പത്തനംതിട്ട : ആർത്തിരമ്പിയ ആൾക്കൂട്ടത്തിന് നടുവിൽ ആകാശത്തേക്ക് കൈകൾവീശി പോരാളികൾ. നാടിളക്കിയുള്ള പ്രചാരണത്തിന്റെ അവസാനമണിക്കൂർ ആറന്മുള മണ്ഡലത്തിനും പമ്പയിലെ പള്ളിയോടപ്പോരിന്റെ വീറും വാശിയും. തലപ്പൊക്കം കാട്ടാനും ആവേശത്തിൽ ആർപ്പുവിളിക്കാനും മത്സരിച്ച് മുന്നണികൾ. പത്തനംതിട്ട സെൻട്രൽ ജങ്ഷന് ചൊവ്വാഴ്ച തിരഞ്ഞെടുപ്പുത്സവത്തിന്റെ പകിട്ട്. അവസാനറൗണ്ട് സ്ഥാനാർഥി പര്യടനം പൂർത്തിയാക്കി ഇരുചക്രവാഹനങ്ങളുടെയും ജനക്കൂട്ടത്തിന്റെയും അകമ്പടിയോടെയാണ് സ്ഥാനാർഥികൾ സെൻട്രൽ ജങ്ഷനിലേക്ക് എത്തിയത്. പാട്ടും ആരവവും ആവേശച്ചൂട് കൂട്ടി. ക്രെയിനിലായിരുന്നു യു.ഡി.എഫ്. സ്ഥാനാർഥി അബിൻ വർക്കി. എൽ.ഡി.എഫ്. സ്ഥാനാർഥി വീണാ ജോർജും എൻ.ഡി.എ. സ്ഥാനാർഥി കുമ്മനം രാജശേഖരനും ടോറസ് ലോറിക്ക് മുകളിൽ നിലയുറപ്പിച്ചു. എസ്.യു.സി.ഐ. സ്ഥാനാർഥി എസ്. രാധാമണിയും പ്രവർത്തകരും കലാശക്കൊട്ടിന് ഒത്തനടുക്കുണ്ടായിരുന്നു. To advertise here, പോറ്റിയെ കേറ്റിയെ പാട്ടിൽ യു.ഡി.എഫ്. പ്രവർത്തകർ ചുവടുവെച്ചപ്പോൾ വയനാട് ഫണ്ടുമായി ബന്ധപ്പെട്ട പാരഡി പാട്ടായിരുന്നു എൽ.ഡി.എഫിന്റെ ആയുധം. നാസിക് ഡോളും വർണക്കടലാസും ബലൂണും കട്ടൗട്ടുകളും നിരത്ത് കൈയേറി. ഉച്ചയ്ക്ക് 2.30 ഓടെ കോൺഗ്രസ് പ്രവർത്തകരും വാഹനങ്ങളും സെൻട്രൽ ജങ്ഷനിൽ നിറഞ്ഞു. പിന്നാലെ എൽ.ഡി.എഫും എൻ.ഡി.എ.യും എത്തി. പരസ്പരം പഴിചാരിയുള്ള ഫ്ലെക്സുകളും മുന്നണികൾ ആയുധമാക്കി. സംഘർഷം ഒഴിവാക്കാൻ പോലീസ് കൃത്യമായി ബാരിക്കേഡ് കെട്ടിതിരിച്ചിരുന്നു. പ്രവർത്തകർക്കൊപ്പം സന്തോഷം പങ്കിട്ടും സെൽഫിയെടുത്തും ആറുമണിയോടെ സ്ഥാനാർഥികളുടെ മടക്കം. അവസാനദിനം പര്യടനം, പ്രതിഷേധം ആരോഗ്യദിനത്തിൽ ആരോഗ്യമുള്ള ആറന്മുളയ്ക്കായി അബിൻ വർക്കി പ്രഭാത നടത്തം സംഘടിപ്പിച്ചു. 2018-ലെ പ്രളയം മനുഷ്യനിർമിതമാണന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞതായുള്ള വെളിപ്പെടുത്തൽ പുറത്തുവന്നതിന് പിന്നാലെ, പ്രതിഷേധമുയർത്തി അബിൻ ഉച്ചയ്ക്ക് പത്തനംതിട്ട ഗാന്ധി സ്ക്വയറിന് മുന്നിൽ സത്യാഗ്രഹം ഇരുന്നു. ആന്റോ ആന്റണി എം.പി., എ.ഐ.സി.സി. സെക്രട്ടറി സരിത, കെ.പി.സി.സി. ജനറൽ സെക്രട്ടറി പി.മോഹൻരാജ്, നേതാക്കളായ അനീഷ് വരിക്കണ്ണാമല, ജോർജ് മാമൻ കൊണ്ടൂർ, അഡ്വ. എ. സുരേഷ് കുമാർ, ജോൺസൺ വിളവിനാൽ, കെ. ജാസിംകുട്ടി, അജിത് മണ്ണിൽ, അഡ്വ. അനിൽ തോമസ്, നഹാസ് പത്തനംതിട്ട, സിന്ധു അനിൽ തുടങ്ങിയവർ പങ്കെടുത്തു. വീണാ ജോർജിന്റെ റോഡ് ഷോ ഓമല്ലൂർ അമ്പലം ജങ്ഷനിൽ നിന്നാണ് രാവിലെ തുടങ്ങിയത്. ഇലവുംതിട്ട, കുളനട, ആറന്മുള, ഇരവിപേരൂർ, പുല്ലാട്, കോഴഞ്ചേരി, ഇലന്തൂർ, വാര്യാപുരം വഴി ഉച്ചയോടെ പത്തനംതിട്ട നഗരത്തിലേക്ക് പ്രവേശിച്ചു. തോമസ് ഐസക്, എം.വി. സഞ്ജു, അഡ്വ. സക്കീർ ഹുസൈൻ, ടി.വി സ്റ്റാലിൻ, കെ.സി. രാജഗോപാലൻ, അഡ്വ. ശരത് ചന്ദ്ര കുമാർ, എൻ. സജി കുമാർ, മനോജ് മാധവശ്ശേരി, പി.ബി. സതീഷ്കുമാർ തുടങ്ങിയവർ നേതൃത്വംനൽകി. നാരങ്ങാനത്തും പുന്നംതോട്ടത്തും പര്യടനം നടത്തിയശേഷമാണ് കുമ്മനം രാജശേഖരൻ കൊട്ടിക്കലാശത്തിനെത്തിയത്. പന്തളം കൊട്ടാരം നിർവാഹകസമിതി മുൻ സെക്രട്ടറിയും ഇപ്പോഴത്തെ രാജപ്രതിനിധിയുമായ പി.എൻ. നാരായണവർമ കുമ്മനത്തിന് വിജയാശംസകൾ നേർന്നു. ഇലക്ഷൻ കമ്മിറ്റി കൺവീനർ ബിജു മാത്യു പര്യടനം ഉദ്‌ഘാടനം ചെയ്തു. രവീന്ദ്രൻനായർ അധ്യക്ഷത വഹിച്ചു. വി.എൻ. ഉണ്ണി, വിക്ടർ ടി.തോമസ്, ബിന്ദു പ്രസാദ്, ബിന്ദു പ്രകാശ്, ശരത് പുന്നംതോട്ടത്തിൽ, പുഷ്‌പ രാജൻ തുടങ്ങിയവർ പങ്കെടുത്തു.
