മുംബൈ: വിനിമയ വിപണിയിൽ ഊഹക്കച്ചവടം ഒഴിവാക്കാനുള്ള റിസർവ് ബാങ്ക് നടപടികൾ ഫലംകാണുന്നു. വ്യാഴാഴ്ച ഡോളറുമായുള്ള വിനിമയത്തിൽ മൂല്യം കുതിച്ചുകയറി ഇന്ത്യൻരൂപ. ഡോളറൊന്നിന് 156 പൈസയുടെ നേട്ടവുമായി 93.14 രൂപയിലാണ് രൂപ വ്യാപാരം നിർത്തിയത്. 2013 സെപ്റ്റംബറിനുശേഷം രൂപയുടെ മൂല്യത്തിൽ ഒറ്റദിവസമുണ്ടാകുന്ന ഏറ്റവുംവലിയ വർധനയാണിത്. ഒറ്റദിവസം മൂല്യത്തിൽ ഇത്രയും വർധനയുണ്ടാകുന്നത് അപൂർവമായാണ്. To advertise here, രാവിലെ ഡോളറൊന്നിന് 94.62 രൂപയെന്ന നിലയിലാണ് വിനിമയവിപണി തുറന്നത്. തുടർന്ന് വ്യാപാരത്തിനിടെ 188 പൈസയുടെ നേട്ടവുമായി 92.82 രൂപവരെ മൂല്യം കുതിച്ചുയർന്നു. എന്നാൽ, അവസാന സമയത്ത് ചെറിയതോതിൽ തിരിച്ചിറങ്ങി. ഒടുവിൽ 156 പൈസയുടെ നേട്ടവുമായി 93.14 രൂപയിൽ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഡോളറൊന്നിന് 94.70 രൂപയെന്ന നിരക്കിലായിരുന്നു കഴിഞ്ഞദിവസം രൂപ വ്യാപാരം നിർത്തിയത്. അതേസമയം, ഡോളർ കൂടുതൽ കരുത്താർജിക്കുന്നതും ഓഹരിവിപണിയിൽനിന്നും കടപ്പത്രവിപണിയിൽനിന്നും വിദേശ നിക്ഷേപകർ പിൻവലിയുന്നതും രൂപയ്ക്കുമേൽ കടുത്ത സമ്മർദമുണ്ടാക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലവർധനയാണ് രൂപയെ ദുർബലമാക്കുന്ന മറ്റൊരു ഘടകം. ആർ.ബി.ഐ.യുടേത് അസാധാരണ നടപടികൾ വിനിമയവിപണി സുസ്ഥിരമാക്കാൻ അസാധാരണ നിയന്ത്രണങ്ങളാണ് റിസർവ് ബാങ്ക് നടപ്പാക്കുന്നത്. തൊട്ടു മുൻവ്യാപാരദിനത്തിൽ ഡോളറൊന്നിന് ചരിത്രത്തിലാദ്യമായി 95.21 രൂപ വരെയെത്തിയിരുന്നു. ഇതേത്തുടർന്നാണ് കർശന നടപടികളുമായി റിസർവ് ബാങ്ക് രംഗത്തുവന്നത്. ബാങ്കുകളുടെ ദൈനംദിന ഡോളർ നീക്കിയിരിപ്പുപരിധി (നെറ്റ് ഓവർനൈറ്റ് ഓപ്പൺ പൊസിഷൻ ലിമിറ്റ്) 10 കോടി ഡോളറിനു താഴെയാക്കാൻ റിസർവ് ബാങ്ക് ബാങ്കുകളോട് നിർദേശിക്കുകയായിരുന്നു. വിദേശ കറൻസികളുമായുള്ള വിനിമയത്തിനായി ബാങ്കുകൾ ദിവസവും ഡോളർ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നുണ്ട്. ഒരു വ്യാപാരദിനത്തിൽ ബാങ്കുകളുടെ കൈവശം വിൽക്കാതെ ബാക്കിയാകുന്ന ഡോളറിന്റെ പരിധിയാണിത്. ഇതുവരെ ബാങ്കുകളുടെ മൂലധനത്തിന്‍റെ 25 ശതമാനംവരെ ഇങ്ങനെ സൂക്ഷിക്കാൻ കഴിയുമായിരുന്നു. പിന്നാലെ ഫോർവാഡ് പൊസിഷനിലുള്ള ഡോളർ നീക്കിയിരിപ്പ് ആഭ്യന്തര-വിദേശ ക്ലയന്റുകൾക്ക് നൽകുന്നതിനും നിയന്ത്രണം കൊണ്ടുവന്നു. ഊഹക്കച്ചവടക്കാരെയും വിനിമയ വിപണിയിൽ അസ്വാഭാവികമായി ഇടപെടുന്നവരെയും നിയന്ത്രിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഈ നടപടികൾ. ഇതാണ് വ്യാഴാഴ്ച രൂപയ്ക്ക് നേട്ടമുണ്ടാക്കിക്കൊടുത്തത്. അതേസമയം, നടപടി ബാങ്കുകളുടെ ട്രഷറിവരുമാനത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. ആർ.ബി.ഐ. നടപടിക്കുപിന്നാലെ വ്യാഴാഴ്ച ബാങ്ക് ഓഹരികളിൽ കനത്ത ഇടിവുപ്രകടമായി. Content Highlights: Indian Rupee sees historic single-day gain of 156 paise in 2026., RBI implements strict Net Overnight Open Position limits to curb speculation., Strategic controls aim to stabilize the volatile forex market., Banking sector treasury revenues face potential pressure due to new regulations. Published: 03 Apr 2026, 05:00 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ആർ.ബി.ഐ.യുടെ അസാധാരണ നടപടികൾ; ഡോളറിനെതിരേ കുതിപ്പുമായി ഇന്ത്യൻ രൂപ
M
MathrubhumiSource Link
about 1 month ago