വിജയ്യുടെ താരപദവിയിൽ പ്രതീക്ഷയർപ്പിച്ച് ടി.വി.കെ. To advertise here, ചെന്നൈ : പ്രിയതാരത്തെ കാണാൻ തടിച്ചുകൂടുന്ന ആരാധകരിലാണ് തമിഴക വെട്രി കഴക (ടി.വി.കെ)ത്തിന്റെ പ്രതീക്ഷ. സംഘടനാ ചട്ടക്കൂട്ടിലൊതുങ്ങാത്ത ഈ ആൾക്കൂട്ടമാണ് ടി.വി.കെ.യുടെ പരിമിതിയും. സൂപ്പർ താരം വിജയ് വരുന്നിടത്തെല്ലാം ഇരച്ചെത്തുന്ന ആരാധന എത്രത്തോളം വോട്ടായി മാറുമെന്ന് ടി.വി.കെ. നേതൃത്വത്തിനുപോലും ഒരു ഊഹവുമില്ല. ചെന്നൈ നഗരത്തെ മണിക്കൂറുകളോളം നിശ്ചലമാക്കിയാണ് ബുധനാഴ്ച ടി.വി.കെ. അധ്യക്ഷൻ വിജയ് റോഡ് ഷോ നടത്തിയത്. ടി. നഗർ മുതൽ വള്ളുവർ കോട്ടം വരെ തുറന്നവാഹനത്തിൽ വിജയ് സഞ്ചരിച്ചപ്പോൾ പാർട്ടി ചിഹ്നമായ വിസിൽ മുഴക്കിയും ‘ദളപതി, ദളപതി’ എന്ന് ആർത്തുവിളിച്ചും ആരാധകർ റോഡിനിരുവശവും നിരന്നു. നഗരത്തിലെ മൂന്നുമണ്ഡലങ്ങളിലെ ടി.വി.കെ. സ്ഥാനാർഥികൾ ഊഴമിട്ട് വിജയ്‌ക്കൊപ്പം വാഹനത്തിലേറി. വ്യാഴാഴ്ചതന്നെ വിജയ്‌ക്കും ടി.വി.കെ. നേതാക്കൾക്കുമെതിരേ പുതിയ കേസു വന്നു -നിയമംലംഘിച്ച് റോഡ് ഷോ നടത്തിയതിന്. നിശ്ചിതസ്ഥലത്ത് പ്രചാരണം നടത്താനായിരുന്നു അനുമതിയെന്നും അത് റോഡ് ഷോയാക്കി മാറ്റുകയായിരുന്നു എന്നുമാണ് പരാതി. ‘വിജയ് തരംഗം’ തമിഴ്‌നാട്ടിൽ അങ്ങോളമിങ്ങോളം ആഞ്ഞുവീശുകയാണെന്നാണ് ടി.വി.കെ. പ്രചാരണ വിഭാഗം ജനറൽ സെക്രട്ടറിയും വില്ലിവാക്കത്തെ സ്ഥാനാർഥിയുമായ ആധവ് അർജുന വ്യാഴാഴ്ച പറഞ്ഞത്. വിജയ് വരുന്ന സ്ഥലങ്ങളിലെല്ലാം നല്ല ജനക്കൂട്ടമുണ്ടെന്ന് ടി.വി.കെ. സാമൂഹിക മാധ്യമ വിഭാഗം സംസ്ഥാന കോഡിനേറ്റർ അശ്വിൻ ജയപ്രകാശും പറഞ്ഞു. സ്ത്രീകളും ചെറുപ്പക്കാരും പ്രതീക്ഷയോടെയാണ് ടി.വി.കെ.യെ കാണുന്നത്. വില്ലിവാക്കത്ത് താമസിക്കുന്ന അശ്വിൻ തൃശ്ശൂർ മുളങ്കുത്തുകാവ് സ്വദേശിയാണ്. ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കത്തിലൂടെയാണ് ടി.വി.കെ.യിലെത്തുന്നത്. ചെന്നൈ നഗരത്തിലെ പല മണ്ഡലങ്ങളിലും ഡി.എം.കെ.യും ടി.വി.കെ.