ആരാണ് സന്തോഷം മാത്രം ആഗ്രഹിക്കാത്തത് !

ആരാണ് സന്തോഷം മാത്രം ആഗ്രഹിക്കാത്തത് !

M
MathrubhumiSource Link
ലോ കത്ത് സന്തോഷം മാത്രം ആഗ്രഹിക്കുന്നവർ ഏറ്റവും കൂടുതൽ ജീവിക്കുന്ന നാടേതാണെന്നു ചോദിച്ചാൽ വലിയ സംശയമൊന്നും ഉണ്ടാകില്ല. ഈ കേരളം തന്നെ. നമുക്ക് വളരെ ചെറിയ കാര്യം മതി സന്തോഷം വരാൻ. അതുപോലതന്നെ വളരെ ചെറിയ കാര്യം മതി സന്തോഷം പോകാനും. പക്ഷേ, അന്നേരം ചില ദോഷൈകദൃക്കുകൾ ലോക സന്തോഷ സൂചികയും പട്ടികയുമൊക്കെ എടുത്ത് നമ്മുടെ മേശപ്പുറത്ത് ഇട്ടേക്കും. എന്നിട്ട് പറഞ്ഞേക്കും ഫിൻലൻഡ് ആണ് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സന്തോഷത്തോടെ ജീവിക്കുന്ന രാജ്യമെന്ന്‌. നമുക്ക് അത് കേൾക്കുമ്പോഴും സന്തോഷം വരും. അവരൊക്കെ വലിയ വലിയ രാജ്യങ്ങൾ. നമ്മുടെ രാജ്യത്തിന് വെറും 116-ാം സ്ഥാനമേയുള്ളൂ എന്നുപറഞ്ഞാൽ അതിലും നമുക്ക് സന്തോഷം തന്നെ. To advertise here, എന്തൊക്കെ വെല്ലുവിളികൾ നേരിടുന്ന രാജ്യമാണ്. എന്നിട്ടും 116-ാം സ്ഥാനത്ത് എങ്കിലും എത്തിയല്ലോ. എന്നാൽ, നമ്മുടെ അയൽ രാജ്യങ്ങളെല്ലാം സന്തോഷത്തിന്റെ കാര്യത്തിൽ നമ്മേക്കാൾ മുന്നിലാണെന്നു കേൾക്കുന്നതോടെ നമ്മുടെ സന്തോഷമെല്ലാം പോകും. പിന്നെ സങ്കടം വരും. പാകിസ്താൻ സന്തോഷത്തിന്റെ കാര്യത്തിൽ നമ്മേക്കാൾ വളരെ മുന്നിലാണ് എന്നുകൂടി അറിയുന്നതോടെ സന്തോഷം പോയി സങ്കടം വരും എന്നുമാത്രമല്ല അതിന്റെ കൂടെ ദേഷ്യവും വരും. ഇതാണ് നമ്മൾ മലയാളികളുടെ കാര്യം. നമ്മുടെ സന്തോഷം തീരുമാനിക്കുന്നത് നമ്മളല്ല മറ്റുള്ളവരാണ് എന്നതാണ് സ്ഥിതി. പ്രശ്‌നത്തിന്റെ തുടക്കം നമ്മുടെ ദൈനംദിന ശീലങ്ങളിൽ തന്നെയാണ്. പ്രത്യേകിച്ച് 'താരതമ്യം' എന്ന മൃദുവെങ്കിലും അപകടകാരിയായ ഒരു രോഗത്തിൽനിന്ന്. അത് ശബ്ദമൊന്നും ഉണ്ടാക്കില്ല, പക്ഷേ, മനസ്സിന്റെ സമാധാനം നിശ്ശബ്ദമായി കുറച്ചുകൊണ്ടേയിരിക്കും. വീട്ടിൽ പുതിയ വലിയ ഫ്രിഡ്ജ് വാങ്ങിയാൽ ആദ്യ ദിവസം വലിയ സന്തോഷം. ഡോർ തുറന്ന് അടച്ച് നോക്കും, ഫ്രീസറിൽ വെള്ളം വെച്ച് ഐസ് ആകുന്നുണ്ടോ എന്ന് വരെ രണ്ട് മണിക്കൂറിടവിട്ട് ഒന്ന് ചെക്ക് ചെയ്യും. ''ഇതൊക്കെ ജീവിതത്തിൽ വേണം'' എന്ന് അഭിമാനത്തോടെ ചിന്തിക്കും. പക്ഷേ, അടുത്തവീട്ടിൽ അതിനേക്കാൾ വലിയ ഡബിൾ ഡോർ ഫ്രിഡ്ജ് വന്നാൽ? നമ്മളുടേത് വളരെ പെട്ടെന്ന് വെറും ബേസിക് മോഡൽ ആയി മാറും. പോരാത്തതിന് ടിവിയിൽ ഒരു പുതിയ മോഡലിന്റെ പരസ്യം എങ്ങാനും വന്നാൽ അത് കാണുമ്പോൾ നമ്മളുടേത് ഓൾഡ് വേർഷൻ ആണെന്നു തന്നെ തോന്നും. ഫ്രിഡ്ജ് അതേപോലെ തന്നെയുണ്ടെങ്കിലും, സന്തോഷം അപ്‌ഡേറ്റ് കിട്ടാതെ ഹാങ് ആയിക്കൊണ്ടിരിക്കും. ഇത് സാധനങ്ങളുടെ കാര്യത്തിൽ മാത്രമല്ല. ബന്ധങ്ങളിലും അങ്ങനെ തന്നെ. മകൾക്ക് നല്ലൊരു ജോലി കിട്ടിയാൽ വീട്ടിൽ ഒരു ചെറിയ ആഘോഷം. ''കുട്ടി സെറ്റിൽ ആയി'' എന്നൊരു ആശ്വാസം. പക്ഷേ, അടുത്ത ബന്ധുവിന്റെ മകൾ വിദേശത്തേക്ക് പോയി എന്ന് കേട്ടാൽ, അതേ സന്തോഷത്തിന്റെ വോളിയം കുറയും. ''നമ്മളുടേയും പോയിരുന്നെങ്കിൽ...' എന്നൊരു ചിന്ത പശ്ചാത്തലത്തിൽ പ്ലേ ആകും. ഇവിടെ രസകരമായ കാര്യം, നമ്മുടെ സന്തോഷത്തിന്റെ റിമോട്ട് കൺട്രോൾ നമ്മളുടേതല്ല എന്നതാണ്. അത് മറ്റൊരാളുടെ ജീവിതത്തിലാണ്. അവൻ എന്ത് വാങ്ങുന്നു, അവൾ എവിടെ പോകുന്നു, അവർ എത്ര പണം ഉണ്ടാക്കുന്നു -നമ്മൾ എത്ര സന്തോഷിക്കണമെന്ന് ഇവയെല്ലാമാണ് തീരുമാനിക്കുന്നത്. ഒരു ചെറിയ വൈരുധ്യം കൂടി ഉണ്ട്. നമ്മൾ ഒരിക്കൽ സ്വപ്നം കണ്ട ജീവിതം തന്നെ ഇന്നുണ്ടെങ്കിലും, അത് ആസ്വദിക്കാൻ സമയം കിട്ടുന്നില്ല. കാരണം, നമ്മൾ അടുത്ത സ്വപ്നവുമായി ഇത് കംപെയർ ചെയ്യുന്നതിന്റ തിരക്കിലാണ്‌. ഇന്നത്തെ സന്തോഷം നാളെയുടെ താരതമ്യത്തിനായി മാറ്റിവെയ്ക്കപ്പെടുന്നു. എന്താല്ലേ…! സത്യത്തിൽ, താരതമ്യം ഒരു ഹിഡൻ കോസ്റ്റ് പോലെയാണ്. അത് നമ്മളിൽനിന്ന് പണം പ്രത്യക്ഷത്തിൽ എടുത്തുകൊണ്ട് പോകില്ല, പക്ഷേ, സന്തോഷം തീരെ അറിയാതെ കുറയ്ക്കും. അതിന് റെസീപ്റ്റ് ഒന്നും കിട്ടുകയില്ല. പണം പോയി എന്നത് സത്യമാണെന്നു നമുക്കറിയാം.  