ആയൂരിൽ ഗതാഗതക്കുരുക്കും തെരുവുനായഭീഷണിയും

ആയൂരിൽ ഗതാഗതക്കുരുക്കും തെരുവുനായഭീഷണിയും

ചടയമംഗലം :എം.സി. റോഡ്‌, ആയൂർ-അഞ്ചൽ, ഓയൂർ-കൊല്ലം പാതകൾ സന്ധിക്കുന്ന ആയൂരിൽ ഗതാഗതക്കുരുക്ക് വാഹനയാത്രക്കാരെ വലയ്ക്കുന്നു. ദേശീയപാതനിർമാണം നടക്കുന്നതിനാൽ കായംകുളത്തുനിന്ന്‌ അടൂരിലെത്തി എം.സി. റോഡിലൂടെ യാത്ര തുടരുന്നവരുടെ എണ്ണത്തിൽ വൻവർധനയാണുള്ളത്‌. ഇത്‌ പട്ടണത്തിൽ വാഹനപ്പെരുപ്പത്തിനു കാരണമായിട്ടുണ്ട്. To advertise here, കുരുക്കിനു പരിഹാരംകാണാൻ നിർമിച്ച ബൈപ്പാസുകളുടെ സ്ഥിതി ദയനീയമാണ്. ഒരു വാഹനത്തിനുപോലും സഞ്ചരിക്കാൻ കഴിയാത്ത ഇടുങ്ങിയ പാതയാണിത്. കുണ്ടും കുഴിയുമായതോടെ ഇവിടെയും യാത്ര ഭീഷണിയിലാണ്‌. മാർക്കറ്റ് ജങ്ഷൻ-ചുണ്ടമുകൾ റോഡ് എം.സി. റോഡിൽ എത്തുമെങ്കിലും പാതയുടെ അറ്റകുറ്റപ്പണി യഥാസമയം നടത്തുന്നില്ല. പാതനവീകരണത്തിൽ പഞ്ചായത്തും കാര്യമായി ഇടപെടുന്നില്ല. പട്ടണത്തിൽ തിരക്ക് അനുഭവപ്പെടുമ്പോൾ ബൈപ്പാസ് ഉപയോഗിക്കാമെങ്കിലും തകർച്ചമൂലം യാത്രക്കാർ ഉപേക്ഷിക്കുകയാണ്. പ്രധാന പാതയുടെ വശങ്ങളിലെ ടൈലുകൾ ഇളകി കുഴിയായ സ്ഥലങ്ങളിൽ കഴിഞ്ഞദിവസംമുതൽ കെ.എസ്.ടി.പി. നവീകരണം തുടങ്ങിയിട്ടുണ്ട്. പട്ടണത്തിലെ കുരുക്കിനു പരിഹാരമായി സ്റ്റോപ്പുകൾ മാറ്റിസ്ഥാപിച്ചെങ്കിലും അനധികൃത പാർക്കിങ് തകൃതിയാണ്. ഇടമുളയ്ക്കൽ പഞ്ചായത്ത് ആസ്ഥാനമായിട്ടും പ്രാദേശിക ഭരണകൂടത്തിന്റെ ശ്രദ്ധയും പതിയുന്നില്ല. പട്ടണത്തിലെ ഭൂരിഭാഗം നിരീക്ഷണ ക്യാമറകളും മിഴിയടച്ചതിനാൽ ഒരു സംഭവവും പോലീസിനുപോലും യഥാസമയം ലഭിക്കാത്ത അവസ്ഥയാണ്. ചടയമംഗലം, അഞ്ചൽ, കൊല്ലം റൂട്ടുകളിലുള്ള യാത്രക്കാർ പൊരിവെയിലിൽ ബസ് കാത്തുനിൽക്കേണ്ട സ്ഥിതിയാണ്. കെ.എസ്.ടി.പി. മുൻപ് കൊട്ടിഘോഷിച്ചു പ്രഖ്യാപനം നടത്തിയിട്ടും കാത്തിരിപ്പുകേന്ദ്രം സ്ഥാപിച്ചില്ല. കിഴക്കൻമേഖലയിൽനിന്ന്‌ ഉൾപ്പെടെ ഒട്ടെറെ യാത്രക്കാരാണ് പുലർച്ചെമുതൽ ആയൂരിലെത്തുന്നത്. എന്നാൽ ഇതിനൊത്ത്‌ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിൽ പ്രാദേശിക ഭരണകൂടം നിസ്സംഗത തുടരുകയാണ്‌. പട്ടണത്തിൽ തെരുവുനായഭീഷണിയും രൂക്ഷമായി. തലങ്ങും വിലങ്ങും നായകൾ അലഞ്ഞുതിരിയുന്നത് സ്ത്രീകളെയും കുട്ടികളെയും ഭീതിയിലാക്കി. പാതയോരത്ത് ഒറ്റയ്ക്കും കൂട്ടമായും തെരുവുനായ്ക്കൾ തമ്പടിക്കുകയാണ്. കാൽനടയും ഭീഷണിയിലാണ്. ഓയൂർ റോഡ് തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമാണ്. പബ്ളിക് മാർക്കറ്റ്, ഓപ്പറേറ്റിങ് സെന്റർ എന്നിവിടങ്ങളിലും ശല്യം ഏറെയാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആയൂരിൽ ഗതാഗതക്കുരുക്കും തെരുവുനായഭീഷണിയും — Mathrubhumi | B… | Boolokam