ആവശ്യം ശക്തം

ആവശ്യം ശക്തം

M
MathrubhumiSource Link
അഴീക്കൽ പാലം യാഥാർഥ്യമാക്കണം To advertise here, മണിയൂർ : മണിയൂരിനെയും പയ്യോളിയെയും ബന്ധിപ്പിച്ച് പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു. മണിയൂർ പഞ്ചായത്തിലെ അഴീക്കൽ കടവിനെയും പയ്യോളി നഗരസഭയിലെ ഇരിങ്ങലിനെയും ബന്ധിപ്പിച്ച് അഴീക്കൽപാലം നിർമിക്കണമെന്നാണ് നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യം. നിലവിൽ മണിയൂരിൽനിന്ന്‌ ഇരിങ്ങൽ ഭാഗത്തേക്ക് പോകണമെങ്കിൽ എട്ട് കിലോമീറ്ററിലധികം സഞ്ചരിക്കണം. സ്വന്തമായി വാഹനമില്ലാത്തവരാണെങ്കിൽ ഇതിൽ കൂടുതൽ കിലോമീറ്റർ സഞ്ചരിക്കുന്നതിന് പുറമേ രണ്ട് ബസുകളിൽ കയറുകയും വേണം. എന്നാൽ ഇവിടെ പാലംപണിതാൽ കുട്ടോത്ത്-അട്ടക്കുണ്ടുകടവ് റോഡിലെ മണിയൂർ ഹൈസ്കൂളിന് സമീപത്തുനിന്ന്‌ ഇരിങ്ങലിലേക്ക് 1,800 മീറ്റർ ദൂരം മാത്രമാണുള്ളത്. ദേശീയപാതയുമായി മണിയൂരിനെ എളുപ്പത്തിൽ ബന്ധിപ്പിക്കാൻ പാലം സഹായിക്കും. ഇരു കരകളിലുള്ളവർക്കും എളുപ്പത്തിൽ മറുപുറംകടക്കാനും സാധിക്കും. മാത്രമല്ല മണിയൂരിലെ യാത്രാപ്രശ്നത്തിനും ഒരുപരിധിവരെ പരിഹാരമാകും. നേരത്തേ ഇവിടെ തോണിക്കടവ്‌ ഉണ്ടായിരുന്നു. മണിയൂർ ഹയർസെക്കൻഡറി സ്കൂളിലേക്കും, മറ്റ് ജോലിയാവശ്യത്തിന് പോയിരുന്നവരും ആരാധനാലയങ്ങളിൽ പോകുന്നവരുമെല്ലാം നേരത്തേ കടത്തുതോണികളെ ആശ്രയിച്ചിരുന്നു. എന്നാൽ കടത്ത് നടത്തണമെങ്കിൽ പല നിബന്ധനകളും ആവശ്യമായി വന്നതോടെ തോണി വെക്കാൻ ആളില്ലാതായി. ഇതോടെ രണ്ടുപ്രദേശങ്ങളും തമ്മിലെ ബന്ധവും നഷ്ടപ്പെടുന്ന സ്ഥിതിയായി. ഇപ്പോൾ സ്വന്തമായി തോണിയുള്ളവർ മാത്രമാണ് ഇതുവഴി മറുപുറം കടക്കുന്നത്. 2009-ഇൽ ഇവിടെ പാലം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ബജറ്റിൽ ഒരു കോടി അനുവദിച്ചിരുന്നു. ഇതിൽനിന്ന്‌ 2.60 ലക്ഷം ഉപയോഗിച്ച് മണ്ണുപരിശോധനയുൾപ്പെടെ നടത്തുകയും ചെയ്തു. പിന്നീട് തുടർ പ്രവൃത്തികൾ മുടങ്ങി. 2021-ൽ സ്ഥലം ഏറ്റെടുപ്പും പാലം നിർമാണവും ഉൾപ്പെടുത്തി എസ്റ്റിമേറ്റ് പുതുക്കി. 34 കോടി 89 ലക്ഷം രൂപയായിരുന്നു എസ്റ്റിമേറ്റ് തുക. ഇത് ഭരണാനുമതിക്കായി നൽകിയെങ്കിലും ഇതുവരെ അനുമതിലഭിച്ചിട്ടില്ല. പാലം യാഥാർഥ്യമാക്കാൻ പ്രദേശത്ത് ആക്‌ഷൻ കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്. പാലം നിർമിച്ച് യാത്രാപ്രശ്നത്തിന് പരിഹാരം കാണുന്നതോടൊപ്പം രണ്ടുനാടുകൾ തമ്മിലെ ബന്ധം തിരികെ കൊണ്ടുവരണമെന്നും ആക്‌ഷൻ കമ്മിറ്റിയിലെ അംഗങ്ങളും നാട്ടുകാരും ആവശ്യപ്പെട്ടു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആവശ്യം ശക്തം — Mathrubhumi | Boolokam | Boolokam