ആരോഗ്യകരമായ ശരീരം കാക്കാൻ തിരഞ്ഞെടുക്കേണ്ട ഭക്ഷണങ്ങളേക്കുറിച്ച് പലർക്കും ധാരണയുണ്ടാകും. വറുത്തതും പൊരിച്ചതുമൊക്കെ ഒഴിവാക്കി പഴങ്ങളും പച്ചക്കറികളുമൊക്കെ ഉൾക്കൊള്ളിക്കുകയും ചെയ്യും. എന്നാൽ ഈ കരുതൽ ഭക്ഷണം കഴിക്കുന്ന സമയത്തിന്റെ കാര്യത്തിലുണ്ടാകില്ല. എന്തുകഴിക്കുന്നു എന്നതുമാത്രമല്ല ഏതുസമയത്ത് കഴിക്കുന്നു എന്നതുകൂടി പ്രധാനമാണെന്ന് പറയുകയാണ് കാലിഫോർണിയയിൽ നിന്നുള്ള ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ആയ ഡോ. സൗരഭ് സേഥി. To advertise here, സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ച് വിശദമാക്കിയിരിക്കുന്നത്. ഭക്ഷണം വൈകിക്കുന്നതിനുപകരം നേരത്തേയാക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുമെന്ന് പറയുകയാണ് ഡോ.സൗരഭ് സേഥി. ഭക്ഷണം വൈകിക്കഴിക്കുമ്പോൾ ഇൻസുലിൻ സെൻസിറ്റിവിറ്റി മുപ്പതുമുതൽ നാൽപത് ശതമാനമായി കുറയുമെന്നും കൊഴുപ്പിനെ എരിക്കുന്നത് കുറയുമെന്നും അദ്ദേഹം പറയുന്നു. കൂടാതെ ഉറക്കത്തിന്റെ ഹോർമോണായ മെലാടോണിനെ ബാധിക്കുകയും ദഹനപ്രക്രിയ പ്രശ്നമാവുകയും ചെയ്യും. ശരീരം വിശ്രമിക്കേണ്ട സമയത്ത് ദഹനപ്രക്രിയ നടക്കുന്ന അവസ്ഥയാകും. അതുകൊണ്ടാണ് എട്ടുമണിക്കൂർ ഉറങ്ങിയിട്ടുപോലും അടുത്തദിവസം എഴുന്നേൽക്കുമ്പോൾ വയറു വീർത്തതുപോലെയും ക്ഷീണവും തോന്നുന്നതെന്ന് ഡോ.സൗരഭ് പറയുന്നു. വൈകുന്നേരം എഴുമണിക്ക് മുമ്പ് അത്താഴം കഴിക്കുന്നവരിൽ രാത്രികാലത്തെ ഗ്ലൂക്കോസ് നില പതിനഞ്ച് ശതമാനമായി കുറയുകയും ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുകയും ഉറക്കം സുഖകരമാവുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. ഏഴുമണിക്ക് ഭക്ഷണം കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ നില കുറയ്ക്കാമെന്നും എന്നാൽ ഒമ്പതരയ്ക്ക് കഴിക്കുന്നവരാണെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ നില വർധിക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറയുന്നു. ഡയബറ്റിസ്, പ്രീ ഡയബറ്റിസ്, ഫാറ്റി ലിവർ തുടങ്ങിയവ ഉള്ളവരിൽ അത്താഴത്തിനുശേഷം ഷുഗറിന്റെ നില മുപ്പതുമുതൽ അമ്പതുശതമാനമായി കൂടും. എന്നാൽ നേരത്തേ അത്താഴം കഴിക്കുന്നതിലൂടെ ഷുഗർ നിയന്ത്രിക്കാനാവും, ഇത് പ്രീ ഡയബറ്റിസ്, ഡയബറ്റിസ്, ഫാറ്റി ലിവർ തുടങ്ങിയവ ഉള്ളവരിൽ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ആരോഗ്യകരമായ ശരീരം കാക്കാൻ ചില ടിപ്സ് പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക. കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞു കഴിക്കുക. പച്ചക്കറികളും പഴങ്ങളും ധാരാളം ഉൾപ്പെടുത്തുക. ഭക്ഷണം കൃത്യസമയത്ത് കഴിക്കുക. രാവിലെ ഒമ്പത് മണിക്ക് മുൻപ് ബ്രേക്ക്ഫാസ്റ്റും ഒന്നരയ്ക്ക് മുൻപ് ഉച്ചഭക്ഷണവും രാത്രി എട്ടരയ്ക്ക് മുൻപ് ഡിന്നറും കഴിക്കാൻ ശ്രമിക്കുക. ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം അവസാനിപ്പിക്കുക. വ്യയാമം, ഉറക്കം, വെള്ളംകുടി എന്നിവ കൂടി ശരിയായ നിലയിൽ കൊണ്ടുപോകണം. എങ്കിലേ വണ്ണം കുറയ്ക്കൽ വിജയകരമാകൂ. ഒരു ദിവസം 8-12 ഗ്ലാസ് വെള്ളം കുടിക്കണം. വറുത്ത പലഹാരങ്ങൾക്ക് പകരം പഴമോ നട്സുകളോ സ്നാക്ക് ആയി കഴിക്കുന്നത് ശീലമാക്കുക. പഞ്ചസാരയുടെ അളവ് കുറയ്ക്കാം. ഭക്ഷണം സാവധാനം നന്നായി ചവച്ചരച്ച് കഴിക്കണം. അത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ടി.വി.യോ മൊബൈലോ ഒക്കെ കണ്ട് ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കണം. Content Highlights: Eating dinner before 7 PM significantly improves insulin sensitivity and glucose levels., Late-night eating disrupts melatonin production and slows down fat burning. Published: 02 Apr 2026, 07:54 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ആരോഗ്യകരമായ ഭക്ഷണം കഴിച്ചതുകൊണ്ടായില്ല, ഏതുസമയത്ത് കഴിക്കുന്നു എന്നതാണ് കൂടുതൽ പ്രധാനം
M
MathrubhumiSource Link
about 1 month ago