ഒറ്റപ്പാലം : കണ്ണിയംപുറം സർക്കാർ ആയുർവേദ ആശുപത്രിയിലെ കുടിവെള്ള പ്രതിസന്ധി മുൻകൂട്ടി അറിയിച്ചിട്ടും ജല അതോറിറ്റി നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം. കുടിവെള്ളം ലഭിക്കാതായാൽ കിടത്തിച്ചികിത്സയെ ഉൾപ്പെടെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ 16-നാണ് ചീഫ് മെഡിക്കൽ ഓഫീസർ ജല അതോറിറ്റിക്ക് കത്ത് നൽകിയിരുന്നത്. എന്നാൽ, പത്തുദിവസം പിന്നിട്ടിട്ടും പ്രശ്‌നം പരിഹരിക്കപ്പെടാതെ വന്നതോടെ കിടത്തിച്ചികിത്സയിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നു. കിടത്തിച്ചികിത്സയിലെ പ്രതിസന്ധിയെക്കുറിച്ച് മാതൃഭൂമി വാർത്ത നൽകിയിരുന്നു. To advertise here, 27 രോഗികൾക്ക് കിടത്തിച്ചികിത്സാ സൗകര്യമുള്ള ആശുപത്രിയിൽ ഇപ്പോൾ പകുതിയോളംപേരെ മാത്രമേ പ്രവേശിപ്പിച്ചിട്ടുള്ളൂ. ദിവസവും 200-ലേറെ രോഗികൾ ആശ്രയിക്കാറുള്ള ആശുപത്രിയിലാണ് ദൈനംദിന പ്രവർത്തനങ്ങൾക്കുപോലും വെള്ളമില്ലാത്ത അവസ്ഥയുള്ളത്. കഷായംപോലുള്ള മരുന്നുകൾ നിർമിക്കാൻ ഉൾപ്പെടെ ടാങ്കർവെള്ളത്തെ ആശ്രയിക്കയായിരുന്നു. കുടിവെള്ളവിതരണം കൃത്യമല്ലാത്ത കണ്ണിയംപുറത്ത് നാലുദിവസം കൂടുമ്പോഴൊക്കെയാണ് വെള്ളമെത്തുന്നത്. ആശുപത്രി ഉയർന്ന പ്രദേശത്തായതിനാൽ പലപ്പോഴും നാലുദിവസം കൂടുമ്പോഴും വെള്ളം എത്തുന്നില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ആശുപത്രിവളപ്പിലെ കിണറിലും ആവശ്യത്തിന് വെള്ളമില്ലാത്ത സ്ഥിതിയുണ്ട്. കോൺഗ്രസ് പ്രതിഷേധിച്ചു ഒറ്റപ്പാലം : കണ്ണിയംപുറം സർക്കാർ ആയുർവേദ ആശുപത്രിയിലെ കുടിവെള്ളപ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ജല അതോറിറ്റി ഓഫീസിൽ പ്രതിഷേധിച്ചു. വരോട് ഭാഗത്ത് സ്ഥിരമായുണ്ടാവുന്ന പൈപ്പ് പൊട്ടലിന് പരിഹാരം വേണമെന്നും ആവശ്യപ്പെട്ടു. സ്ഥലത്ത് പരിശോധന നടത്തി പ്രശ്നം പരിഹരിക്കാൻ വേണ്ടനടപടി ഉടൻ കൈക്കൊള്ളും എന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചതെന്ന് നേതാക്കൾ പറഞ്ഞു. ഒറ്റപ്പാലം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.കെ. ജയരാജൻ, മണ്ഡലം പ്രസിഡന്റ് മുഹമ്മദലി നാലകത്ത്, ജഗദീഷ് ശങ്കർ, പി. സുരേഷ്, പി. അനീഷ്, എം.ജെ. അബ്രഹാം തുടങ്ങിയവർ പങ്കെടുത്തു. Published: 30 Mar 2026, 01:58 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ആയുർവേദ ആശുപത്രിയിലെ ജലക്ഷാമം; രോഗികൾ ദുരിതത്തിൽ
M
MathrubhumiSource Link
about 1 month ago