ആറ്റിങ്ങൽ : കനത്ത വേനൽച്ചൂട് വകവെയ്ക്കാതെ സ്ഥാനാർഥികൾ വോട്ട് തേടുകയാണ്. പര്യടനത്തിനൊപ്പം ഭവനസന്ദർശനങ്ങളും സ്വകാര്യസന്ദർശനങ്ങളും നടത്തി പരമാവധിയാളുകളെ സ്വന്തം പാളയത്തിലേക്ക് ചേർത്തുനിർത്തുകയാണ് ലക്ഷ്യം. To advertise here, തിരഞ്ഞെടുപ്പിന് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങളേ ബാക്കിയുള്ളൂ. ഒരിടവും വിട്ടുപോകാതെ എല്ലായിടത്തുമെത്തി എല്ലാവരെയും കാണാനാണ് സ്ഥാനാർഥികൾ ശ്രമിക്കുന്നത്. ശക്തമായ ത്രികോണമത്സരത്തിന്റെ വേദിയായി ആറ്റിങ്ങൽ മാറിക്കഴിഞ്ഞു. മൂന്നു മുന്നണികളും ഒന്നിനൊന്ന് മികച്ച പ്രചാരണമാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ ആരാധനാലയങ്ങളും ആളുകൂടുന്ന ഇടങ്ങളുമെല്ലാം പ്രചാരണത്തിന്റെ വേദികളാകുന്നുണ്ട്. എൽ.ഡി.എഫ്. സ്ഥാനാർഥി ഒ.എസ്. അംബിക ഞായറാഴ്ച കിളിമാനൂർ പഞ്ചായത്തിലാണ് പര്യടനം നടത്തിയത്. രാവിലെ എട്ടിന് തെന്നൂരിൽനിന്ന് ആരംഭിച്ച പര്യടനം രാത്രി എട്ടുമണിയോടെ ചൂട്ടയിൽ ജങ്ഷനിൽ സമാപിച്ചു. 19 കേന്ദ്രങ്ങളിലാണ് സ്വീകരണം നിശ്ചയിച്ചിരുന്നതെങ്കിലും സ്ഥാനാർഥി കടന്നുപോയ വിവിധ സ്ഥലങ്ങളിൽ ആളുകൾ സ്വീകരിക്കാനെത്തിയിരുന്നു. സ്വകാര്യസന്ദർശനങ്ങളും നടത്തി. യു.ഡി.എഫ്. സ്ഥാനാർഥി സന്തോഷ് ഭദ്രൻ ഒറ്റൂർ പഞ്ചായത്തിലാണ് പര്യടനം നടത്തിയത്. ഓശാന ഞായറായതിനാൽ രാവിലെ വിവിധ ക്രിസ്ത്യൻ ദേവാലയങ്ങൾ സന്ദർശിക്കുകയും വിശ്വാസികളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. വൈകീട്ട് മൂന്നിന് വടശ്ശേരിക്കോണം ജങ്ഷനിൽനിന്ന് ആരംഭിച്ച പര്യടനം രാത്രി എട്ടുമണിയോടെ മാവിൻമൂട് ജങ്ഷനിൽ സമാപിച്ചു. 16 കേന്ദ്രങ്ങളിൽ സ്വീകരണം നടന്നു. മൂഴിയിൽ, വെട്ടിമൺകോണം ഉന്നതികളിൽ സന്ദർശനവും നടത്തി. എൻ.ഡി.എ. സ്ഥാനാർഥി പി. സുധീർ ആറ്റിങ്ങൽ നഗരസഭാപ്രദേശത്ത് പദയാത്ര നടത്തി. പ്രദേശത്തെ പ്രധാനകേന്ദ്രങ്ങളിലെല്ലാം എത്തി. വീടുകൾ സന്ദർശിച്ച് വോട്ടു തേടി. വൈകീട്ട് കിളിമാനൂരിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിലും പങ്കെടുത്തു.
