മമ്പാട് : ഓടായിക്കലിൽ റെഗുലേറ്റർ കം ബ്രിഡ്ജിനു സമീപം ചാലിയാറിൽ വിലക്കുകൾ ലംഘിച്ച് സഞ്ചാരികൾ പ്രവേശിക്കുന്നത് അപകടങ്ങൾക്കിടയാക്കുന്നു. To advertise here, മുൻപ് ഒട്ടേറെ അപകടങ്ങളുണ്ടായ ആയിരംകല്ല് മേഖലയിൽ പഞ്ചായത്തധികൃതർ മുന്നറിയിപ്പുഫലകം നാട്ടിയിട്ടുണ്ടെങ്കിലും ഇത് വകവെക്കാതെയാണ് സഞ്ചാരികൾ പ്രവേശിക്കുന്നത്. വ്യാഴാഴ്ച രാവിലെ എട്ടോടെ ഇവിടെ ഇറങ്ങിയ ഒരു കുടുംബത്തിലെ നാലുവയസ്സുകാരൻ അപകടത്തിൽപ്പെട്ടു. കുട്ടിയെ രക്ഷപ്പെടുത്തി വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കാനായെന്ന് എമർജൻസി റെസ്ക്യൂ ഫോഴ്സ് അംഗം ഷഹബാൻ മമ്പാട് പറയുന്നു. ഇതുപോലെ മുൻപും ഇവിടെ ഒട്ടേറെ അപകടങ്ങളാണ് സംഭവിച്ചതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം മാത്രം ആറുപേർ ഒഴുക്കിൽപ്പെട്ടതായാണ് കണക്ക്. ഇതിൽ നാലുപേർ കൂട്ടത്തോടെ ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ കൈകോർത്തിറങ്ങിയാണ് രക്ഷപ്പെടുത്തിയത്. റെഗുലേറ്റർ കം ബ്രിഡ്ജിനു താഴെ പഞ്ചായത്തൊരുക്കിയ ഉല്ലാസപാർക്കിൽനിന്ന് ഏതാനും മീറ്റർ അകലെയുള്ള ഭാഗമാണിത്. വലിയതോതിൽ ആഴത്തിൽ വെള്ളം കെട്ടിനിൽക്കുന്ന മേഖലയാണ്. നീന്തൽ അറിയുന്നവർ പോലും കയത്തിൽപെടാനുള്ള സാധ്യത ഏറെയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. മുന്നറിയിപ്പുഫലകമല്ലാതെ സുരക്ഷാമുൻകരുതലുകളോ ജീവനക്കാരുടെ മേൽനോട്ടമോ ഒന്നുംതന്നെ റെഗുലേറ്റർ കം ബ്രിഡ്ജ്, ഉല്ലാസപാർക്ക് പരിസരങ്ങളിലില്ല. ഇതുസംബന്ധിച്ച് നേരത്തെ നിലമ്പൂർ പോലീസ് മമ്പാട് പഞ്ചായത്തിന് കത്ത് നൽകിയിരുന്നു. പുറത്തുനിന്നുള്ള വിനോദസഞ്ചാരികളെത്തുന്ന മേഖല കൂടിയാണ് ഇത്. വേനലായതോടെ ഒട്ടേറെ കുടുംബങ്ങൾ ഇവിടെയെത്തുന്നു. ഉല്ലാസപാർക്കിനോട് ചാരിയുള്ള താരതമേന്യ അപകടം കുറഞ്ഞ ഭാഗത്ത് കേന്ദ്രീകരിക്കണമെന്നും മറ്റിടങ്ങൾ തേടരുതെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു. Published: 17 Apr 2026, 04:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
