കുട്ടികളടക്കം മൂന്നുപേർക്ക് ഗുരുതര പരിക്ക് To advertise here, ചടയമംഗലം : എം.സി. റോഡിൽ ആയൂർ പാലത്തിനു സമീപം കാർ ലോറിയിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം. കുട്ടികളടക്കം കുടുംബത്തിലെ മൂന്നുപേർക്ക് പരിക്ക്. കാറിലുണ്ടായിരുന്ന കോഴഞ്ചേരി കിഴക്കേ വലിയപറമ്പിൽ(റോബിൻ വില്ല) നൈനാൻ വർഗീസ് (70), മകൻ റോബിൻ നൈനാൻ (38) എന്നിവരാണ് മരിച്ചത്. നൈനാൻ വർഗീസിന്റെ ഭാര്യ റോസി നൈനാൻ (65), റോബിന്റെ മക്കളായ അഥീന (ഏഴ്), ആദം (ഒൻപത്) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ റോസി നൈനാൻ കാറിൽനിന്നു തെറിച്ച് റോഡിൽ വീണു. ചൊവ്വാഴ്ച വൈകീട്ട് 4.15-ന് ആയൂർ പാലത്തിനു സമീപമാണ് അപകടമുണ്ടായത്. തിരുവനന്തപുരം ഭാഗത്തുനിന്നു വന്ന കാർ ആയൂർ ഭാഗത്തുനിന്നു വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ടയർ പൊട്ടി നിയന്ത്രണംവിട്ട് കാറിന്റെ പിന്നാലെ വന്ന കെ.എസ്.ആർ.ടി.സി. ഫാസ്റ്റ് പാസഞ്ചർ ബസിലും ഇടിച്ചു. അപകടത്തിൽ കാറിന്റെ മുൻഭാഗം നിശ്ശേഷം തകർന്നു. കാറിെന്റ പല ഭാഗങ്ങളും റോഡിന്റെ മറുഭാഗത്തു തെറിച്ചുവീണു. കാർ ഓടിച്ചിരുന്ന റോബിൻ നൈനാൻ ശരീരമാസകലം മുറിവേറ്റ് സീറ്റിൽ കുടുങ്ങിയ അവസ്ഥയിലായിരുന്നു. പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ഒരു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. റോബിൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. ലോറിയിലുണ്ടായിരുന്നവർക്കും ബസിലുണ്ടായിരുന്നവർക്കും കാര്യമായ പരിക്കില്ല. റോസിയെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. കാൽ ഒടിഞ്ഞ അഥീനയെ തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിലും ആദത്തെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് എം.സി. റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം നിലച്ചു. Published: 22 Apr 2026, 02:18 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ആയൂരിൽ കാർ ലോറിയിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം
M
MathrubhumiSource Link
18 days ago