGCA mandates 60% of domestic flight seats must be free to select., Federation of Indian Airlines (FIA) claims this causes significant revenue loss., Airlines warn that the move could lead to a general increase in airfares for all passengers., Rising operational costs and fuel prices are cited as major financial pressures. Published: 22 Mar 2026, 04:40 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ആഭ്യന്തര വിമാന സർവീസിലെ സീറ്റ് തിരഞ്ഞെടുപ്പ്; അധികനിരക്ക് ഒഴിവാക്കാനാകില്ലെന്ന് വിമാന കമ്പനികൾ
M
MathrubhumiSource Link
about 2 months ago