ഇതിന്റെയെല്ലാം കൂടെ സമൂഹമാധ്യമങ്ങൾ കൂടി ചേർന്നപ്പോൾ കഥയ്ക്ക് ഒരു പുതിയ ട്വിസ്റ്റ് കൂടി കിട്ടുന്നു-ഒരു വശത്ത് കോമഡി, മറുവശത്ത് ചെറിയൊരു ട്രാജഡി. വീട്ടിൽ സുഖമായി, സന്തോഷമായി ഇരിക്കുകയാണ്. അടുക്കളയിൽനിന്ന് വരുന്ന ചൂടൻ കാപ്പിയുടെ മണം, മുന്നിൽ ചൂട് പഴംപൊരി... അതേസമയം, ഫോൺ തുറക്കുന്നു. അവിടെ തുടങ്ങുന്നു മറ്റൊരു സീൻ ആദ്യ പോസ്റ്റ്: 'Exploring Switzerland' - പിന്നിൽ മഞ്ഞുമലകൾ, മുന്നിൽ ചിരിച്ചുനിൽക്കുന്ന ഒരാൾ. രണ്ടാമത്തെ റീൽ: 'Maldives vibes' - വെള്ളത്തിനു മുകളിൽ ഗ്ലാസ് ഹൗസ്, താഴെ നീന്തുന്ന മീനുകൾ. മൂന്നാമത്തെ സ്റ്റോറി: 'Dubai shopping done' - ബാഗുകൾ നിറയെ ബ്രാൻഡുകൾ. ഇവയെല്ലാം കണ്ട് നമുക്ക് തോന്നും: ''നമ്മൾ എന്താണ് ചെയ്യുന്നത് ഇവിടെ... ചായയും പഴംപൊരിയും കഴിച്ച് കാലം കഴിക്കുന്നു. അവന്മാരവിടെ തകർക്കുകയാണ്. അതൊക്കെയാണ് ജീവിതം?'' ഒരു നിമിഷം മുൻപ് ആസ്വദിച്ചിരുന്ന സ്‌പെഷ്യൽ ചായ പോലും പെട്ടെന്ന് 'ordinary tea' ആയി മാറും. യാഥാർത്ഥ്യത്തിൽ, ആ ഫോട്ടോകൾ മുഴുവൻ കഥ പറയുന്നില്ല. ആ സ്വിറ്റ്‌സർലാൻഡ് ട്രിപ്പിന് പിന്നിലെ ലോൺ ഇഎംഐ, ആ മാലി ദ്വീപ് ഹണിമൂണിന് പിന്നിലെ ക്രെഡിറ്റ് കാർഡ് ബിൽ, ആ ദുബായ് ഷോപ്പിംഗിന് പിന്നിലെ അടുത്ത മാസം അഡ്ജസ്റ്റ് ചെയ്യാം എന്ന മനോഭാവം, ഇവ ഒന്നും ചിത്രങ്ങളിൽ കാണില്ല. പക്ഷേ, നമ്മുടെ മനസ്സ് കാണുന്നത് ഫോട്ടോ മാത്രം. അതുകൊണ്ട് തന്നെ അത് വിശ്വസിക്കുന്നു. ഇത് ഇന്നത്തെ യുവതലമുറയിൽ, പ്രത്യേകിച്ച് കൗമാരക്കാരുടെ ഇടയിൽ കൂടുതൽ പ്രകടമാണ്. ദിവസേന മണിക്കൂറുകൾ സമൂഹമാധ്യമങ്ങളിൽ ചെലവഴിക്കുന്നവർക്ക്, മറ്റുള്ളവരുടെ 'highlight reel' കാണുമ്പോൾ സ്വന്തം ജീവിതം 'low budget സിനിമ'' പോലെ തോന്നുന്നു. ആരുടെയോ birthday surprise, ആരുടെയോ couple goals, ആരുടെയോ fitness transformation-ഇവയെല്ലാം ചേർന്ന് ഒരു അദൃശ്യ സമ്മർദ്ദം സൃഷ്ടിക്കുന്നു. ''എന്റെ ജീവിതത്തിൽ എന്താണ് special?' എന്നൊരു ചോദ്യമാണ് ഉള്ളിൽ നിന്നുയരുക. കേരളത്തിലെ ഈ അവസ്ഥയ്ക്ക് ഒരു പ്രത്യേകത കൂടിയുണ്ട്‌. ഇവിടെ സോഷ്യൽ മീഡിയ ഒരു information platform മാത്രമല്ല, ഒരു comparison festival കൂടിയാണ്. ഒരാൾ പുതിയ കാർ വാങ്ങിയാൽ അതിന്റെ ഫോട്ടോ അഞ്ച്‌ ആംഗിളിൽ. മറ്റൊരാൾ ഉടൻ കമന്റ് ഇടും: 'Congrats dear'. പക്ഷേ, അകത്ത് ഒരു ചെറിയ കണക്കുകൂട്ടൽ നടക്കും- 'ഇവന്റെ salary എത്രയായിരിക്കണം. അതുവെച്ചിട്ടൊക്കെ ഇത്രയും വിലയുള്ള കാർ വാങ്ങാൻ പറ്റുമോ. അപ്പോ വേറെ എന്തൊക്കെയോ ഉണ്ട്.' ഇതിന്റെ ഏറ്റവും രസകരമായ ഭാഗം, നമ്മൾ എല്ലാം അറിയുന്നുണ്ടെന്നതാണ്. ''ഇത് എല്ലാം show-off ആണേ...' എന്ന് നമ്മൾ തന്നെ പറയും. പക്ഷേ, ഷോ ഓഫ് ആണ് എന്നറിഞ്ഞിട്ടും നമ്മുടെ ഉള്ളിൽ എന്തോ ഒരു സന്തോഷക്കുറവ്. അതാണ് ഈ സോഷ്യൽ മീഡിയയുടെ മാജിക്- അറിയുമ്പോഴും അറിയുന്നേയില്ല എന്ന തോന്നൽ. ഇന്ന് പലർക്കും ഒരു ദിവസം മുഴുവൻ ബാറ്ററി 100% നിലനിർത്താൻ പവ്വർ ബാങ്ക് കയ്യിൽ ഉണ്ടാകും. പക്ഷേ സന്തോഷം 100% നിലനിർത്താൻ ഒരു മൈൻഡ് ബാങ്ക് ഇല്ല. അതുകൊണ്ടാണ്‌ ഫോൺ ബാറ്ററി തീരുന്നതിന് മുൻപ് തന്നെ, സന്തോഷം സൈൻ ഔട്ടായി പോകുന്നത്. കേരളത്തിന്റെ ദിനചര്യയിൽ സന്തോഷം വരുന്നതും പോകുന്നതും ഒരുപോലെ രസകരമായ റോളർ കോസ്റ്ററിലൂടെയുള്ള യാത്ര പോലെയാണ്. ഒരു ചൂടു ചായയിൽ നിന്നാണല്ലോ നമ്മുടെ ജീവിതം തുടങ്ങുന്നത്. നമ്മുടെ ചെറിയ സ്വർഗം. ആ നിമിഷത്തിൽ ജീവിതം വളരെ ലളിതമാണ്, പ്രശ്‌നങ്ങൾ ഒന്നുമില്ലാത്തതുപോലെ. ''ഇതിലും കൂടുതൽ എന്ത് വേണം?'' എന്നൊരു സമാധാനം. ആ സമാധാനം അധികം നേരം നീണ്ടുനിൽക്കാറില്ല. ചായയുടെ കപ്പ് കൈയിൽ തന്നെയിരിക്കുമ്പോൾ ഫോൺ വൈബ്രേറ്റ് ചെയ്യും. WhatsApp തുറക്കുമ്പോൾ, അവിടെ തുടങ്ങിക്കഴിഞ്ഞു ഇലക്ഷൻ രാഷ്ട്രീയ ചർച്ച. രണ്ട് മിനിറ്റിനുള്ളിൽ തന്നെ നമ്മുടെ രക്തസമ്മർദ്ദവും ചർച്ചയുടെ തീവ്രതയോട് മാച്ച് ആകും. ആരോ ഒരു ഫോർവേഡ് അയക്കും, മറ്റൊരാൾ അതിനെ ഡീ ബങ്ക് ചെയ്യും, മൂന്നാമൻ അതിൽ ഐഡിയോളജി ചേർക്കും. ചായ തണുക്കുന്നതിന് മുമ്പേ മനസ്സ് ചൂടാകും. അതിന് ഇടയിൽ ഒരു SMS: 'Your EMI is due tomorrow.' അത് കണ്ടാൽ മനസ്സിന്റെ മൂഡ് ഓട്ടോമാറ്റിക് ആയി ലോ ബാറ്ററി മൂഡിലേക്ക് പോകും. നമ്മൾ വാങ്ങിയ ആ കാറോ ഫോണോ വീട്ടിലോ-അവയെല്ലാം ഒരുനിമിഷം ബാധ്യത ആയി തോന്നും. ‘ഇത് വാങ്ങേണ്ടതുണ്ടായിരുന്നോ?' എന്നൊരു ഫിലോസഫിക്കൽ ചോദ്യവും കൂടെ വരും. ഈ emotional turbulence-ന്റെ ഇടയിൽ രക്ഷപ്പെടാൻ നമ്മൾ പോകുന്നത് Instagram-ലേക്കാണ്. ഒരു cute video, ഒരു funny reel, ഒരു travel clip-ഇവയെല്ലാം കുറച്ച് സെക്കൻഡുകൾക്ക് നമ്മളെ distract ചെയ്യും. 'Life is good' എന്നൊരു illusion വീണ്ടും കിട്ടും. പക്ഷേ, ആ സന്തോഷം ഒരു സോപ്പുകുമിള പോലെയാണ്-ചുരുങ്ങിയ സമയം തിളങ്ങും, പിന്നെ പൊട്ടും. അവസാനം, ധൈര്യം കൂട്ടി ബാങ്ക് ആപ്പ്‌ തുറക്കുന്നു. ബാലൻസ് നോക്കുന്നു. അവിടെ ആണ് ക്ലൈമാക്‌സ്, അപ്പോഴാണ് മനസ്സിലാകുന്നത്- ദിവസം മുഴുവൻ നമുക്ക് കിട്ടിയ സന്തോഷവും ദുഃഖവും ഒന്നും വലിയ സംഭവങ്ങളല്ല. ചെറിയ ചെറിയ ട്രിഗറുകളുടെ കളിയാണ്. ഒരു ചായ, ഒരു message, ഒരു reel, ഒരു SMS... ഇവയെല്ലാം ചേർന്ന് നമ്മുടെ മനസ്സിനെ ഒരു റിമോട്ട് കൺട്രോൾ പോലെ ഓപ്പറേറ്റ്‌ ചെയ്യുന്നു. ഇവിടെ ഫിൻലൻഡുമായി ഒരു ചെറിയ താരതമ്യം ചെയ്യാതെ പോകാൻ പറ്റില്ല. അവിടെ ആളുകൾക്ക് മറ്റൊരാളുടെ ജീവിതം ഒരു ബ്രേക്കിംഗ് ന്യൂസ് അല്ല. അവരുടെ സ്വന്തം ജീവിതം, സ്വന്തം കാര്യങ്ങൾ, സ്വന്തം സന്തോഷം- അവർക്കത് മതി. അയൽക്കാരൻ എന്ത് വാങ്ങി, ആരാണ് വീട്ടിൽ വന്നത്, ആരുടെ മകൻ എവിടെയെത്തി- ഇവയെല്ലാം അവിടുത്തെ ചർച്ചകളിൽ ഒരു വിഷയം പോലും അല്ല. വഴിയിൽ കിട്ടിയ ഒരു പഴ്സ് തിരികെ നൽകുന്നത് അവിടെ ഒരു വലിയ നല്ല പ്രവൃത്തിയല്ല, സാധാരണമായൊരു മനുഷ്യസ്വഭാവം മാത്രമാണ്. ''എനിക്കുള്ളത് മതി'' എന്നൊരു മനോഭാവം അവിടുത്തെ ജീവിതത്തിന്റെ അടിത്തറയാണ്. ഇവിടെ കാര്യങ്ങൾ അൽപം വ്യത്യസ്തമാണ്- അല്ല, കുറച്ചുകൂടി രസകരമാണ്. ഇവിടെ അയൽവീട്ടിൽ ഒരു കാർ നിർത്തിയാൽ പോലും കർട്ടൻ അൽപം മാറ്റി നോക്കുന്ന ഒരു