ചെന്നൈ : ആവേശം വിതറുന്ന കൊട്ടിക്കലാശത്തിനുശേഷം തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണം ചൊവ്വാഴ്ച വൈകീട്ട് ആറു മണിക്ക് സമാപിക്കും. ഒരു ദിവസത്തെ നിശ്ശബ്ദ പ്രചാരണത്തിനുശേഷം വ്യാഴാഴ്ച രാവിലെ ഏഴുമണി മുതൽ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്. To advertise here, തിങ്കളാഴ്ച ചെന്നൈയിൽ ഡി.എം.കെ. സഖ്യത്തിനുവേണ്ടി ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളും മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേർന്ന് റോഡ് ഷോ നടത്തി. ടി.വി.കെ.യ്ക്കുവേണ്ടി പാർട്ടിയധ്യക്ഷൻ വിജയ് നയിച്ച പടുകൂറ്റൻ റോഡ് ഷോയിൽ ആയിരങ്ങൾ പങ്കെടുത്തു. എൻ.ഡി.എ.യ്ക്കുവേണ്ടി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രചാരണത്തിനെത്തി. രാജ്യത്ത് ഏറ്റവും മികച്ചരീതിയിൽ ജനക്ഷേമ പദ്ധതികൾ നടപ്പാക്കുന്ന സംസ്ഥാനമാണ് തമിഴ്‌നാടെന്ന്് റോയപുരത്ത് മുഖ്യമന്ത്രി സ്റ്റാലിനൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീശാക്തീകരണം തുടങ്ങിയ വിഷയങ്ങളിൽ സമാനവീക്ഷണം പുലർത്തുന്നവരാണ് സ്റ്റാലിനും താനുമെന്ന് അദ്ദേഹം വ്യക്തമാക്കി. ദ്രാവിഡ മാതൃകാ ഭരണത്തിന്റെ രണ്ടാം പതിപ്പ് യാഥാർഥ്യമാക്കാൻ കഠിനപ്രയത്നം നടത്താൻ മുഖ്യമന്ത്രി സ്റ്റാലിൻ ഡി.എം.കെ. പ്രവർത്തകരോട് ആഹ്വാനം ചെയ്തു. തിരുവള്ളൂരിലെ പൊന്നേരിയിൽനിന്ന് വിജയ് നയിച്ച പടുകൂറ്റൻ റോഡ് ഷോ ഈ തിരഞ്ഞെടുപ്പിൽ അവഗണിക്കാനാവാത്ത ശക്തിയായി ടി.വി.കെ. മാറിയെന്നതിന്റെ സൂചനയായി. വില്ലിവാക്കത്ത് പാർട്ടി സ്ഥാനാർഥി ആധവ് അർജുനയുടെ പ്രചാരണ യോഗത്തിലും വിജയ് പങ്കെടുത്തു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പ്രയോജനപ്പെടുമായിരുന്ന മണ്ഡല പുനർനിർണയത്തെയാണ് ഡി.എം.കെ.യും സഖ്യകക്ഷികളും പാർലമെന്റിൽ പരാജയപ്പെടുത്തിയതെന്ന് എൻ.ഡി.എ. യോഗത്തിൽ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രനും വിവിധ സ്ഥലങ്ങളിൽ എൻ.ഡി.എ. പ്രചാരണത്തിന് നേതൃത്വം നൽകി. സംസ്ഥാനത്തെ 234 സീറ്റുകളിലേക്ക് 4,023 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. എൻ.ഡി.എ.യ്ക്കു നേതൃത്വം നൽകുന്ന അണ്ണാ ഡി.എം.കെ. 169 സീറ്റിലാണ് മത്സരിക്കുന്നത്. സഖ്യകക്ഷികളായ ബി.ജെ.പി 27 സീറ്റിലും പി.എം.കെ 18 സീറ്റിലും എ.എം.എം.കെ. 11 സീറ്റിലും തമിഴ് മാനില കോൺഗ്രസ് അഞ്ചു സീറ്റിലും ജനവിധി തേടുന്നു. ഡി.എം.കെ. മുന്നണിയിൽ കോൺഗ്രസ് 28 സീറ്റിലും ഡി.എം.ഡി.കെ. 10 സീറ്റിലും വി.സി.കെ. എട്ടു സീറ്റിലും സി.പി.എം, സിപി.ഐ. കക്ഷികൾ അഞ്ചു വീതം സീറ്റിലും എം.ഡി.എം.കെ. നാലു സീറ്റിലും മത്സരിക്കും. ഉദയസൂര്യൻ ചിഹ്നത്തിൽ മത്സരിക്കുന്ന ഘടക കക്ഷികളുടേതടക്കം ഡി.എം.കെ.ക്ക് മൊത്തം 175 സ്ഥാനാർഥികളാണുള്ളത്. Published: 21 Apr 2026, 01:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