യും തമ്മിലാണ് പ്രധാന മത്സരം. ടി.വി.കെ.യുടെ തിരിച്ചറിയൽ കാർഡുമിട്ട് പ്രചാരണത്തിനിറങ്ങുന്നവരിൽ ഏറെയും ഇതുവരെ രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടില്ലാത്ത യുവാക്കളാണ്. വിജയ് മത്സരിക്കുന്ന പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും ആരാധകർ താരത്തിനു തന്നെ വോട്ടുചെയ്യും. പക്ഷേ, ടി.വി.കെ.യുടെ മറ്റു സ്ഥാനാർഥികളുടെ സ്ഥിതി അതല്ല. രാഷ്ട്രീയ പരിചയമില്ലാത്തവരാണ് അവരിൽ ഭൂരിപക്ഷവും. വോട്ടുചോദിക്കാൻ ആവശ്യത്തിന് പ്രവർത്തകരെ ഇറക്കാൻപോലും പലർക്കും കഴിയുന്നില്ല. പ്രാദേശിക നേതൃത്വമല്ല, ചെന്നൈയിൽ നിന്നാണ് തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വീടുകയറിയുള്ള ലഘുലേഖാ വിതരണം നടക്കുന്നുണ്ടെങ്കിലും പ്രാസംഗികരില്ലാത്തതുകാരണം പലയിടത്തും തെരുവുയോഗങ്ങൾ സംഘടിപ്പിക്കാൻ ബുദ്ധിമുട്ടുന്നു. താഴേത്തട്ടിലെ പ്രവർത്തനങ്ങൾക്കേ ഈ പ്രശ്നങ്ങളുള്ളൂ. സാമൂഹികമാധ്യമങ്ങൾ വഴിയുള്ള പ്രചാരണം തകൃതിയായി നടക്കുന്നുണ്ട്. അത് വോട്ടായി മാറുമോ എന്നേ അറിയാനുള്ളൂ. തോൽവി ഭയന്നല്ല, വിജയ് രണ്ടിടത്തു മത്സരിക്കുന്നത് എന്നാണ് പ്രവർത്തകർ പറയുന്നത്. ചെന്നൈ നഗരത്തോടു ചേർന്ന പെരമ്പൂരിൽ മാത്രമല്ല, സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിലും സ്വാധീനമുറപ്പിക്കുകയാണ് ലക്ഷ്യം. പെരമ്പൂരിൽ വിജയ്‌യും ഡി.എം.കെ.യുടെ ആർ.ഡി. ശേഖറും തമ്മിലാണ് മത്സരം. എൻ.ഡി.എ. സ്ഥാനാർഥി പി.എം.കെ.യുടെ എം. തിലകഭാമ പ്രചാരണരംഗത്ത് പിന്നിലാണ്. എന്നാൽ, തിരുച്ചിറപ്പള്ളി ഈസ്റ്റിൽ ശക്തമായ ത്രികോണ മത്സരമാണ്. ഡി.എം.കെ.യുടെ ഇനിഗോ എസ്. ഇരുദയരാജും അണ്ണാ ഡി.എം.കെ.യുടെ ജി. രാജശേഖരനും ഒപ്പത്തിനൊപ്പമുണ്ട്. ആദ്യ തിരഞ്ഞെടുപ്പിൽ 25 ശതമാനം വോട്ടാണ് ടി.വി.കെ. പ്രതീക്ഷിക്കുന്നത്. പക്ഷേ, എട്ടു മുതൽ 13 ശതമാനം വരെ വോട്ടുമാത്രമേ കിട്ടാനിടയുള്ളൂ എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടൽ.