സംസ്‌കാരം ഉണ്ട്. ''ആരാണ് വന്നത്?'' എന്നത് ഒരു സ്വാഭാവിക ചോദ്യമല്ല, ഒരു സാമൂഹിക ഉത്തരവാദിത്വം പോലെ. ഒരു വീട്ടിൽ ഒരു പാർസൽ വന്നാൽ പോലും, ഡെലിവറി ബോയിനെക്കാൾ വേഗത്തിൽ അയൽക്കാർക്ക് വിവരം എത്തും. ഫിൻലൻഡിൽ ഒരാൾക്ക് പഴ്സ് നഷ്ടപ്പെട്ടാൽ, അത് തിരികെ കിട്ടുമെന്ന് അവൻ ഉറപ്പായി കരുതും. കേരളത്തിൽ ഒരാൾക്ക് പഴ്സ് കിട്ടിയാൽ, ആദ്യം എന്ത് ചെയ്യും? 'Friends, this purse found near bus stand... please share' എന്നൊരു WhatsApp സ്റ്റാറ്റസ്. അതും നാലു ഗ്രൂപ്പുകളിൽ. അതിന് പിന്നാലെ comments:'God bless you', 'Still humanity exists', 'Location please'. ഒടുവിൽ പഴ്സ് ആരുടേതാണെന്ന് കണ്ടെത്തുന്നതിന് മുമ്പ്, അത് സോഷ്യൽ മീഡിയ സെലിബ്രിറ്റി ആയി മാറും. ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത 'comparison culture' ആണ്. മറ്റൊരാൾക്ക് എന്തെങ്കിലും കിട്ടിയാൽ, അത് നമ്മളെ സന്തോഷിപ്പിക്കുന്നതിനു പകരം, ഒരു ചെറിയ അസ്വസ്ഥത സൃഷ്ടിക്കും. ''അവനുണ്ടെങ്കിൽ എനിക്കും വേണം'' എന്നൊരു default setting നമ്മളിൽ പലർക്കും ഉണ്ട്. ഫിൻലൻഡിൽ 'contentment' ഒരു value ആണെങ്കിൽ, കേരളത്തിൽ 'upgrade' ഒരു obsession ആണ്. അവിടെ privacy ഒരു അവകാശമാണ്. ഇവിടെ privacy ഒരു luxury ആണ്. അവിടെ ആളുകൾക്ക് space വേണം; ഇവിടെ ആളുകൾക്ക് story വേണം. ഫിൻലൻഡിൽ 'live and let live' എന്നതാണ് ജീവിതമന്ത്രം. കേരളത്തിൽ പലപ്പോഴും അത് 'live and let me know everything' ആയി മാറുന്നു. ഇതെല്ലാം പറയുമ്പോൾ നമ്മൾ മോശക്കാരാണെന്നല്ല, നമ്മൾ അല്പം കൂടുതലായി 'interested' ആണെന്നതാണ്. പക്ഷേ ആ അതിയായ താൽപ്പര്യവും താരതമ്യവും കുറച്ചാൽ, സന്തോഷം നമ്മളെ തേടി വരാൻ സമയം എടുക്കില്ല. മറ്റുള്ളവരുടെ ജീവിതം നിരീക്ഷിക്കാൻ നമുക്കുള്ള കഴിവ് അത്ഭുതകരമാണ്. ആരാണ്, എവിടെ പോയത്, എന്താണ് വാങ്ങിയത്, ആരുടെ മകൻ ഏത് കമ്പനിയിൽ ചേർന്നു-ഈ വിവരങ്ങൾ നമ്മൾക്ക് ഡാറ്റ പാക്ക് തീരുന്നതുവരെ അറിയാം. പക്ഷേ, നിങ്ങൾ സന്തോഷവാനാണോ എന്ന് ചോദിച്ചാൽ നെറ്റ്വർക്ക് വരെ കുഴഞ്ഞുപോകും. നമ്മൾ മറ്റുള്ളവരുടെ ഹൈലൈറ്റ്‌സ് കാണാൻ ചെലവഴിക്കുന്ന സമയത്തിന്റെ പകുതി പോലും, നമ്മുടെ സ്വന്തം ജീവിതത്തിന്റെ ബാക്ക് സ്റ്റേജ് മെച്ചപ്പെടുത്താൻ ഉപയോഗിച്ചിരുന്നെങ്കിൽ, കഥ അല്പം വ്യത്യസ്തമായേനെ. ഇന്ത്യയിൽ സംസ്ഥാന അടിസ്ഥാനത്തിൽ ഒരു സന്തോഷ സൂചിക ഉണ്ടാക്കിയാൽ, കേരളം മുന്നിലായിരിക്കും എന്നത് സംശയമില്ല. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ-എല്ലാം ചേർന്നാൽ നമ്മൾക്ക് വലിയ സാധ്യത ഉണ്ട്. പക്ഷേ ഒന്നാം സ്ഥാനം? അത് കുറച്ചു ട്രിക്കി ആണ്. കാരണം സന്തോഷം statistics-ലോ schemes-ലോ മാത്രം അടങ്ങിയ ഒന്നല്ല. അത് വളരെ വ്യക്തിപരമായ ഒരു അനുഭവമാണ്-'എനിക്കുള്ളത് മതി'' എന്ന് മനസ്സ് സമ്മതിക്കുന്ന ഒരു നിമിഷം. അവിടയാണ് യഥാർത്ഥ സന്തോഷം പിറക്കുന്നത്. കേരളം ഇന്ന് ഒരു വിചിത്രമായ ഒരു അവസ്ഥയിൽ നിൽക്കുകയാണ്. സൗകര്യങ്ങൾ വർധിക്കുന്നു, വരുമാനം ഉയരുന്നു, അവസരങ്ങൾ കൂടുന്നു. പക്ഷേ അതേ സമയം മനസ്സിന്റെ സമാധാനം കുറയുന്നു. പുറത്ത് എല്ലാം അപഗ്രേഡ് ആകുമ്പോൾ, ഉള്ളിൽ ഒരു ചെറിയ ലാഗ് അനുഭവപ്പെടുന്ന അവസ്ഥ. ഏറ്റവും പുതിയ ഫോൺ കൈയിൽ ഉണ്ടെങ്കിലും, മനസ്സിൽ പഴയൊരു റെസ്റ്റ്‌ലെസ്‌നസ്. കേരളം സന്തോഷ സൂചികയിൽ എവിടെയായിരിക്കും എന്ന് തീരുമാനിക്കുന്നത് സർക്കാർ റിപ്പോർട്ടുകൾ അല്ല. അത് തീരുമാനിക്കുന്നത് നമ്മുടെ ചെറിയ ചെറിയ തീരുമാനങ്ങളാണ്-ഒരു കംപാരിസൺ കുറയ്ക്കുമ്പോൾ, ഒരു ഗ്രാറ്റിറ്റിയൂഡ് കൂട്ടുമ്പോൾ, ഒരു ഇഎംഐ ഒഴിവാക്കുമ്പോൾ, ഒരു നിമിഷം ഫോൺ മാറ്റിവെച്ചിട്ട് വച്ചിട്ട് ചായ ആസ്വദിക്കുമ്പോൾ. നമ്മൾ സന്തോഷത്തെ തേടിക്കൊണ്ടിരിക്കുമ്പോൾ, സന്തോഷം നമ്മളെ നോക്കി നിൽക്കുന്നുണ്ട്, 'നീ ഒന്ന് നിൽക്കൂ... ഞാൻ ഇവിടെ തന്നെയുണ്ട്'' എന്ന് പറഞ്ഞ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആരാണ് സന്തോഷം മാത്രം ആഗ്രഹിക്കാത്തത് ! — Mathrubhumi | Bool… | Boolokam